കോൺഗ്രസുകാരുടെ പശുഭക്തിയും സ്‌നേഹവും!


കെ ടി കുഞ്ഞിക്കണ്ണൻ
Published on Aug 30, 2025, 08:47 PM | 3 min read
'ഭൂരിപക്ഷ ധ്രുവീകരണവും വോട്ടുബാങ്കും ലക്ഷ്യംവെച്ചാണ് ഹിന്ദുത്വ അജണ്ടയിൽ നിന്ന് ബി.ജെ.പിയും ആർ.എസ്.എസും എല്ലാകാലത്തും ഗോവധ നിരോധനവും പശുരാഷ്ട്രീയവും ഉയർത്തിയിട്ടുള്ളത്. ബ്രിട്ടീഷ് കൊളോണിയൽ ശക്തികളാണ് ഇന്ത്യയിലെ ബ്രാഹ്മണ്യ ജാതി രാഷ്ട്രീയത്തെ ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനും മുസ്ലീം വിരുദ്ധത പടർത്താനുമായി പശുരാഷ്ട്രീയം ഉയർത്തിക്കൊണ്ടുവന്നത്. ഗാന്ധിവധത്തിനുശേഷം ഇന്ത്യയിലെ സാമാന്യജനങ്ങളിൽ നിന്ന് ഒറ്റപ്പെടുകയും വെറുക്കപ്പെടുകയും ചെയ്ത ആർ.എസ്.എസ് വിനോഭാവ ഉൾപ്പെടെയുള്ള സർവ്വോദയ നേതാക്കളുടെ കൂടി സഹായത്തോടെയാണ് ഗോരാഷ്ട്രീയം പൊക്കിയെടുത്തതും പശുസംരക്ഷണം ഹിന്ദുക്കളുടെ ഒരു വൈകാരികപ്രശ്‌നമാക്കി മാറ്റിയതും'- കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു
ഫേസ്ബുക്ക് കുറിപ്പ്
ഗുജറാത്തിന്റെ 'രാജ്യമാതാവാ'യി പശുവിനെ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്ന ജെനീ ബെൻ താക്കൂർ ചില്ലറക്കാരിയല്ല. കോൺഗ്രസിന്റെ ഗുജറാത്തിൽ നിന്നുള്ള ഏക പാർലമെന്റ് അംഗമാണ്. ഈ ആവശ്യമുന്നയിച്ചുകൊണ്ട് കോൺഗ്രസിന്റെ ഈ എം.പി ഗുജറാത്തിലെ ബി.ജെ.പി മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേലിന് കത്ത് നൽകിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ജെനീ ബെൻ നാഗാജി താക്കൂർ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞവർഷം മഹാരാഷ്ട്ര സർക്കാർ ചെയ്തതുപോലെ ഗുജറാത്തിന്റെ രാജ്യമാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്നാണ്.
അവർ ഈയൊരു ആവശ്യമുന്നയിച്ച് കഴിഞ്ഞ ആഴ്ച മുതൽ നിരാഹാര സമരം ആരംഭിച്ചിരിക്കുന്ന പ്രാദേശിക മതനേതാവ് മഹന്ത്‌ദേവ്‌നാഥ് ബാപ്പുവിനെ പിന്തുണച്ചുകൊണ്ടാണ് കത്തെഴുതിയത്. ലോക്‌സഭാംഗവും കോൺഗ്രസ് നേതാവുമായ ഞാൻ മഹാരാഷ്ട്രയിൽ ചെയ്തതുപോലെ ഗുജറാത്തിലും പശുവിനെ രാജമാതാവായി പ്രഖ്യാപിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ബി.ജെ.പിയേക്കാൾ ഗോസംരക്ഷകരും ഹിന്ദുത്വ അജണ്ടയുടെ സംരക്ഷകരുമാണ് തങ്ങളെന്ന് വരുത്തിതീർക്കാനുള്ള കോൺഗ്രസിലെ ഹിന്ദുത്വാനുകൂലികളുടെ നാണംകെട്ട ശ്രമമാണ് ഇത്തരം നീക്കങ്ങളെന്ന് മതനിരപേക്ഷവാദികൾ തിരിച്ചറിയേണ്ടതുണ്ട്.
കോൺഗ്രസിലെ മതനിരപേക്ഷവാദികൾ ഹിന്ദുത്വത്തിന്റെ കളത്തിൽ കളിക്കുന്നവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്.
