print edition ഇന്നത്തെ ഇന്ത്യയെ കണ്ടാല്‍ ഗാന്ധിജി ലജ്ജിക്കും : ഫാറൂഖ് അബ്‌ദുള്ള

പ്രസംഗത്തിനിടെ ജമ്മു കശ്മീരിലെ സാഹചര്യം വിവരിച്ചശേഷം ഡോ. ഫാറൂഖ് അബ്ദുള്ളയുടെ കണ്ണുകൾ നിറഞ്ഞപ്പോൾ. ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം
ജനങ്ങളെ തടവിലാക്കുന്ന ജനാധിപത്യത്തിനുവേണ്ടിയല്ല, എല്ലാവർക്കുമുള്ള ഇന്ത്യക്കുവേണ്ടിയാണ് പൂര്‍വികര്‍ ബ്രിട്ടീഷുകാരെ നാടുകടത്തിയതെന്ന് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള. ഇന്നത്തെ ഇന്ത്യയെ കണ്ടാൽ ഗാന്ധിജി പോലും ലജ്ജിക്കും. രാജ്യം വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സത്യം പറയുന്നത് പ്രയാസവും കള്ളം പറയുന്നത് എളുപ്പവുമായി മാറി. കേന്ദ്രമാണ് എല്ലാം നിയന്ത്രിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരങ്ങളിലേക്ക് കേന്ദ്രം കടന്നുകയറുന്നതായും വിഷൻ 2031 സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അധികാരത്തിനായി ഫാസിസ്റ്റ് ശക്തികൾ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. വടക്ക് മുതൽ തെക്കുവരെയും കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും ഒരേ ഭാഷയും നിറവും വേണമെന്നാണ് അവരുടെ താത്പര്യം. നമ്മൾ വ്യത്യസ്‌തരായതുകൊണ്ടാണ് ഒന്നിച്ചിരിക്കുന്നത്. അത് വൈവിധ്യത്തിലെ ഏകത്വമാണ്. വൈവിധ്യം സംരക്ഷിച്ച് ഇന്ത്യയെ ശക്തമാക്കാം. ആത്യന്തികമായി ഫാസിസ്റ്റ് ശക്തികൾ വിജയിക്കില്ലെന്ന പ്രതീക്ഷയുണ്ട്. കേരളം മതനിരപേക്ഷയുടെ നാടാണ്. യുദ്ധം ഒരിക്കലും ഒന്നിനും പരിഹാരമല്ല. ഇപ്പോഴും കശ്‌മീരിനുമേല്‍ യുഎൻ നിരീക്ഷണമുണ്ട്. മുസ്ലീം സംസ്ഥാനമെന്ന് അറിയപ്പെടുന്നെങ്കിലും ഇന്ത്യക്കാരെന്ന് അഭിമാനിക്കുന്നവരാണ് കശ്‌മീരിലുള്ളവരെന്നും ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു.










0 comments