കനറാ ബാങ്കുമായുള്ള കരാർ അവസാനിച്ചു
സംഭരിച്ച നെല്ലിന്റെ വില കിട്ടിയില്ല; കർഷകർ ആശങ്കയിൽ

പ്രതീകാത്മകചിത്രം
അഞ്‌ജുനാഥ്
Published on May 12, 2026, 07:57 AM | 1 min read
ആലപ്പുഴ : കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ തുക എന്നുകിട്ടുമെന്നതിൽ ആശങ്ക. സംഭരണത്തിന് സർക്കാരുമായി കരാറിൽ ഏർപ്പെട്ടതിൽ കനറാ ബാങ്ക് മാർച്ച് 18 വരെയായ പിആർഎസിന്റെ (കൈപ്പറ്റ് രസീത്) തുക മാത്രമാണ് നൽകിയത്. എസ്‌ബിഐ മാർച്ച് 24 വരെയായ തുക നൽകി. കരാർ കാലാവധി തീർന്നതിനാൽ കനറാ ബാങ്ക് പി ആർ എസ് സ്വീകരിക്കുന്നില്ല. എസ്‌ബിഐ സ്വീകരിക്കുന്നുണ്ടെങ്കിലും കർഷകർക്ക് പണം നൽകുന്നില്ല. എസ്‌ബിഐയുമായി കരാർ മെയിൽ അവസാനിക്കും.
താങ്ങുവില ഇനത്തിൽ കേന്ദ്രസർക്കാർ സപ്ലൈകോയ്‌ക്ക് 1800 കോടി രൂപയോളമാണ് നൽകേണ്ടത്. ഇതുവരെ അനുവദിച്ചത് 300 കോടി രൂപയാണ്. മുൻ മന്ത്രി ജി ആർ അനിൽ ഡൽഹിയിലെത്തി കേന്ദ്രഭക്ഷ്യവകുപ്പ് അധികൃതരുമായി കൂടിക്കാഴ്‌ച നടത്തിയശേഷമാണ് തുക അനുവദിച്ചത്. സംസ്ഥാന സർക്കാർ 50 കോടി രൂപയും നൽകി. തുക ബാങ്കുകളുടെ കുടിശ്ശികയിലേക്കാണ് പോകുന്നത്. അതിനാലാണ് നിലവിൽ സംഭരിച്ച നെല്ലിന്റെ വില നൽകൽ പ്രതിസന്ധിയിലായത്.
ഭക്ഷ്യവകുപ്പാണ് പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത്. എന്നാൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനോ മന്ത്രിസഭാ രൂപീകരണത്തിനോ കഴിയാതെ യുഡിഎഫ് തമ്മിലടിക്കുന്നതിനാൽ പരിഹാരം അകലെയാണ്. ഇത് കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ലക്ഷങ്ങൾ വായ്‌പയെടുത്ത് കൃഷിയിറക്കിയവർ വലിയ കടക്കെണിയിലാകും.
ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ വിളവെടുപ്പുകാലത്ത് 26,342 കർഷകരിൽനിന്നായി 98999.500 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. കേന്ദ്രം വിലക്കിയിട്ടും അധികബോണസ് നൽകിയാണ് എൽഡിഎഫ് സർക്കാർ നെല്ല് സംഭരിച്ചത്. 23.20 രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ ഇതിനുപുറമെ 6.80 രൂപ അധികം നൽകി 30 രൂപയാക്കി. കനറാ ബാങ്കും എസ്‌ബിഐയുമാണ് നെല്ലുവില വായ്‌പയായി കർഷകർക്ക് കൊടുക്കുന്നത്. ഇത് തിരിച്ചടയ്‌ക്കുന്നത് സംസ്ഥാന സർക്കാരും.










0 comments