ad
Deshabhimani

print edition കശ്‌മീരിന്റെ കണ്ണീരിൽ കേരളത്തിന്റെ സാന്ത്വനം

farookh

‘വിഷൻ 2031’ സമാപന സെമിനാറിൽ കശ്മീരിലെ സാഹചര്യം വിവരിക്കവേ 
വികാരാധീനനായ ഡോ. ഫാറൂഖ് അബ്​ദുള്ള മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്തശേഷം കണ്ണുനീർ തുടയ്ക്കുന്നു / ഫോട്ടോ: നിലിയ വേണുഗോപാൽ

avatar
ആന്‍സ് ട്രീസ ജോസഫ്

Published on Feb 18, 2026, 02:32 AM | 2 min read


തിരുവനന്തപുരം

‘അള്ളാഹ്, ഞങ്ങൾക്കും സ്വതന്ത്രമായി സംസാരിക്കാനും ചിന്തിക്കാനും കഴിയുന്ന കാലം എന്നാണ് വരിക. ഞങ്ങളുടെ കുട്ടികള്‍ പാകിസ്ഥാനി എന്ന വിളികേള്‍ക്കേണ്ടി വരുന്നതിന് എന്ന് അവസാനമുണ്ടാകും'... കശ്മീരി ജനതയെക്കുറിച്ച് പറയുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ളയുടെ കണ്ഠമിടറി, ഏങ്ങലിന്റെ വക്കോളമെത്തി. വാക്കുകൾ മുഴുമിപ്പിക്കാന്‍ പ്രയാസപ്പെട്ടു. പിന്നാലെ, കശ്മീരിനായി, എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യക്കായി വീണ്ടും ഉറപ്പുള്ള ശബ്ദം വീണ്ടെടുത്തു. പ്രസംഗം അവസാനിപ്പിച്ച്‌ സീറ്റിലേക്ക് മടങ്ങിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിപ്പുണർന്നു. ഒപ്പമുണ്ടെന്ന ഉറപ്പോടെയുള്ള ചേർത്തുപിടിക്കലിൽ വേദിയിൽ ഹർഷാരവമുയർന്നു. ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിന്റെ സമാപന സെമിനാർ വേദിയിലായിരുന്നു വൈകാരിക നിമിഷങ്ങൾ.


vision 2031
‘വിഷൻ 2031’ സമാപന സെമിനാറിൽ കശ്മീരിലെ സാഹചര്യം വിവരിക്കവേ 
വികാരാധീനനായ ഡോ. ഫാറൂഖ് അബ്​ദുള്ള മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്തശേഷം കണ്ണുനീർ തുടയ്ക്കുന്നു / ഫോട്ടോ: നിലിയ വേണുഗോപാൽ


എല്ലാ മനുഷ്യരെയും മതവിഭാഗങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന ഇടമാണ് കേരളമെന്ന്‌ ഫാറൂഖ്‌ അബ്ദുള്ള പറഞ്ഞു. കേരളത്തിന് രാജ്യത്തെ മാറ്റാന്‍ കഴിയുമെന്ന പ്രത്യാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗശേഷം സീറ്റിലിരുന്നപ്പോഴേക്കും നിറഞ്ഞൊഴുകിയ കണ്ണുനീരിനെ പാടുപെട്ട് അദ്ദേഹം നിയന്ത്രിച്ചു. കശ്മീരില്‍നിന്ന് കൊണ്ടുവന്ന ഉപഹാരംഅദ്ദേഹം പിണറായിക്ക്‌ കൈമാറി. കഹ്‌-വ (പ്രത്യേകതരം കശ്‌മീരി ചായ) തയ്യാറാക്കാവുന്ന കശ്മീരിന്റെ പരമ്പരാഗത ലോഹപ്പാത്രമായ സമോവറായിരുന്നു സമ്മാനം. ഇതിന്റെ പ്രത്യേകത മുഖ്യമന്ത്രിയോട്‌ വിശദീകരിക്കുകയും ചെയ്‌തു. മുഖ്യമന്ത്രി സുഗന്ധദ്രവ്യങ്ങൾ അടങ്ങിയ പെട്ടി ഫാറൂഖ്‌ അബ്ദുള്ളയ്ക്ക്‌ ഉപഹാരമായി നൽകി.


ഇന്നത്തെ ഇന്ത്യയെ കണ്ടാല്‍ ഗാന്ധിജി ലജ്ജിക്കും : ഫാറൂഖ്​

ജനങ്ങളെ തടവിലാക്കുന്ന ജനാധിപത്യത്തിനുവേണ്ടിയല്ല, എല്ലാവർക്കുമുള്ള ഇന്ത്യക്കുവേണ്ടിയാണ്‌ പൂര്‍വികര്‍ ബ്രിട്ടീഷുകാരെ നാടുകടത്തിയതെന്ന് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ്​ അബ്‌ദുള്ള. ഇന്നത്തെ ഇന്ത്യയെ കണ്ടാൽ ഗാന്ധിജി പോലും ലജ്ജിക്കും. രാജ്യം വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സത്യം പറയുന്നത്‌ പ്രയാസവും കള്ളം പറയുന്നത് എളുപ്പവുമായി മാറി. കേന്ദ്രമാണ് എല്ലാം നിയന്ത്രിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരങ്ങളിലേക്ക് കേന്ദ്രം കടന്നുകയറുന്നതായും വിഷൻ 2031 സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.


അധികാരത്തിനായി ഫാസിസ്റ്റ് ശക്തികൾ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്​. വടക്ക് മുതൽ തെക്കുവരെയും കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും ഒരേ ഭാഷയും നിറവും വേണമെന്നാണ്​ അവരുടെ താത്​പര്യം. നമ്മൾ വ്യത്യസ്‌തരായതുകൊണ്ടാണ് ഒന്നിച്ചിരിക്കുന്നത്. അത് വൈവിധ്യത്തിലെ ഏകത്വമാണ്. വൈവിധ്യം സംരക്ഷിച്ച്‌ ഇന്ത്യയെ ശക്തമാക്കാം. ആത്യന്തികമായി ഫാസിസ്റ്റ് ശക്തികൾ വിജയിക്കില്ലെന്ന പ്രതീക്ഷയുണ്ട്‌. കേരളം മതനിരപേക്ഷയുടെ നാടാണ്‌. യുദ്ധം ഒരിക്കലും ഒന്നിനും പരിഹാരമല്ല. ഇപ്പോഴും കശ്‌മീരിനുമേല്‍ യുഎൻ നിരീക്ഷണമുണ്ട്. മുസ്ലീം സംസ്ഥാനമെന്ന്‌ അറിയപ്പെടുന്നെങ്കിലും ഇന്ത്യക്കാരെന്ന് അഭിമാനിക്കുന്നവരാണ് കശ്‌മീരിലുള്ളവരെന്നും ഫാറൂഖ്‌ അബ്‌ദുള്ള പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home