പിടിയിലായത് ഗുജറാത്ത് സ്വദേശികൾ തട്ടിപ്പിന് ഇരയായത് തമിഴ്‌നാട് നാമക്കൽ സ്വദേശികൾ സാമ്പിൾ എടുത്ത മണ്ണിൽ സ്വർണലായനി കുത്തിവച്ച് വിശ്വസിപ്പിച്ചു
സ്വർണത്തരിയടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് അരക്കോടി തട്ടി; 4 പേർ അറസ്റ്റിൽ

വിപുൾ മഞ്ചി ഭായ്,കൃപേഷ് ഭായ്,സന്ദീപ് ഹസ്മുഖ് ഭായ്, ധർമേഷ് ഭായ്

സ്വന്തം ലേഖകൻ
Published on Mar 28, 2025, 09:56 PM | 1 min read
കൊച്ചി: സ്വർണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് അരക്കോടി രൂപ തട്ടിയ ഗുജറാത്ത് സംഘത്തെ പാലാരിവട്ടം പൊലീസ് അറസ്‌റ്റ് ചെയ്‌തു. തമിഴ്നാട് നാമക്കൽ സ്വദേശികളായ സ്വർണപ്പണിക്കാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ രണ്ട് ചെക്കും വാങ്ങി തട്ടിപ്പ് നടത്തിയ സൂറത്ത് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുൾ മഞ്ചി ഭായ് (43), ധർമേഷ് ഭായ് (38), കൃപേഷ് ഭായ് (35) എന്നിവരാണ് പിടിയിലായത്.
പാലാരിവട്ടം നോർത്ത് ജനതാ റോഡിൽ കെട്ടിടം വാടകയ്‌ക്കെടുത്തായിരുന്നു തട്ടിപ്പ്. സ്വർണാഭരണ ഫാക്ടറിയിൽനിന്ന് ശേഖരിച്ച സ്വർണത്തരികൾ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അഞ്ഞൂറോളം ചാക്കുകളിൽ നിറച്ചുവച്ച മണ്ണിൽനിന്ന് തമിഴ്നാട് സ്വദേശികളെക്കൊണ്ട് ഇവർ അഞ്ചുകിലോ സാമ്പിൾ എടുപ്പിച്ചു.
തുടർന്ന് ഒരു മുറിയിൽ പ്രത്യേകം തയ്യാറാക്കിയ മേശയ്‌ക്കുമുകളിൽ വച്ച ത്രാസിൽ സാമ്പിൾ തൂക്കി. ഈസമയം ടേബിളിനടിയിൽ ഒളിച്ചിരുന്ന പ്രതികളിലൊരാൾ ടേബിളിലും ത്രാസിലും നേരത്തേ സൃഷ്ടിച്ചിരുന്ന ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വർണലായനി കുത്തിവച്ചു. ഈ സാമ്പിളിൽനിന്ന് സ്വർണം വേർതിരിച്ചെടുക്കാനായതോടെ നാമക്കൽ സ്വദേശികൾക്ക് വിശ്വാസമായി.
പ്രതികൾക്ക് 50 ലക്ഷം രൂപയും രണ്ട് ചെക്കുകളും നൽകി അഞ്ചു ടൺ മണ്ണ് വാങ്ങിയാണ് തട്ടിപ്പിനിരയായത്. എന്നാൽ, സാമ്പിളായി എടുത്ത മണ്ണിൽനിന്ന് സാധാരണ ലഭിക്കുന്നതിലും കൂടുതൽ അളവിൽ സ്വർണം ലഭിച്ചതോടെ സംശയം തോന്നിയ തമിഴ്നാട് സ്വദേശികൾ പാലാരിവട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു. സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇവരുടെ പേരിൽ നാമക്കല്ലിനുസമീപത്തെ സേന്തമംഗലം സ്റ്റേഷനിലും എറണാകുളം നോർത്ത് സ്റ്റേഷനിലും പരാതികൾ ലഭിച്ചിട്ടുണ്ട്.
പാലാരിവട്ടം ഇൻസ്പെക്ടർ കെ ആർ രൂപേഷ്, എസ്‌ഐമാരായ ഒ എസ് ഹരിശങ്കർ, ജി കലേശൻ, എഎസ്‌ഐമാരായ പി വി സിഷോഷ്, ടി എം ഷാനിവാസ്, എസ്‌സിപിഒമാരായ കെ പി ജോസി, എൻ എ അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.









0 comments