ad
Deshabhimani

തൊഴിലന്വേഷകരായ യുവാക്കൾക്ക് മാസം 1000 രൂപ വീതം; 'കണക്ട് ടു വര്‍ക്ക്' പദ്ധതി നൂതനാശയങ്ങൾക്ക് പ്രോത്സാഹനമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

പിണറായി വിജയൻ (File)

വെബ് ഡെസ്ക്

Published on Jan 21, 2026, 06:52 PM | 2 min read

തിരുവനന്തപുരം: പഠനം പൂർത്തിയാക്കി തൊഴിലന്വേഷിക്കുന്നവരും നൈപുണ്യ പരിശീലനം നടത്തുന്നവരുമായ യുവാക്കൾക്ക് ധനസഹായം നൽകുന്ന കണട്ക് ടു വർക്ക് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നൈപുണ്യപരിശീലന സമയത്തോ അല്ലെങ്കില്‍ മത്സരപരീക്ഷാ പരിശീലന സമയത്തോ ‌ധനസഹായം നല്‍കുക എന്നുള്ളതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. പരമാവധി ഒരു വര്‍ഷത്തേക്ക് ആയിരം രൂപ പ്രതിമാസം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബുധൻ വൈകുന്നേരം തിരുവനന്തപുരം നിശാ​ഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.


പ്ലസ് ടു, വിഎച്ച്എസ് ഇ, ഡിപ്ലോമ, ഐടിഐ, ഡിഗ്രി, പഠനം പൂര്‍ത്തിയാക്കിയ അഞ്ച് ലക്ഷത്തില്‍ താഴെ മാത്രം വരുമാനമുള്ള കുടുംബങ്ങളിലെ യുവതീ-യുവാക്കള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. എംപ്ലോയ്‌മെന്റ് വകുപ്പിന്റെ വെബ്‌സൈറ്റിലുള്ള ഓണ്‍ലൈന്‍ അപേക്ഷ വഴി യുവാക്കള്‍ക്ക് കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ആദ്യഘട്ടത്തില്‍ തന്നെ 30,000 ത്തിലധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.


നമ്മുടെ നാട്ടിലെ യുവജനങ്ങളെ ഉത്പാദനമേഖലയുമായി ബന്ധപ്പെടുത്തുന്ന ഒരു പദ്ധതി കൂടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠനത്തിനു ശേഷം തൊഴില്‍ അന്വേഷണം എന്ന രീതിയില്‍ നിന്നും മാറി പഠനത്തോടൊപ്പം തൊഴിലും നൈപുണ്യ വികസനവും എന്ന കാഴ്ചപ്പാടിലേക്ക് നമ്മുടെ കുട്ടികള്‍ എത്തിച്ചേര്‍ന്നു.


നൈപുണ്യ പരിശീലന പരിപാടികളും, നോളേജ് ഇക്കോണമി മിഷന്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ മുഖേനയുള്ള ഇടപെടലുകളും ഒരുവശത്ത് സർക്കാർ നടത്തുകയാണ്. അതോടൊപ്പമാണ് കുട്ടികളെ തൊഴില്‍ - ഉല്പാദന മേഖലകളുമായി ബന്ധിപ്പിക്കുന്ന കണക്ട് കരിയര്‍ ടു ക്യാമ്പസ്, യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം എന്നിവയും. ഇവയ്ക്കെല്ലാം പുറമെ കാമ്പസുകളെ ഉല്പാദന കേന്ദ്രങ്ങളാക്കി മാറ്റാനുതകുന്ന ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും സ്ഥാപിക്കുന്നുണ്ട്.


സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴിൽ ലഭ്യമാക്കാനും, നവലോകത്തിന് അനുസൃതമായ തൊഴിലുകള്‍ക്കുവേണ്ടി അവരെ പ്രാപ്തരാക്കാനും നൈപുണ്യപരിശീലനം നല്‍കേണ്ടതുണ്ട്. അതിനുള്ള നൂതന പരിപാടിയായി പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പരിപാടിയാണ് വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്‍.


തൊഴില്‍മേളകളിലൂടെ തൊഴില്‍ നല്‍കല്‍, നൈപുണ്യ പരിശീലനത്തിലൂടെ യുവജനങ്ങളെ തൊഴില്‍ സജ്ജരാക്കല്‍, ഹൈപ്പര്‍ ലോക്കല്‍ തൊഴിലുകള്‍ കണ്ടെത്തി വനിതകള്‍ക്ക് ജോലി നല്‍കല്‍, സുതാര്യമായ വഴികളിലൂടെ വിദേശ ജോലികളുമായി യുവജനങ്ങളെ ബന്ധിപ്പിക്കല്‍ എന്നിങ്ങനെ നാല് ട്രാക്കുകളിലായാണ് വിജ്ഞാന കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.


വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നമ്മുടെ സംസ്ഥാനത്തിന്റെ പരിവര്‍ത്തനത്തില്‍ വലിയ പ്രാധാന്യമാണ് വിജ്ഞാന കേരളം പരിപാടിക്കുള്ളത്. 35 ലക്ഷത്തോളം വരുന്ന അഭ്യസ്തവിദ്യര്‍ക്ക് നൈപുണ്യപരിശീലനം നല്‍കി, അവരില്‍ നിന്ന് ചുരുങ്ങിയത് 20 ലക്ഷം പേര്‍ക്കെങ്കിലും നൂതന തൊഴിലുകള്‍ ലഭ്യമാക്കുക എന്നതാണ് നോളജ് എക്കോണമി മിഷന്റെ ലക്ഷ്യം. സംസ്ഥാനത്താകെ എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കുന്നതും സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നതും എല്ലാം അതിന്റെ ഭാഗമായാണ്.


സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി 3,87,999 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും 26,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനും 3.75 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കഴിഞ്ഞു. സൂക്ഷ്മ - ഇടത്തരം വ്യവസായങ്ങളുടെ മേഖലയില്‍ മാത്രം 3 ലക്ഷത്തോളം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 16,000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.


ഇത്തരം സാധ്യതകള്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് കൂടുതലായി പ്രയോജനപ്പെടണം. അതിനായി യുവാക്കള്‍ക്കിടയിലെ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്കു നൈപുണ്യ പരിശീലനം നല്‍കുകയും ചെയ്യേണ്ടതുണ്ട്. അതിനുതകുന്നതാണ് കണക്ട് ടു വര്‍ക്ക് പ്രോഗ്രാം. യുവാക്കളെ തൊഴില്‍ അന്വേഷകര്‍ എന്നതിലുപരി തൊഴില്‍ ദാതാക്കളും സംരംഭകരുമാക്കി മാറ്റാനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ആശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി പരിവര്‍ത്തിപ്പിക്കാന്‍ യുവാക്കള്‍ക്കു പിന്തുണ നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് നയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്.


2016 ല്‍ സംസ്ഥാനത്ത് 300 സ്റ്റാര്‍ട്ടപ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്നവയുടെ എണ്ണം 7,500 കടന്നിരിക്കുന്നു. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിങിലൂടെ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ സ്റ്റാര്‍ട്ടപ്പ് നയത്തിന്റെ ഗുണഫലങ്ങള്‍ യുവജനങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തുന്നു എന്നുറപ്പുവരുത്താന്‍ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുന്നത് കൂടിയാകും കണക്ട് ടു വർക് പദ്ധതി എന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home