പ്രണയത്തിന്റെപേരിൽ കള്ളക്കേസിൽ കുടുക്കി; മകന്റെ മരണത്തിനുകാരണം പൊലീസെന്ന് പിതാവ്

മുഹമ്മദ് അസ്‌ലം
കൊടുങ്ങല്ലൂർ: മകന്റെ മരണത്തിന് കാരണം പൊലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചതിനാലാണെന്ന് പിതാവിന്റെ പരാതി. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി മുഹമ്മദ് അസ്‌ലമിന്റെ പിതാവ് നൗഷാദാണ് ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്.
കഴിഞ്ഞ സെപ്‌തംബർ 27ന് മുഹമ്മദ് അസ്‌ലമിനെ ഒരു കേസിൽ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്ന് പറഞ്ഞ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ബൈജു ഫോൺ വിളിച്ചു. എന്നാൽ ജോലിയിലായതിനാൽ തനിക്ക് പോകാനായില്ല. മൂത്ത മകനെ കാര്യം അറിയാൻ സ്‌റ്റേഷനിലേക്ക് വിട്ടു. അവനെയും അവിടെ പിടിച്ചുവച്ചു. ഒരു പെൺകുട്ടിയുമായി പ്രണയത്തിലായതിന് മുഹമ്മദ് അസ്‌ലമിനെ അവളുടെ വീട്ടുകാർ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് നൗഷാദ് പറയുന്നു.
മക്കളെ സ്‌റ്റേഷനിലിട്ട് പൊലീസ് ക്രൂരമായി മർദിച്ചു. 27ന് പിടികൂടിയ ഇവരെ കോടതിയിൽ ഹാജരാക്കിയത് മൂന്ന് ദിവസം കഴിഞ്ഞാണ്. കോടതിയിൽ ഹാജരാക്കിയതിന്റെ തലേ ദിവസം ഉച്ചയ്‌ക്കാണ് അറസ്റ്റുചെയ്‌തതെന്ന കള്ളരേഖ തന്നെക്കൊണ്ട് ഒപ്പിടിച്ചുവെന്നും നൗഷാദ് വെളിപ്പെടുത്തി.
കള്ളക്കേസെടുത്ത പൊലീസ് ഇവരുടെ വീഡിയോയെടുത്ത് ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുകയും ചെയ്‌തു. പ്രായപൂർത്തിയാകാത്ത ഇളയ മകനെ ജുവൈനൽ ജസ്റ്റിസ് മുൻപാകെ ഹാജരാക്കും മുൻപ് പൊലീസ് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മകന് ഒരിക്കലും ജാമ്യം കിട്ടരുതെന്ന മുൻവിധിയോടെയാണവർ പെരുമാറിയത്.
കസ്റ്റഡിയിൽ പൊലീസ് ക്രൂരമായി മർദിച്ചുവെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ജുവൈനൽ ജസ്റ്റിസ് ബോർഡ് അംഗത്തെ അറിയിച്ചു. ആശുപത്രിയിൽ കൊണ്ടുപോകുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. നാല് ദിവസത്തിനുശേഷം ജാമ്യം ലഭിച്ചു. രണ്ടു ദിവസം കഴിഞ്ഞയുടൻ ഇളയ മകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ സിഐ ബൈജുവിനെയും എസ്ഐ അതുൽ മോഹനയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് തക്കതായ ശിക്ഷ വാങ്ങി കൊടുക്കണമെന്നും നൗഷാദ് പറഞ്ഞു.








0 comments