ഗ്യാനേഷ് കുമാറിന്റെ രാജിക്കായി അഭിഭാഷകരും സജീവമായി സമരരംഗത്ത്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ അഭിഭാഷകരും സജീവമായി രംഗത്ത്. പ്രതിഷേധങ്ങളിൽ തുടർച്ചയായി പങ്കെടുത്തുവരുന്ന അഭിഭാഷകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും തടയുന്നതും പ്രതിഷേധങ്ങൾക്ക് നേരെയുള്ള അടിച്ചമർത്തൽ നടപടിയാണെന്ന വിമർശനം ശക്തമാകുന്നു.
സുപ്രീംകോടതിക്ക് മുന്നിൽ ഉൾപ്പെടെ നടന്ന പ്രതിഷേധങ്ങൾക്കിടെ അഭിഭാഷകരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ അഭിഭാഷക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ സുപ്രീം കോടതി അഭിഭാഷക സുമിത ഹസാരിക ഉൾപ്പെടെ നിരവധി അഭിഭാഷകരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെ തുടർന്ന് അഭിഭാഷകരെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ സുപ്രീംകോടതി അഭിഭാഷക സംഘടനകൾ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
മുതിർന്ന അഭിഭാഷകരെയടക്കം പൊലീസ് ബലമായി പിടിച്ചുകൊണ്ട് പോകുന്ന നിലയിലേക്ക് നടപടികൾ നീണ്ടിരുന്നു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 100 അഭിഭാഷകരെ കസ്റ്റഡിയിലെടുത്തിരുന്നു.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് ഒക്ടോബർ 12 ന് സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിലും ,വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും പ്രഷോഭങ്ങളിൽ പ്രതിപക്ഷ നേതാക്കൾക്കൊപ്പം നൂറുകണക്കിന് അഭിഭാഷകരും പങ്കെടുത്തത് ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധങ്ങളിൽ അഭിഭാഷകരുടെ പങ്ക് വ്യക്തമാക്കുന്നു.
അഭിഭാഷകർ നിരന്തര പ്രഷോഭത്തിലാണ്. രാജ്യത്ത് പല സ്ഥലങ്ങളിലും അഭിഭാഷകർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധിക്കുന്നു. പ്രതിപക്ഷ ഐക്യമായ ഇന്ത്യ സഖ്യത്തിലെ നേതാക്കളും അഭിഭാഷകരുടെ സമരങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹിയിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ചും സിഇസി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ബംഗളൂരുവിലെ കർണാടക ഹൈക്കോടതിക്ക് മുന്നിലും അഭിഭാഷകർ വലിയ രീതിയിൽ പ്രതിഷേധ പ്രകടനം നടത്തി. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് അർഹരായ ആളുകളെ ഒഴിവാക്കാൻ കമ്മീഷൻ ഒത്താശ ചെയ്തുവെന്ന് അഭിഭാഷകർ പറഞ്ഞു.









0 comments