ad
Deshabhimani

print edition വിവാഹത്തിനു മുമ്പ് ജനിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര്‌ ചേർക്കാം

high court
വെബ് ഡെസ്ക്

Published on Jun 05, 2026, 12:01 AM | 1 min read

കൊച്ചി: ദമ്പതികൾക്ക് വിവാഹത്തിനുമുന്പ്‌ ജനിച്ച മകളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹെെക്കോടതിയുടെ അനുമതി. അച്ഛന്റെ പേര് ഒഴിവാക്കി തദ്ദേശസ്ഥാപനത്തിൽനിന്ന്‌ നേരത്തേ നൽകിയ സർട്ടിഫിക്കറ്റ് കുട്ടിക്കും രക്ഷിതാക്കൾക്കും തീരാവേദനയാകുമെന്ന് വിലയിരുത്തിയാണ്‌ ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്‌. നിയമങ്ങൾ ജീവിതം അടയാളപ്പെടുത്താനുള്ളതാണെന്നും തടസ്സപ്പെടുത്താനുള്ളതല്ലെന്നും കോടതി നിരീക്ഷിച്ചു. ​


തമിഴ്നാട്ടിൽ താമസിക്കുന്ന ചങ്ങനാശേരി സ്വദേശിനിയും കാസർകോട് സ്വദേശിയും 14 വയസ്സുള്ള മകൾക്കുവേണ്ടിയാണ്‌ ഹർജി നൽകിയത്‌. സർട്ടിഫിക്കറ്റിൽ ഭേദഗതിക്കായി സമർപ്പിച്ച അപേക്ഷ, വ്യവസ്ഥകളില്ലെന്നു ചൂണ്ടിക്കാട്ടി പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ജനനമരണ രജിസ്ട്രാർ നിരസിച്ചിരുന്നു. ഇതോടെയാണ്‌ ഹൈക്കോടതിയെ സമീപിച്ചത്.


ഹർജിക്കാർ ദുബായിൽ ജോലി ചെയ്യുമ്പോഴാണ് പരിചയത്തിലായതും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതും. വിവാഹത്തിനുമുന്പ്‌ യുവതി ഗർഭിണിയായി. എന്നാൽ, ഇരുവരും തമ്മിൽ തെറ്റിദ്ധാരണകൾ ഉണ്ടായതോടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരില്ലാതെ ‘സിംഗിൾ മദർ’ എന്നാണ് രേഖപ്പെടുത്തിയത്. പിന്നീട് ഇരുവരും വിവാഹിതരാകുകയും രണ്ടാമത്തെ കുട്ടി ജനിക്കുകയും ചെയ്തു. ഈ കുട്ടിക്ക് അച്ഛന്റെ പേരുചേർത്തുള്ള ജനന സർട്ടിഫിക്കറ്റും വാങ്ങി. ഇതോടെയാണ് ആദ്യ കുട്ടിയുടെ സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരുചേർക്കാത്ത പ്രശ്നം ഇവരെ അലട്ടിയത്. കുടുംബകോടതിയിലടക്കം പിതൃത്വം ബോധ്യപ്പെടുത്തിയശേഷമാണ് ജനനമരണ രജിസ്ട്രാർക്ക് പുതിയ അപേക്ഷ നൽകിയിരുന്നത്‌. എന്നാലിത്‌ നിരസിക്കുകയായിരുന്നു.


മനുഷ്യത്വപരമായ തീർപ്പുണ്ടാക്കാൻ കോടതിക്ക് കടമയുണ്ടെന്ന് ജസ്‌റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണൻ വ്യക്തമാക്കി. ജനന രജിസ്റ്ററിൽ അച്ഛന്റെ പേരും കുട്ടിയുടെ പേരുമാറ്റവും രേഖപ്പെടുത്താനും അതിനനുസരിച്ചുള്ള സർട്ടിഫിക്കറ്റ് 30 ദിവസത്തിനകം നൽകാനും അധികൃതർക്ക് നിർദേശവും നൽകി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home