ഉത്തർപ്രദേശിലെ ധാത്രിയിൽ മുഹമ്മദ് അഖ്‌ലക്ക് എന്ന കർഷകതൊഴിലാളി അതിദാരുണമാം വിധം കൊലചെയ്യപ്പെട്ടപ്പോൾ അന്നത്തെ കോൺഗ്രസിന്റെ ദേശീയ വക്താവായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ്‌സിംഗ് പറഞ്ഞത് ഇതുപോലുള്ള സംഭവങ്ങൾ രാജ്യത്തുണ്ടാവുന്നത് കൃത്യമായ ഒരു ഗോവധ നിരോധന നിയമം ഇല്ലാത്തതുകൊണ്ടാണെന്നാണ്! അക്കാലത്ത് ഹിമാചൽപ്രദേശിലെ കോൺഗ്രസ് സർക്കാരും പശുക്കടത്ത് നിരോധനനിയമം ഉപയോഗിച്ച് എത്രയോ മുസ്ലീം നാമധാരികളെ അറസ്റ്റുചെയ്യുകയും ആർ.എസ്.എസ് അജണ്ടയ്‌ക്കൊപ്പം ഗോസംരക്ഷണത്തിന്റെ പേരിൽ പാവപ്പെട്ട കന്നുകാലി കച്ചവടക്കാരെ വേട്ടയാടുകയും ചെയ്തിട്ടുണ്ട്.
ഭൂരിപക്ഷ ധ്രുവീകരണവും വോട്ടുബാങ്കും ലക്ഷ്യംവെച്ചാണ് ഹിന്ദുത്വ അജണ്ടയിൽ നിന്ന് ബി.ജെ.പിയും ആർ.എസ്.എസും എല്ലാകാലത്തും ഗോവധ നിരോധനവും പശുരാഷ്ട്രീയവും ഉയർത്തിയിട്ടുള്ളത്. ബ്രിട്ടീഷ് കൊളോണിയൽ ശക്തികളാണ് ഇന്ത്യയിലെ ബ്രാഹ്മണ്യ ജാതി രാഷ്ട്രീയത്തെ ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനും മുസ്ലീം വിരുദ്ധത പടർത്താനുമായി പശുരാഷ്ട്രീയം ഉയർത്തിക്കൊണ്ടുവന്നത്. ഗാന്ധിവധത്തിനുശേഷം ഇന്ത്യയിലെ സാമാന്യജനങ്ങളിൽ നിന്ന് ഒറ്റപ്പെടുകയും വെറുക്കപ്പെടുകയും ചെയ്ത ആർ.എസ്.എസ് വിനോഭാവ ഉൾപ്പെടെയുള്ള സർവ്വോദയ നേതാക്കളുടെ കൂടി സഹായത്തോടെയാണ് ഗോരാഷ്ട്രീയം പൊക്കിയെടുത്തതും പശുസംരക്ഷണം ഹിന്ദുക്കളുടെ ഒരു വൈകാരികപ്രശ്‌നമാക്കി മാറ്റിയതും.
ആർ.എസ്.എസിനൊപ്പം കോൺഗ്രസിലെ നല്ലൊരു വിഭാഗം നേതാക്കളും ഗോവധനിരോധന രാഷ്ട്രീയത്തിന്റെ വക്താക്കളായി. ഇന്ദിരാഗാന്ധി സർക്കാരിന്റെ കാലത്ത് ഗോവധനിരോധനം അനേ്വഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷനിൽ ഗോൾവാൾക്കറെയും ഉൾപ്പെടുത്തിയിരുന്നുവെന്ന കാര്യം വിസ്മരിക്കപ്പെടാവുന്നതല്ല. പശുവിനെ അമ്മയായും ദേവിയായും മാത്രം കണ്ടാൽപോര പ്രണയിനിയായും ആലിംഗനം ചെയ്യണമെന്ന ആർ.എസ്.എസ് അജണ്ടയോടൊപ്പം ചേരാൻ കോൺഗ്രസിലെ പല നേതാക്കൾക്കും ഒരു മടിയുമുണ്ടായിരുന്നില്ല.
ഡോ.റൊമീളഥാപർ നിരീക്ഷിക്കുന്നതുപോലെ നദീതടങ്ങളിൽ കൃഷിയും കന്നുകാലി വളർത്തുമായി കഴിഞ്ഞ ലോകത്തിലെ ഒട്ടുമിക്ക ഗോത്രസമൂഹങ്ങളും പശുവിനെ അമ്മയായും ദേവിയായുമെല്ലാം ആരാധിച്ചിരുന്നു. അത് ഒരർത്ഥത്തിലും ഇന്ത്യൻ സമൂഹത്തിന്റെ മാത്രം പ്രതേ്യകതയുമായിരുന്നില്ല. ഇന്ത്യയിലെ വൈദിക ബ്രാഹ്മണ്യമാണ് പശുഭക്തിയും അതിനെ ആധാരമാക്കിയുള്ള പ്രത്യയശാസ്ത്രവും രൂപപ്പെടുത്തിയത്. ഇന്നിപ്പോൾ ഹിന്ദുത്വശക്തികൾ പശു ആരാധനയിലൂടെ ദേശീയതയോടും പാരമ്പര്യത്തോടുമുള്ള കൂറും പ്രതിബദ്ധതയും ഉറപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ആർ.എസ്.എസുകാർക്ക് പശുവിനെ വളർത്തുകയും മാംസത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന എല്ലാവരും രാജ്യദ്രോഹികളും ദേശവിരുദ്ധരുമാണ്.
