സതീശൻ അനുകൂല പ്രകടനം: നാല് പേർക്കെതിരെ നടപടി; പദവികളിൽ നിന്ന് നീക്കി

വി ഡി സതീശൻ
ഇടുക്കി: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയവർക്കെതിരെ കോൺഗ്രസ് നടപടിയെടുത്തു. ഇടുക്കിയിൽ സംഘടിപ്പിച്ച പ്രകടനത്തിന് നേതൃത്വം നൽകിയ നാല് പേരെ പദവികളിൽനിന്ന് ഡിസിസി നീക്കി.
ഡിസിസി ജനറൽ സെക്രട്ടറി വി ഇ താജുദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയി മൈലാടി, ബ്ലോക്ക് കോൺഗ്രസ് നേതാവ് റോബിൻ മൈലാടി എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. കൂടുതൽ പ്രവർത്തകർക്കെതിരെ വരുംദിവസങ്ങളിലും നടപടിയുണ്ടായേക്കും.
സതീശൻ അനുകൂല പ്രകടനം നടത്താൻ ഡിസിസിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിൽ ആഹ്വാനമുണ്ടായിരുന്നു. ഇതിനെതിരെ നടപടി വേണമെന്ന് മറുവിഭാഗം ആവശ്യപ്പെട്ടിരുന്നു.
സതീശനെ അനുകൂലിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രകടനങ്ങൾ നടക്കുന്നുണ്ട്. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മറുവിഭാഗം ഫ്ലക്സ് ബോർഡുകളും ഉയർത്തുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ അണികളും മുഖ്യമന്ത്രിക്കസേര ആവശ്യപ്പെട്ട് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.










0 comments