കളിക്കളത്തിലെ കരുത്തുമായി യു ഷറഫലി

മലപ്പുറം: കളിക്കളത്തിൽ നിന്നും നേടിയ പോരാട്ടത്തിന്റെ കരുത്തുമായാണ് യു ഷറഫലി നിലമ്പൂരിൽ മത്സരത്തിനെത്തുന്നത്. അരീക്കോട് തെരട്ടമ്മലിൽ നിന്നും പന്തു തട്ടി തുടങ്ങിയ കേരള പൊലീസിലൂടെ ഇന്ത്യൻ നായക കുപ്പായം വരെ അണിഞ്ഞു. എഎസ്‌ഐയിൽ തുടങ്ങി എംഎസ്‌പി കമാൻഡന്റ് വരെയായി.
തൃശൂർ കേരള പൊലീസ് അക്കാദമിയിലും പ്രവർത്തിച്ചു. റാപ്പിഡ് റസ്‌പോൺസ് റസ്‌ക്യൂ ഫോഴ്‌സ് (ആർആർആർഎഫ്) കമാൻഡന്റായി വിരമിച്ചു. പൊലീസിൽ നിന്നും വിരമിച്ച ശേഷവും നാട് ഷറഫലിയുടെ ഭരണമികവും സംഘാടക മികവും അറിഞ്ഞു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായും തിളങ്ങി. 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ വില്ലേജ് അഡ്‌മിസ്‌ട്രേറ്ററായിരുന്നു.
കേരളാ പൊലീസിന്റെ ഫുട്ബോൾ ടീം ഇന്ത്യൻ കായിക മേഖലയിൽ നക്ഷത്ര ശോഭയോടെ തിളങ്ങി നിന്ന, 1984 മുതൽ 96 വരെയുള്ള വ്യാഴവട്ടക്കാലത്ത്, ടീമിൻ്റെ നട്ടെല്ലായിരുന്നു ഷറഫലി. രണ്ടുതവണ ഫെഡറേഷൻ കപ്പും നാലു തവണ അഖിലേന്ത്യാ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ കേരളാ പൊലീസ് ടീമിൻ്റെ ഭാഗ്യതാരമായി. ഒരു പതിറ്റാണ്ടു കാലം, 1985 മുതൽ 95 വരെ, ഇന്ത്യൻ ഫുട്ബോൾ ടീമിനു വേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞു.
1987 സാഫ് ഗെയിംസിൽ സ്വർണപ്പതക്കവും 89ൽ വെള്ളിയും 93ൽ വെങ്കലവും നേടുമ്പോഴും ഇന്ത്യൻ ടീമിൻ്റെ പ്രതിരോധനിര കാത്ത ഷറഫലി, 93ൽ സാഫ് ഗെയിംസിൽ ഇന്ത്യ നായകനായി. അതേവർഷം സന്തോഷ് ട്രോഫി നേടിയ കേരളാ ടീമിലും ഷറഫലി അംഗമായിരുന്നു. പ്രീവേൾഡ് കപ്പ്, പ്രീഒളിമ്പിക്സ്, ഏഷ്യാ കപ്പ്, നെഹ്രു കപ്പ് തുടങ്ങിയ അന്തർദേശീയ ടൂർണമെന്റുകളിലും ഇന്ത്യക്കു വേണ്ടി ജഴ്സിയണിഞ്ഞു. 94 കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റാനായി.
കൊൽക്കത്തയിലെ പ്രഗത്ഭ ഫുട്ബോൾ ക്ലബ്ബുകളായ മൊഹമ്മദൻസിനും മോഹൻ ബാഗാനും വേണ്ടി കളിച്ചു. പിന്നീട് പൊലീസ് ടീമിലേക്ക് തന്നെ മടങ്ങി. പരിക്കുകൾ കാരണം കളിക്കളത്തിൽ നിന്നും വിരമിച്ച ഷറഫലി, കേരള പൊലീസ് ടീമിൻ്റെ മുഖ്യപരിശീകനായും മാനേജറായും കളം നിറഞ്ഞു നിന്നു.
കേരള ഫുട്ബോൾ ചരിത്രത്തെ പൊന്നിൽ കുളിപ്പിച്ച ഐ എം വിജയൻ, കെ ടി ചാക്കോ, വി പി സത്യൻ, കുരികേശ് മാത്യു, പാപ്പച്ചൻ, അഷ്റഫ്, വി പി ഷാജി തുടങ്ങിയ കാൽപന്ത് രാജാക്കന്മാർക്കൊപ്പം കേരളത്തിൻ്റെ കാൽപന്ത് പെരുമ ഉയരങ്ങളിലെത്തിക്കുന്നതിൽ ഷറഫലി നിർണായക പങ്ക് വഹിച്ചു.










0 comments