കരിപ്പൂർ വിമാന ദുരന്തത്തിന് അഞ്ചാണ്ട്: നഷ്ടപരിഹാരം നൽകാതെ കേന്ദ്രം


സ്വന്തം ലേഖകൻ
Published on Aug 07, 2025, 09:15 AM | 2 min read
കരിപ്പൂർ: കരിപ്പൂർ വിമാന ദുരന്തത്തിന് വ്യാഴാഴ്ച അഞ്ചാണ്ട് പൂർത്തിയാകുമ്പോഴും പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകാതെ കേന്ദ്ര സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ 10 ലക്ഷം രൂപ വാഗ്ദാനംചെയ്തിരുന്നു. നിരന്തര സമ്മർദത്തെ തുടർന്ന് താൽക്കാലികമായി ഈ തുക വിതരണംചെയ്തെങ്കിലും ഇൻഷുറൻസ് തുക പാസായതോടെ പത്ത് ലക്ഷം രൂപവീതം മുന്നറിയിപ്പ് നൽകാതെ കേന്ദ്രം തിരിച്ചുപിടിച്ചു.
2020 ആഗസ്ത് ഏഴിന് രാത്രി 7.30നായിരുന്നു 21 യാത്രക്കാരുടെ മരണത്തിനിടയാക്കിയ കരിപ്പൂർ വിമാന ദുരന്തം. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ദുബായി വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഓപ്പറേഷൻ ഏരിയക്ക് പുറത്ത് ഇടിച്ചുനിന്ന വിമാനം നെടുകെ പിളർന്നു. രണ്ട് പൈലറ്റും നാല് ക്യാമ്പിൻ ക്രൂ അടക്കം 195 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ 168 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 65 പേർ ഇപ്പോഴും പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
സംസ്ഥാനം പറഞ്ഞ തുക നൽകി
അതേസമയം, സംസ്ഥാന സർക്കാർ മരിച്ചവരുടെ ബന്ധുക്കൾക്ക് വാഗ്ദാനംചെയ്തിരുന്ന 10 ലക്ഷം രൂപ വീതം സമയബന്ധിതമായി വിതരണംചെയ്തു. അപകടത്തെ തുടർന്നുള്ള നിർദേശങ്ങളും സംസ്ഥാന സർക്കാർ പൂർണമായി നടപ്പാക്കി. ഇൗ വിമാനാപകടത്തെ തുടർന്നാണ് റെസ വിപുലീകരിക്കണമെന്ന് അപകടം അന്വേഷിച്ച വിദഗ്ധസമിതി നിർദേശിച്ചത്. ഇതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകാമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. റൺവേയുടെ നീളം വർധിപ്പിക്കണമെന്ന നിർദേശം നടപ്പാക്കാനായും സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകി. 71 കോടി രൂപ ഇതിനായി അനുവദിച്ചു. റൺവേ വികസന പ്രവൃത്തി പുരോഗമിക്കുകയാണ്.
എയർ ഇന്ത്യ നൽകിയത് 2 കോടിമുതൽ 6 കോടിവരെ
ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുകോടിമുതൽ ആറ് കോടിവരെ എയർ ഇന്ത്യ നഷ്ടപരിഹാരം നൽകി. പരിക്കേറ്റവർക്ക് 12 ലക്ഷംമുതൽ നാല് കോടിവരെയും വിതരണംചെയ്തു. ഇൻഷുറൻസ് തുകയായി എയർ ഇന്ത്യക്ക് ലഭിച്ചത് 640 കോടി രൂപയാണ്.
ദുരന്തകാരണം ഇപ്പോഴും അജ്ഞാതം
വിമാനാപകടത്തിന്റെ യഥാർഥ കാരണം ഇപ്പോഴും അവ്യക്തമാണ്. വിമാനം ഇറക്കിയത് റൺവേയുടെ ഏതാണ്ട് മധ്യഭാഗത്താണ്. ടച്ച് ലൈനിൽനിന്ന് 1000 മീറ്റർ കടന്ന്. പിന്നീട് റൺവേയിൽനിന്ന് തെന്നിനീങ്ങുകയായിരുന്നു. വൈമാനികന് അശ്രദ്ധ പറ്റിയെന്നായിരുന്നു ആദ്യ നിഗമനം. അപകടത്തിന് കാരണം കരിപ്പൂരിന്റെ ടേബിൾടോപ്പ് ഭൂപ്രകൃതിയല്ലെന്നും കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സും കോക്പിറ്റ് റെക്കോഡറുമടക്കം പരിശോധിച്ചെങ്കിലും അപകടത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമായി തുടരുന്നു.










0 comments