ad
Deshabhimani

തെലങ്കാനയുടെ മണ്ണിൽ വീണ്ടും കർഷക മുന്നേറ്റം

All India Kisan Sabha
avatar
സ്വന്തം ലേഖകൻ

Published on Sep 20, 2026, 10:13 AM | 2 min read

ആലപ്പുഴ : അഖിലേന്ത്യ കിസാൻസഭയുടെ 36 –ാമത് ദേശീയ സമ്മേളനത്തിന് ഇക്കുറി വേദിയാകുന്നത് ഐതിഹാസികമായ തെലങ്കാന സായുധ കര്‍ഷകപോരാട്ടം നടന്ന നൽഗൊണ്ടയിലെ രണഭൂമിയാണ്. ജന്മിത്വത്തിനും ഹൈദരാബാദ്‌ നൈസാമിന്റെ അടിച്ചമർത്തൽ ഭരണത്തിനുമെതിരെ കര്‍ഷകര്‍ ജീവൻ നൽകിപോരാടിയ മണ്ണിൽ നവംബര്‍ 18 മുതൽ 21 വരെയാണ് സമ്മേളനം.


കോര്‍പറേറ്റുകളിൽനിന്ന് ഒന്നുംവാങ്ങാതെ കർഷകരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവർ നൽകുന്ന സംഭാവന മാത്രം സ്വീകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് തെലങ്കാന റയ്‍ത്തു സംഘം ജനറൽ സെക്രട്ടറിയും കിസാൻസഭ ജോയിന്റ് സെക്രട്ടറിയുമായ ടി സാഗര്‍ പറഞ്ഞു. 90,000ത്തിൽനിന്ന് അഞ്ച്‌ ലക്ഷത്തിന് മുകളിൽ അംഗങ്ങളിലേക്ക് സംഘടന വളര്‍ന്നു. 33 ജില്ലകളിൽ 32ലും സംഘടനയുണ്ട്. രേവന്ത് റെഡ്ഡി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കൊപ്പം ആര്‍എസ്‍എസിന്റെയും ബിജെപിയുടെയും വര്‍ഗീയപ്രചാരണങ്ങളെയും നേരിട്ടാണ് മുന്നോട്ടുപോകുന്നതെന്നും കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന് എത്തിയ സാഗര്‍ പറഞ്ഞു.

വീരതെലങ്കാനയുടെ വിപ്ലവചരിത്രം വളച്ചൊടിച്ച് സംഘപരിവാര്‍


​നൈസാമിന്റെ ദുര്‍ഭരണത്തിനെതിരായ കര്‍ഷകരുടെ സായുധപോരാട്ട ചരിത്രത്തെ വളച്ചൊടിച്ച് മുസ്ലിം ഭരണത്തിനെതിരായ ഹിന്ദുക്കളുടെ പോരാട്ടമായാണ് ബിജെപിയും ആര്‍എസ്‍എസും പ്രചരിപ്പിക്കുന്നത്. ഇതിനായി റസാക്കര്‍ എന്നപേരിൽ സിനിമപോലും നിര്‍മിച്ചു. തെലങ്കാന പോരാട്ടവുമായോ ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായോ ബന്ധമില്ലാത്ത ആർഎസ്എസ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാജപ്രചാരണം നടത്തുകയാണ്.


ജന്മിത്വ ചൂഷണത്തിനെതിരായ തെലങ്കാന കർഷക പോരാട്ടത്തിൽ മതത്തിന് ഒരു പങ്കുമില്ല. നൈസാം ഭരണാധികാരികളും അവരുടെ സായുധസേനയായ റസാക്കർമാരും കര്‍ഷകരെയും തൊഴിലാളികളെയും ക്രൂരമായി ചൂഷണംചെയ്‍ത ജന്മികള്‍ക്കൊപ്പമായിരുന്നു. ജന്മിമാരിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. ബന്തകിയെന്ന മുസ്ലിം കര്‍ഷകനെയാണ് ജന്മിമാര്‍ ആദ്യം കൊല്ലുന്നത്.

വാഗ്ദാനങ്ങള്‍ പാലിക്കാതെ കോൺഗ്രസ്


​രേവന്ത് റെഡ്ഡി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും വാഗ്ദാനങ്ങള്‍ പാലിച്ചില്ല. ഒരു വിളയ്‍ക്ക് ഒരു ഏക്കറിന് 7500 രൂപ വച്ച് വര്‍ഷം 15000 രൂപ സബ്‍സിഡി നൽകുമെന്ന വാക്കുപാലിച്ചില്ല. തെലങ്കാന റയ്‍ത്തു സംഘമടക്കം നടത്തിയ സമരങ്ങളെ തുടര്‍ന്നാണ് ഏക്കറിന് 6000 രൂപയെങ്കിലും നൽകാൻ തുടങ്ങിയത്. 20 ലക്ഷത്തിലേറെവരുന്ന പാട്ടകര്‍ഷകര്‍ക്ക് ലോൺ എലിജിബിള്‍ കാര്‍ഡ് നൽകുമെന്നതും പാഴായി. 600ലേറെ കര്‍ഷകരാണ് വര്‍ഷം തെലങ്കാനയിൽ ആത്മഹത്യചെയ്യുന്നത്. നമ്മള്‍ സമരമുഖത്തേക്കിറങ്ങിയതോടെ മന്ത്രിതല ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിക്ക് 2013ലെ നിയമപ്രകാരം നഷ്‍ടപരിഹാരം നൽകുമെന്ന വാഗ്ദാനവും പാലിച്ചില്ല. പകരം കോര്‍പറേറ്റുകള്‍ക്കായി ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുകയാണ്. ഹൈദരാബാദ് റീജണൽ ലിങ്ക് റോഡിനായി 4000 ഏക്കറാണ് ഏറ്റെടുക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home