സംസ്ഥാനത്ത് ഏറ്റവും അപകട സാധ്യത; മരണക്കെണിയാകുന്ന കൊല്ലം ബീച്ച്

ഫോട്ടോ: എം എസ് ശ്രീധർലാൽ
അഖിൽ സദാശിവൻ
Published on Sep 20, 2026, 09:04 AM | 2 min read
കൊല്ലം : വൈകുന്നേരങ്ങളും അവധി ദിവസങ്ങളും ചെലവഴിക്കാൻ കൊല്ലം ജില്ലയിൽ നാട്ടുകാർ ഏറ്റവും കൂടുതൽ തെരഞ്ഞെടുത്തിരുന്ന ഇടമായിരുന്നു കൊല്ലം ബീച്ച്. നഗരത്തിൽ മാളുകളും വീ പാർക്ക് ഉൾപ്പെടെ വിനോദകേന്ദ്രങ്ങൾ വന്നിട്ടും ബീച്ചിലേക്കുള്ള ആളുകളുടെ ഒഴുക്കിനു കുറവുണ്ടായിരുന്നില്ല. എന്നാൽ, കൊല്ലം ബീച്ച് ഇപ്പോൾ മരണക്കയമാണ്. കടലിലേക്ക് ഏകദേശം 120 മീറ്റർ വീതിയുണ്ടായിരുന്ന ബീച്ചിൽ ഇപ്പോൾ വീതി 40മുതൽ 50 മീറ്റർ വരെയായി ചുരുങ്ങി. കടലിൽ കാൽനനയ്ക്കാൻ പോലും ഇറങ്ങാനാകാത്ത അവസ്ഥ. അഞ്ച് വർഷത്തിനിടെ 40പേരുടെ ജീവനാണ് ബീച്ചിൽ തിരമാലയിൽപ്പെട്ട് നഷ്ടമായത്. സംസ്ഥാനത്തെ മറ്റേത് ബീച്ചിനേക്കാളും അപകട സാധ്യതയാണ് ഇവിടെ.
ആഴത്തിലേക്ക് തള്ളിയിടുന്ന തിരകൾ
മറ്റു ബീച്ചുകളിൽ കടലിൽ ദൂരേക്ക് പോകുമ്പോൾ ആഴംകൂടി വരുന്ന വിധത്തിലാണെങ്കിൽ കൊല്ലം ബീച്ചിൽ തീരത്തുനിന്ന് അധികം ദൂരത്തിലല്ലാതെ തന്നെ കുത്തനെയുള്ള താഴ്ചയാണ് മറഞ്ഞിരിക്കുന്നത്. കാലു നനയ്ക്കാനും മറ്റുമായി മീറ്ററുകൾ മുന്നിലേക്ക് നടന്നാൽത്തന്നെ രണ്ടാൾ താഴ്ചയുള്ള ഭാഗത്തേക്ക് വീഴും. ഇതാണ് അപകടത്തിൽപ്പെട്ടവരെ ജീവനോടെ രക്ഷപ്പെടുത്താൻ സാധിക്കാത്തതിന്റെ കാരണം. കൂടാതെ മണ്ണ് വേഗത്തിൽ ഒലിച്ചുപോകുന്ന പ്രതിഭാസവും ഇവിടെ കാലങ്ങളായുണ്ട്. ഇത് അപകടത്തിൽ പെടുന്നവർ വളരെ വേഗം ഒഴുക്കിൽപ്പെട്ട് ആഴത്തിലേക്ക് പോകാനും കാരണമാകുന്നു.
വളരെ ചെറിയ തീരം ആയതിനാൽ തിരമാലകൾ പൂർണശക്തിയിലാണ് തീരത്തേക്ക് അടിച്ചുകയറുന്നത്. തിരകൾ തിരിച്ചിറങ്ങുമ്പോൾ ഉണ്ടാകുന്ന വലിവിൽ ആളുകൾ കടലിലേക്ക് വലിക്കപ്പെടുന്നു. കൂടാതെ ശക്തമായ അടിയൊഴുക്കും ചുഴികളുമുണ്ട്. ഒരു ചെറിയ അശ്രദ്ധകൊണ്ട് തന്നെ ജീവൻ നഷ്ടപ്പെടാവുന്ന സ്ഥിതിയാണ് നിലവിലേത്. കഴിഞ്ഞ ആഴ്ചയും ബീച്ചിൽ കാൽ നനയ്ക്കാനെത്തിയ ഒരു കുടുംബത്തിലെ കുട്ടി തിരയിൽപ്പെട്ടിരുന്നു. രക്ഷിക്കാനിറങ്ങിയ ബന്ധുവായ പള്ളിത്തോട്ടം സ്വദേശിക്ക് ജീവൻ നഷ്ടമായി.
സുരക്ഷയില്ല
അപകട സാധ്യത ഏറിയ ബീച്ച് ആണെങ്കിലും സന്ദർശകരെ തടയാൻ ആകെയുള്ളത് ബീച്ചിനു കുറുകെ കെട്ടിയ റോപ്പ് മാത്രമാണ്. ലൈഫ് ഗാർഡുമാർ ഉണ്ടെങ്കിലും ഇവർക്ക് ആവശ്യമായ ഉപകരണങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. പലപ്പോഴും മനസ്സാന്നിധ്യം കൊണ്ടും ജീവൻ പണയംവച്ചുമാണ് ഇവർ തിരയിൽപ്പെടുന്നവരെ രക്ഷപ്പെടുത്തുന്നത്. ബീച്ചിന്റെ നീളം കൂടുതലായതിനാൽ സന്ദർശകരെ നിയന്ത്രിക്കാൻ നിലവിലെ ലൈഫ്‌ഗാർഡുമാരുടെ എണ്ണം മതിയാകില്ല. ബീച്ച് സുരക്ഷിതമാക്കാൻ കോർപറേഷനിലെ പുതിയ ഭരണസമിതി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും പേപ്പറുകളിൽ മാത്രമായി ഒതുങ്ങി. ബീച്ചിൽ ഇറങ്ങുന്നവർ അപകടത്തിൽപ്പെട്ടതോടെ ബീച്ചിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള റീലുകളും മറ്റും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയാണ്.








0 comments