ad
Deshabhimani

print edition നിതാന്ത 
പ്രചോദനം

vs
avatar
മിൽജിത്ത്‌ രവീന്ദ്രൻ

Published on Jul 21, 2026, 12:23 AM | 1 min read

തിരുവിതാംകൂറിലെ ‘അപകടകാരിയായ കമ്യൂണിസ്റ്റുകളുടെ’ രഹസ്യപട്ടികയിൽ ഉൾപ്പെടുമ്പോൾ വെന്തലത്തറ ശങ്കരൻ അച്യുതാനന്ദന്‌ വയസ്സ് 23. പട്ടിക തയ്യാറാക്കിയത്‌ ദിവാൻ സർ സി പി രാമസ്വാമി അയ്യർ. ‘അധിക്ഷേപ പ്രസംഗം നടത്തുന്നയാൾ’ എന്നായിരുന്നു ബ്രിട്ടീഷ്‌ ഭരണാധികാരികൾക്ക്‌ സി പി നൽകിയ പട്ടികയിൽ അച്യുതാനന്ദന്‌ നൽകിയ വിശേഷണം. എന്നാൽ, പട്ടിക തയ്യാറാക്കിയ ദിവാൻ സിപി, ജനരോഷത്തിന്റെ ചൂടറിഞ്ഞാണ്‌ രായ്‌ക്കുരാമാനം തിരുവിതാംകൂറിൽനിന്ന്‌ രക്ഷപ്പെട്ടോടിയത്‌.


ഏഴു പതിറ്റാണ്ടിനിപ്പുറം വി എസ്‌ തന്റെ അവസാനയാത്ര പുറപ്പെട്ടത്‌ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിലെ ദർബാർഹാളിൽനിന്ന്‌. പതിനായിരങ്ങളാണ്‌ കണ്‌ഠമിടറി, കണ്ണീരണിഞ്ഞ്‌ പ്രിയ സഖാവിനെ യാത്രയാക്കാനെത്തിയത്‌. ആലപ്പുഴ വലിയ ചുടുകാട്ടിലേക്കുള്ള ആ അന്ത്യയാത്ര കേരളത്തിന്റെ കണ്ണീർപ്പെയ്‌ത്തായിരുന്നു. സിപി കണ്ട ‘അപകടകാരിയെ,’ ‘രക്ഷകനായി’ കേരളം കണ്ടു എന്നത്‌ ചരിത്രം. സിപിയുടെ പട്ടികയിൽ ഇടംനേടി നോട്ടപ്പുള്ളിയായ വി എസിനെ ഒടുവിൽ പൂഞ്ഞാറിൽവച്ചാണ്‌ പൊലീസ്‌ പിടികൂടുന്നത്‌. എന്നാൽ, അതിനു മുമ്പുതന്നെ, കർഷകത്തൊഴിലാളികളെ, മത്സ്യത്തൊഴിലാളികളെ, മരംകയറ്റത്തൊഴിലാളികളെ, ചെത്തുതൊഴിലാളികളെ സംഘടിപ്പിക്കുക എന്ന പാർടി ഏൽപ്പിച്ച ദ‍ൗത്യം വി എസ്‌ ഏറെക്കുറെ പൂർത്തിയാക്കിയിരുന്നു.


ജയിലിൽനിന്ന്‌ പുറത്തുവന്നശേഷം ഏഴു പതിറ്റാണ്ടിലധികം നീണ്ട ആ ജീവിതവും അതേ തൊഴിലാളികളുടെ ജീവിതം അഭിവൃദ്ധിപ്പെടുത്താൻ വേണ്ടിയുള്ളതായിരുന്നു. തങ്ങളെ അന്തസ്സുള്ള ജീവിതത്തിലേക്ക്‌ കൈപിടിച്ചുയർത്തിയ വി എസിനോടുള്ള ഹൃദയൈക്യമാണ്‌ ആ തൊഴിലാളികളും അവരുടെ പിന്മുറക്കാരുമടങ്ങുന്ന ജനലക്ഷങ്ങളെ അന്ത്യയാത്രയിലും വി എസിന്‌ അരികിലേക്ക്‌ അലമുറയിട്ട്‌ ഓടിയെത്തിച്ചത്‌. അവസാനത്തെ ആറു വർഷം വി എസ്‌ തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വേലിക്കകത്ത്‌ വീട്ടിലായിരുന്നു. വി എസിന്റെ കിടപ്പുമുറിയും മുന്നിലെ ഓഫീസ്‌ മുറിയും അതുപോലെ സൂക്ഷിച്ചിട്ടുണ്ട്‌. ‘വി എസ്‌ ഇല്ല എന്ന തോന്നിയിട്ടില്ല.. മുറിയിലുണ്ട്‌’ എന്ന്‌ ഭാര്യ വസുമതി പറയുമ്പോൾ അത്‌ മകൻ അരുൺകുമാറിന്റെകൂടി വികാരമായിരുന്നു.


കേരളവും അങ്ങനെതന്നെ ചിന്തിക്കുന്നു...വി എസ്‌ ഒപ്പമുണ്ടെന്ന്‌. വേദനിക്കുന്നവരുടെ കണ്ണീരിനൊപ്പംചേരുമ്പോൾ, പോരാട്ടവീഥികളിൽ കൊടുങ്കാറ്റാകുമ്പോൾ, നാടിനെ പണയപ്പെടുത്തുന്നവർക്കെതിരെ ശബ്‌ദമുയർത്തുമ്പോൾ, കൈയേറ്റക്കാർക്കും കാട്ടുകള്ളന്മാർക്കും അഴിമതിക്കാർക്കും സ്‌ത്രീപീഡകർക്കും നേരെ വിരൽചൂണ്ടുമ്പോൾ... വി എസ്‌ പകർന്ന ഉ‍ൗർജമാണ്‌ പിന്മുറക്കാർക്കും കരുത്ത്‌. ഗൂഗിളിലും യുട്യൂബിലും മലയാളി ഇപ്പോഴും കൂടുതൽ തിരയുന്ന പ്രസംഗങ്ങളിലൊന്ന്‌ വി എസിന്റേതാകുന്നതും അതുകൊണ്ടാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home