ബിജെപിയും കോൺഗ്രസും വിശ്വാസികൾക്കൊപ്പമില്ല : എൻഎസ്‌എസ്

തിരുവനന്തപുരം
ശബരിമലയുടെ സമഗ്രവികസനത്തിനായി ചേർന്ന ആഗോള അയ്യപ്പസംഗമം ബഹിഷ്‌കരിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രചാരണത്തിനിറങ്ങിയ യുഡിഎഫിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ. വിശ്വാസ സമൂഹത്തിന്റെ ആചാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ ബിജെപിയോ കോൺഗ്രസോ ഒന്നും ചെയ്‌തിട്ടില്ലെന്ന് ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇരുകൂട്ടരുടെയും ബഹിഷ്‌കണം വോട്ട് ലക്ഷ്യംവച്ചാണ്.
‘വിശ്വാസ സമൂഹത്തിന്റെ ആചാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരോ കോൺഗ്രസോ ഒന്നും ചെയ്‌തിട്ടില്ല. എന്നാൽ, വിശ്വാസികളോടൊപ്പമുണ്ടാകുമെന്ന് എൽഡിഎഫ് സർക്കാർ പറഞ്ഞ വാക്ക് പാലിച്ചു. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ സ്‌ത്രീകളെ പ്രവേശിപ്പിക്കാൻ പ്രയാസമുണ്ടായിരുന്നില്ല. എന്നാൽ, സർക്കാർ അത് ചെയ്‌തില്ല’ –അദ്ദേഹം പറഞ്ഞു. സ്‌ത്രീ പ്രവേശന വിധി വന്നപ്പോൾ എൻഎസ്‌എസ് മാത്രമാണ് നാമജപ ഘോഷയാത്ര നടത്തിയത്. അന്ന് കോൺഗ്രസും ബിജെപിയും പങ്കുചേർന്നില്ല. വിശ്വാസികൾ കൂട്ടത്തോടെ ഞങ്ങളോടൊപ്പം വരുന്നത് കണ്ടാണ് അവർ ചേർന്നത്.
ആചാരങ്ങളും പാരമ്പര്യവും സംരക്ഷിക്കുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യം. അക്കാര്യങ്ങളിൽ നൽകിയ ഉറപ്പുകൾ സർക്കാർ പാലിച്ചു. അയ്യപ്പസംഗമം പശ്ചാത്താപമാണെന്ന് വ്യാഖ്യാനിക്കുന്നതിൽ അർഥമില്ല. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായാണ് ബിജെപിയും കോൺഗ്രസും അയ്യപ്പസംഗമം ബഹിഷ്‌കരിച്ചത്. ഹിന്ദു വോട്ടുകൾ അവർക്ക് ആവശ്യമില്ലെന്നും ന്യൂനപക്ഷ വോട്ടുകൾ മാത്രം മതിയെന്നുമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പന്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം വലിയ വിജയമായിരുന്നു. പന്തളത്ത് സംഘപരിവാർ സംഗമം വർഗീയ വിഷം ചീറ്റിയതിൽ വ്യാപക പ്രതിഷേധവും ഉയർന്നു. ഇൗ സാഹചര്യത്തിൽ, സുകുമാരൻ നായരുടെ തുറന്നുപറച്ചിലിന് വലിയ രാഷ്‌ട്രീയ പ്രാധാന്യമാണുള്ളത്. ശബരിമലയിൽ വികസനം ഉറപ്പുവരുത്തി ആഗോള തീർഥാടനകേന്ദ്രമാക്കി ഉയർത്താനുള്ള സർക്കാരിന്റെ നയത്തിനുള്ള പിന്തുണ കൂടിയാണ് എൻഎസ്‌എസ് നിലപാട്.








0 comments