print edition കിംസ്ഹെൽത്തിൽ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം: പുതിയ ഹൃദയവുമായി ദിയ വീട്ടിലേക്ക്

കിംസ്ഹെൽത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്ന് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ഡോ. എം ഐ സഹദുള്ള സംസാരിക്കുന്നു. അശ്വതി, ഡോ. പ്രവീൺ മുരളീധരൻ, ഡോ. സൗമ്യ രമണൻ, ഡോ. ഷാജി പാലങ്ങാടൻ, ഇ എം നജീബ് എന്നിവർ സമീപം
തിരുവനന്തപുരം : "‘എന്റെ കുഞ്ഞിന് പുതുജീവന്‍ തന്നവര്‍ക്ക് നന്ദി, എന്റെ കുഞ്ഞിന് ഹൃദയം തന്ന ആ കുടുംബത്തോടുള്ള നന്ദിയും സ്നേഹവും എന്നുമുണ്ടാകും’'– ഇടറിയ ശബ്ദത്തോടെ ചുരുങ്ങിയ വാക്കുകളില്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് വാര്‍ത്താസമ്മേളനത്തില്‍ അശ്വതി പങ്കുവച്ചത്. തിരുവനന്തപുരം കിംസ് ഹെല്‍ത്തില്‍ നടന്ന ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിച്ച പത്തുവയസ്സുകാരി ദിയയുടെ അമ്മയാണ് അശ്വതി.
ഗുരുതരമായ റിസട്രിക്ടീവ് കാര്‍ഡിയോ മയോപതി അവസ്ഥയില്‍ ജനിച്ച ദിയക്ക് തിരുവനന്തപുരം സ്വദേശിയായ മുപ്പത്താറുകാരന്റെ ഹൃദയമാണ് നൽകിയത്. ദിയയും വാര്‍ത്താസമ്മേളനത്തിന് എത്തി. തെക്കന്‍ കേരളത്തിലെ സ്വകാര്യ ആരോഗ്യമേഖലയില്‍ നടന്ന ആദ്യ ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിതെന്ന് മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റ് ഡയറക്ടർ ഡോ. പ്രവീൺ മുരളീധരൻ പറഞ്ഞു.
ലക്ഷങ്ങള്‍ ചെലവാകുന്ന ശസ്ത്രക്രിയ ദിയക്ക് സൗജന്യമായാണ് ചെയ്തത്. കിംസില്‍ നടക്കുന്ന അവയവദാന ശസ്ത്രക്രിയകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും മറ്റ് ചികിത്സാ ധനസഹായങ്ങളും ലഭ്യമാക്കാറുണ്ട്. സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ കേരള സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്-പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) പ്രവര്‍ത്തനങ്ങളാണ് അവയവദാനത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കിംസ്ഹെല്‍ത്ത് ചെയര്‍മാന്‍ ഡോ. എം ഐ സഹദുള്ള, സഹസ്ഥാപകന്‍ ഇ എം നജീബ്, ഡോക്ടര്‍മാരായ ഡോ. വി സൗമ്യ രമണന്‍, ഡോ. ഷാജി പാലങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.










0 comments