ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; ഫോറൻസിക് സാംപിളുകൾ ശേഖരിച്ചു

കോഴിക്കോട് : കോഴിക്കോട് ജയലക്ഷ്‌മി സിൽക്സിലുണ്ടായ തീപിടിത്തത്തിൽ ഫോറൻസിക് പരിശോധന നടത്തി. അപകടമുണ്ടായ കെട്ടിടത്തിനുള്ളിൽനിന്ന് സാംപിളുകൾ ശേഖരിച്ചു. ഫോറൻസിക് സയന്റിഫിക് അസിസ്റ്റന്റ് സി അജ്‌നയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച പരിശോധനക്കെത്തിയത്. തീ ആദ്യമുണ്ടായെന്ന് അഗ്നിരക്ഷാസേന കണ്ടെത്തിയ മൂന്നാം നിലയിൽ കത്തിനശിച്ച വയറിങ്ങുകളും മറ്റും സംഘം വിശദമായി പരിശോധിച്ചു. സാംപിളുകൾ ഫോറൻസിക് ലാബിൽ അയച്ച് ഫലം വന്നാലേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വിരലടയാള വിദഗ്ധരും കെഎസ്‌ഇബി അധികൃതരും കെട്ടിടത്തിനുള്ളിൽ പരിശോധിച്ചു. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വിഭാഗവും പരിശോധന നടത്തി. സിറ്റി പൊലീസ് മേധാവി ജയദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും എത്തിയിരുന്നു. ടൗൺ എസിപി കെ വി പ്രമോദൻ, ഇൻസ്‌പെക്ടർ എ കെ സജീഷ്, എസ്ഐ മിജോ ജോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അതേസമയം, തീപിടിത്തം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് അഗ്നിരക്ഷാസേന കലക്ടർക്ക് കൈമാറി. മൂന്നാം നിലയിൽ നിന്നാണ് തീ ഉയർന്നതെന്നും കൃത്യമായ കാരണം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ പരിശോധനയിലേ വ്യക്തമാകൂവെന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിനുള്ളിൽ ഫയർ മുന്നറിയിപ്പുകൾ ഫലപ്രദമായി പ്രവർത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.
ചൊവ്വ വൈകിട്ടാണ് കോഴിക്കോട് പാളയത്തുള്ള ജയലക്ഷ്മി സിൽക്ക്സിൽ തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ ഉടൻ തന്നെ ജീവനക്കാരെയും ഉപഭോക്താക്കളെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. രണ്ടര മണിക്കൂറോളംനീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. നാലുനില കെട്ടിടത്തിന്റെ മൂന്നാംനിലയിലുള്ള ഗോഡൗണിന് സമീപത്തുനിന്നാണ് ആദ്യം പുകയുയർന്നത്. നിമിഷങ്ങൾക്കകം തീ മുകൾനിലയിലേക്കും പടർന്നു. ഇതേ കെട്ടിടത്തിന് 2023 ഏപ്രിലിലും തീപിടിച്ചിരുന്നു










0 comments