മുസ്ലീം വിരുദ്ധമായ ഒരു രാഷ്ട്രീയ അജണ്ടയിൽ നിന്നാണ് ബ്രിട്ടീഷ് പൊളിറ്റിക്കൽ ഇന്റലിജൻസ് വിഭാഗത്തിന്റെ സഹായത്തോടുകൂടി ലാലാലാൽചന്ദിനെപോലുള്ള ഹിന്ദുത്വരാഷ്ട്രീയത്തിന് അടിത്തറയിട്ട ബ്രാഹ്മണബുദ്ധിജീവികൾ പശുരാഷ്ട്രീയം വളർത്തിക്കൊണ്ടുവന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലുമായി മധേ്യന്ത്യയിൽ നടന്ന പശുവിന്റെ പേരിലുള്ള കലാപങ്ങളിൽ പതിനായിരങ്ങളാണ് മരിച്ചുവീണത്.
മോഡി അധികാരത്തിലേറിയ ഉടനെ പശുവിന്റെ പേരിൽ മനുഷ്യരെ വേട്ടയാടി പിടിച്ച് ഹിന്ദുത്വവാദികൾ കൊലപാതക പരമ്പരകൾക്ക് തന്നെ തുടക്കമിട്ടു. ധാത്രിയിൽ മുഹമ്മദ് അഖ്‌ലക്ക് എന്ന പാവപ്പെട്ട കർഷകതൊഴിലാളിയെ ഇരുന്നൂറോളം വരുന്ന ആൾക്കൂട്ടമാണ് തല്ലിക്കൊന്നത്. ഷിംലയിൽ ന്യൂമാൻ എന്ന യാത്രക്കാരനെ കാലിക്കടത്ത് ആരോപിച്ച് ഗോരക്ഷാ സഭക്കാരാണ് മൃഗീയമായി കൊലചെയ്തത്. കാശ്മീരിലും പശുവിന്റെ പേരിൽ പാവപ്പെട്ട മുസ്ലീം കാലിക്കച്ചവടക്കാരെ കൊലചെയ്തു. ഝാർഖണ്ഡിൽ കന്നുകാലി കച്ചവടമാരോപിച്ച് രണ്ട് ചെറുപ്പക്കാരെ തല്ലിക്കൊന്ന് വനത്തിൽകൊണ്ടുപോയി കെട്ടിത്തൂക്കുകയായിരുന്നു. ഹരിയാനയിലെ ചീരകർഷകനായ പെഹ്‌ലൂഖാനെ ജെയ്പൂർ കന്നുകാലി ചന്തയിൽ പശുവിനെ വാങ്ങി നാട്ടിലേക്കുള്ള യാത്രാമധ്യേ ഗോരക്ഷാക്കാർ വളഞ്ഞിട്ട് തല്ലിക്കൊല്ലുകയായിരുന്നു.
മൂന്നാം തവണയും മോഡി അധികാരത്തിലെത്തിയതോടെ രാജ്യം കണ്ടത് പശുവിന്റെ പേരിലുള്ള കൊലപാതകങ്ങൾ ആവർത്തിക്കുന്നതാണ്. 2024-ലെ പൊതുതെരഞ്ഞെടുപ്പിലെ ആപൽക്കരമായ വിദേ്വഷപ്രചരണ അജണ്ടയുടെ പ്രധാനഭാഗം പശുരാഷ്ട്രീയം തന്നെയായിരുന്നു. പശുവിനെ രാഷ്ട്രീയമൃഗമായി വളർത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന വർഗീയവിദ്വേഷ അജണ്ടയാണ് ഹിന്ദുത്വത്തിന്റേത്. മോഡിയെ രാഷ്ട്രീയമായി എതിർക്കുന്നുവെന്ന് പറയുമ്പോഴും പല കോൺഗ്രസ് നേതാക്കളും ഈ ഹിന്ദുത്വ അജണ്ടയിൽ തന്നെ കളിക്കുകയാണ്.









0 comments