കർഷക മുന്നേറ്റ ജാഥയെ നെഞ്ചേറ്റി നാട്

കൊച്ചി
വന്യജീവി ആക്രമണങ്ങളിൽനിന്ന് കൃഷിക്കും കർഷകർക്കും സംരക്ഷണം ആവശ്യപ്പെട്ട് കിസാൻസഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ നയിക്കുന്ന കർഷക മുന്നേറ്റ ജാഥ എറണാകുളം ജില്ലയിൽ പര്യടനം പൂർത്തിയാക്കി. ചൊവ്വാഴ്‌ച കോട്ടയം ജില്ലയിലാണ് പര്യടനം.
തിങ്കളാഴ്‌ച കോതമംഗലത്തും പെരുമ്പാവൂരിലും സ്വീകരണം നൽകി. കോതംഗലത്തെ സ്വീകരണയോഗത്തിൽ സംഘാടകസമിതി ചെയർമാൻ കെ എ ജോയി അധ്യക്ഷനായി. പെരുമ്പാവൂർ പച്ചക്കറി മാർക്കറ്റ് ജങ്ഷനിലെ സ്വീകരണയോഗത്തിൽ കർഷകസംഘം ഏരിയ പ്രസിഡന്റ് കെ ഡി ഷാജി അധ്യക്ഷനായി.
സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ മാനേജർ വത്സൻ പനോളി, അംഗങ്ങളായ എസ് കെ പ്രീജ, ഓമല്ലൂർ ശങ്കരൻ, എൻ ആർ സക്കീന, അഡ്വ. കെ ജെ ജോസഫ്, കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ, ജില്ലാ പ്രസിഡന്റ് ആർ അനിൽകുമാർ, ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ, നേതാക്കളായ പി എം ഇസ്‌മയിൽ, കെ തുളസി, എ എ അൻഷാദ്, എൻ സി മോഹനൻ, സി എം അബ്ദുൾ കരീം, സാബു വർഗീസ്, പി എം അഷ്റഫ്, കെ കെ ശിവൻ, എസ് മോഹനൻ, പി കെ സോമൻ, പി കെ സിദ്ദിഖ് എന്നിവർ സംസാരിച്ചു.
വനം–-വന്യജീവി നിയമത്തിൽ ഭേദഗതി വരുത്തുക, ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ കൊല്ലാൻ അനുവദിക്കുക, മനുഷ്യന് ജീവഹാനി സംഭവിച്ചാൽ നൽകുന്ന നഷ്ടപരിഹാരത്തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി കർഷകസംഘം നേതൃത്വത്തിൽ 30, 31 തീയതികളിൽ തിരുവനന്തപുരം സിസിഎഫ് ഓഫീസിനുമുന്നിൽ നടത്തുന്ന രാപകൽസമരത്തിന്റെ പ്രചാരണാർഥമാണ് ജാഥ. ജാഥയ്‌ക്ക് ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ഈരാറ്റുപേട്ടയിൽ സ്വീകരണം നൽകും.
കേന്ദ്രം നിയമഭേദഗതിക്ക് തയ്യാറാകണം: ഇ പി ജയരാജൻ
വന്യജീവി ആക്രമണത്തിൽനിന്ന് കർഷകരെയും കൃഷിയിടങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കിസാൻസഭ ദേശീയ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ആവശ്യപ്പെട്ടു. എറണാകുളം ജില്ലയിലെ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനം–-വന്യജീവി നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തണം. യുഡിഎഫ് എംപിമാർ വന്യമൃഗശല്യത്തെക്കുറിച്ച് പാർലമെന്റിൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.











0 comments