ad
Deshabhimani

print edition വിദേശനിക്ഷേപം: ബാങ്കിങ്‌ മേഖല ആശങ്കയിൽ; പ്രക്ഷോഭം ശക്തമാക്കാൻ ബെഫി

befi
avatar
സ്വന്തം ലേഖിക

Published on Oct 30, 2025, 12:02 AM | 1 min read

കൊച്ചി : രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തിലും നിയന്ത്രണസംവിധാനങ്ങളിലും ഗുരുതര പ്രത്യാഘാതങ്ങൾക്ക്‌ വഴിവച്ച്‌, ബാങ്കുകളിലെ വിദേശനിക്ഷേപം വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഒടുവിലായി ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എൻബിഡി 26,850 കോടി രൂപ നിക്ഷേപിച്ച്‌ ആർബിഎൽ ബാങ്കിന്റെ 60 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ തയ്യാറാകുന്നു. മുംബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലെ എമിറേറ്റ്സ് എൻബിഡി-യുടെ മൂന്ന് ശാഖകൾ ആർബിഎൽ ബാങ്കിൽ ലയിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.


ഇന്ത്യൻ ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപമായി ഇത് മാറിയേക്കാം. രാജ്യത്തെ ബാങ്കിങ് വ്യവസായത്തിലേക്ക് 2018ലാണ്‌ ആദ്യമായി അന്താരാഷ്ട്ര ധനമൂലധനത്തിന്റെ കടന്നുവരവ്‌. വിദേശനിക്ഷേപകർക്ക്‌ ആർബിഐ നിർദേശിച്ചിരുന്ന പരിധി 15 ശതമാനമാണ്‌. എന്നാൽ, ഇതു ലംഘിച്ച്‌ മൗറീഷ്യസ് ആസ്ഥാനമായുള്ള ഫെയർഫാക്സ് ഹോൾഡിങ് കമ്പനി 1,180 കോടി നിക്ഷേപത്തിലൂടെ 2018ൽ കാത്തലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തിരുന്നു. പരിധി ലംഘിച്ചത്‌ സംബന്ധിച്ച്‌ കേന്ദ്രസർക്കാരോ ആർബിഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.


2020 നവംബറിൽ ആർബിഐ മൊറട്ടോറിയം പ്രഖ്യാപിച്ച് 10 ദിവസങ്ങൾക്കുള്ളിലാണ്‌ ലക്ഷ്മി വിലാസ് ബാങ്കിനെ സിംഗപ്പുരിലെ ഡിബിഎസ് ബാങ്ക് ഏറ്റെടുത്തത്‌. ജപ്പാനിലെ സുമിതോമോ മിത് സുയ് ബാങ്കിങ് കോർപറേഷൻ, യെസ് ബാങ്കിന്റെ 25 ശതമാനം ഓഹരികളും സ്വന്തമാക്കി. ഐഡിബിഐ ബാങ്കിന്റെ 60 ശതമാനം ഓഹരികൾ വിൽക്കാനും നടപടി പുരോഗമിക്കുന്നു. ഫെയർഫാക്സ്, എമിറേറ്റ്സ് എൻബിഡി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് പ്രധാന ബിഡ്ഡർമാർ. വിദേശ ഉടമസ്ഥത, ബാങ്കുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന വാദം ഉയർത്തിയാണ്‌ നടപടികൾ.


എന്നാൽ, ഇ‍ൗ നീക്കം എക്സിക്യൂട്ടീവുകളുടെ ശമ്പളവും വിദേശ ഉടമസ്ഥരുടെ ലാഭവും വർധിപ്പിക്കും. അതേസമയം, ചെറുകിട വായ്പക്കാർ, കൃഷി, എംഎസ്എംഇകൾ, ചെറുകിട വ്യാപാരികൾ, സ്വയംസഹായ സംഘങ്ങൾ തുടങ്ങിയവയ്‌ക്കുള്ള വായ്പലഭ്യതയും തൊഴിൽ സുരക്ഷയും വെട്ടിക്കുറയ്ക്കുകയും മാത്രമെ ചെയ്യുകയുള്ളൂവെന്ന്‌ ബെഫി അഖിലേന്ത്യാ പ്രസിഡന്റ്‌ എസ്‌ എസ്‌ അനിൽ പറഞ്ഞു. വിദേശ ഉടമസ്ഥതയിലുള്ള ബാങ്കുകൾ ഊഹക്കച്ചവടംപോലെ ഉയർന്ന ലാഭം ലഭിക്കുന്ന പ്രവർത്തനങ്ങളിലാണ് ശ്രദ്ധിക്കുന്നത്‌. ബാങ്കിങ്‌ മേഖലയെ തീറെഴുതുന്നതിനെതിരെ ബാങ്ക് ജീവനക്കാരുടെ പ്രസ്ഥാനങ്ങൾ പ്രക്ഷോഭങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home