print edition വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി ; ഒൗദ്യോഗിക വിവരങ്ങൾ പിന്തുടരണം

കൊച്ചി അന്താഷ്‌ട്ര വിമാനത്താവളത്തിലെ ഇന്റർനാഷണൽ ടെർമനിലിലെ ഡിപ്പാർച്ചർ വിഭാഗം ഞായറാഴ്‌ച തിരക്കൊഴിഞ്ഞ നിലയിൽ
തിരുവനന്തപുരം
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള 33 സർവീസുകളാണ് ഞായറാഴ്‌ച റദ്ദാക്കിയത്.
തിങ്കളാഴ്‌ചത്തെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. നിലവിൽ തിരുവനന്തപുരത്ത്നിന്നുള്ള രണ്ടും തിരുവനന്തപുരത്തേക്കുള്ള മൂന്നും സർവീസുകൾ റദ്ദാക്കി. ശനിയാഴ്‌ച 11 എണ്ണം റദ്ദാക്കിയിരുന്നു. സർവീസുകൾ എന്ന് പുനരാരംഭിക്കുമെന്നതിൽ അനിശ്‌ചിത്വമുണ്ട്. യാത്രയ്‌ക്ക് ഒരുങ്ങുംമുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.
എയർ അറേബ്യ, ഇത്തിഹാദ്, ഖത്തർ എയർവേയ്‌സ്, കുവൈറ്റ് എയർവേഴ്‌സ്, എമിറേറ്റസ്, ഗൾഫ് എയർ, ഇൻഡിഗോ തുടങ്ങിയവയാണ് സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത്. തിരുവനന്തപുരത്ത്നിന്ന് മാലി,സിങ്കപ്പൂർ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലെ എയർലൈൻസുകളും ആഭ്യന്തര സർവീസുകളും തടസ്സമില്ലാതെ സർവീസ് നടത്തുന്നുണ്ട്.
സർവീസുകൾ നിലച്ചതോടെ ഗൾഫിലേക്കുള്ള ചരക്ക് നീക്കവും മുടങ്ങി.
യാത്രാവിമാനങ്ങൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പ്രതിദിനം 45 മുതൽ 50 ടൺവരെ നിത്യയോപയോഗ സാധനങ്ങളാണ് കയറ്റി അയക്കുന്നത്. ഇതിൽ ഭൂരിഭാഗവും പച്ചക്കറികളും മത്സ്യവും മറ്റ് ഭക്ഷ്യവസ്‌തുക്കളുമാണ്.വിമാനങ്ങൾ വഴി വിദേശത്തേക്ക് പോകുന്ന അന്താരാഷ്ട്ര കൊറിയർ കാർഗോ സംവിധാനവും നിലച്ചു.
കരിപ്പൂരിൽനിന്ന് 2 സർവീസ് നടത്തി
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് രണ്ട് വിമാനങ്ങൾ ഗൾഫ് സെക്‌ടറിൽ സർവീസ് നടത്തി. സൗദി എയർലൈൻസും, ഫ്ളൈനാസ് എയർലൈൻസുമാണ് സർവീസ് നടത്തിയത്. റിയാദിൽനിന്നും കരിപ്പൂരിലേക്കും തിരിച്ചുമായിരുന്നു സർവീസ്.
ഞായറാഴ്‌ച രാവിലെ 8.8നാണ് സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തിയത്. 8.35ന് ഫ്ളൈനാസ് വിമാനവുമെത്തി. ഒരു മണിക്കൂറിനുശേഷം രണ്ട് വിമാനങ്ങളും റിയാദിലേക്ക് മടങ്ങി. രണ്ട് ദിവസങ്ങളിലായി 66 സർവീസുകൾ റദ്ദാക്കി.
കണ്ണൂരിൽ 7 സർവീസ് റദ്ദാക്കി
ഞായറാഴ്ച കണ്ണൂരിൽനിന്നുള്ള ഏഴ് വിമാന സർവീസ് റദ്ദാക്കി. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ അബുദാബി, ദുബായ്, ഷാർജ, റിയാദ്, മസ്‌കറ്റ്, ഇൻഡിഗോയുടെ അബുദാബി, ഫുജൈറ സർവീസുകളാണ് റദ്ദാക്കിയത്. വിവിധയിടങ്ങളിൽനിന്ന് കണ്ണൂരിലേക്കുള്ള സർവീസുകളും ഞായറാഴ്ച റദ്ദാക്കിയിരുന്നു. തിങ്കളാഴ്‌ചത്തെ അന്താരാഷ്‌ട്ര സർവീസുകളും റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു.
കൊച്ചിയിൽ 23 സർവീസ് റദ്ദാക്കി
കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഞായറാഴ്‌ച 23 സർവീസുകളാണ് റദ്ദാക്കിയത്. വിവിധയിടങ്ങളിലേക്ക് പുറപ്പെടേണ്ട 14 സർവീസുകളും വരേണ്ടിയിരുന്ന ഒന്പത് സർവീസുകളും റദ്ദാക്കി. ഗൾഫ് മേഖലയിലേക്ക് പുറപ്പെടേണ്ടിയിരുന്ന 12 വിമാനങ്ങളാണ് റദ്ദാക്കിയത്.ദോഹയിലേക്കുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി. ദുബായ്, മസ്‌കത്ത്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള രണ്ടുവീതം വിമാനങ്ങളും സലാല, കുവൈത്ത്, ഷാർജ എന്നിവിടങ്ങിലേക്കുള്ള ഓരോ വിമാനവുമാണ് റദ്ദാക്കിയത്. ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
ദോഹയിൽനിന്ന് വരേണ്ട മൂന്ന് വിമാനങ്ങളും ദുബായ്, അബുദാബി, മസ്‌കത്ത് എന്നിവിടങ്ങളിൽനിന്ന് എത്തേണ്ട രണ്ടുവീതം വിമാനങ്ങളും റദ്ദാക്കി. ശ്രീലങ്ക, സിംഗപ്പുർ, മലേഷ്യ, മാലി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഞായറാഴ്‌ച സർവീസ് നടത്തി. അബുദാബി, ദുബായ് വഴി ഫ്രാൻസ് അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് പോകാനുള്ളവരുടെ യാത്രയും അനിശ്‌ചിതത്വത്തിലായി.
ശനിയാഴ്‌ച 25 വിമാനങ്ങളാണ് റദ്ദാക്കിയത്. വിവിധയിടങ്ങളിലേക്കുള്ള 18 വിമാനങ്ങളും ഇവിടേക്കുള്ള ഏഴെണ്ണവും റദ്ദാക്കി. ഇതിൽ പതിനഞ്ചിലേറെ സർവീസുകൾ ഗൾഫ് മേഖലയിലേക്കുള്ളതായിരുന്നു.
ഒൗദ്യോഗിക വിവരങ്ങൾ പിന്തുടരണം
സംഘര്‍ഷം തുടരുന്ന രാജ്യങ്ങളിലെ പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളിൽനിന്നുള്ള വിവരം പിന്തുടരണമെന്ന് നോർക്ക അറിയിച്ചു. ബഹ്റൈനില്‍ നോർക്കാ പ്രതിനിധികളും ലോക കേരളസഭാംഗങ്ങളും ഉള്‍പ്പെടുന്ന പ്രത്യേക ഹെൽപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. നോർക്ക ഹെൽപ് ഡെസ്കുമായി +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍നിന്ന്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് 011-23747079, 011-23742320, +91-9310443880 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.










0 comments