മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷം
print edition കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആനമല അന്തര്‍സംസ്ഥാന പാത അരൂര്‍മുഴിയില്‍ ഉപരോധിക്കുന്നു
ചാലക്കുടി (തൃശൂർ) : വയനാട്ടിലും പെരുമ്പാവൂരിലും രണ്ടുപേരുടെ ജീവനെടുത്ത സംഭവങ്ങൾക്കുപിന്നാലെ സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കർഷകനായ വൈശേരിയിൽ പുല്ലർകാട് മോഹനൻ (65) ആണ് അതിരപ്പിള്ളിയിൽ കൊല്ലപ്പെട്ടത്. ശനി പുലർച്ചെ 2.30ന് വീടിനുമുന്നിലെത്തിയ ആനയെ ഓടിക്കുന്നതിനിടെയാണ് സംഭവം.
കൃഷിയിടത്തിലിറങ്ങിയ കാട്ടാന വീടിനുമുന്നിലെത്തിയ ശബ്‌ദം കേട്ടാണ് മോഹനനും ഭാര്യ ഗിരിജയും ഉണർന്നത്. സമീപവാസികൾക്കൊപ്പം തീപ്പന്തവുമായി തുരത്തുന്നതിനിടെ ആന തിരിഞ്ഞോടി. ആനയുടെ തട്ടേറ്റ് വീണ മോഹനനെ ആന ചവിട്ടുകയായിരുന്നു. ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വിവരമറിഞ്ഞ് അതിരപ്പിള്ളി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അധികൃതരുടെ അനാസ്‌ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ആനമല അന്തർസംസ്ഥാന പാത ഉപരോധിച്ചു. അരൂർമുഴി ജങ്ഷനിൽ രാവിലെ 10ന് ആരംഭിച്ച ഉപരോധസമരം 12ഓടെയാണ് അവസാനിപ്പിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം ഞായർ പകൽ മൂന്നിന് അതിരപ്പിള്ളി ശ്‌മശാനത്തിൽ. മക്കൾ: ഗ്രീഷ്‌മ (സിആർപിഎഫ-്, മണിപ്പുർ), ആദർശ് (എൻജിനിയറിങ് വിദ്യാർഥി). ചൊവ്വാഴ്‌ച വയനാട്ടിലെ മേപ്പാടിയിൽ നടുറോഡിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഞായറാഴ്‌ചയാണ് പെരുമ്പാവൂരിൽ വനംവകുപ്പ് താൽക്കാലിക വാച്ചറെ ആന കൊലപ്പെടുത്തിയത്.
കൈമലർത്തി വനംവകുപ്പ്; ഒറ്റമൂലിയില്ലെന്ന് മന്ത്രി
വന്യമൃഗ ആക്രമണത്തിൽ മരണം ആവർത്തിക്കുന്പോൾ വനംവകുപ്പും മന്ത്രിയും കൈമലർത്തുന്നു. സർക്കാരിന്റെ കൈയിൽ ഒറ്റമൂലിയില്ലെന്ന് മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉടൻ പരിഹരിക്കുമെന്നായിരുന്നു മുന്പ് പറഞ്ഞിരുന്നത്. ദ്രുതനടപടി സ്വീകരിക്കുന്നതിനു പകരം ജനങ്ങളെ കൈയൊഴിയുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. മനുഷ്യ–വന്യജീവി സംഘർഷം കുറയ്‌ക്കാൻ അഞ്ചു-വർഷത്തിനിടെ കൈക്കൊണ്ട നടപടി മരണം കുറയ്‌ക്കാൻ കഴിഞ്ഞിരുന്നു. 68.69 കോടി രൂപ നഷ്‌ടപരിഹാരവും കാലതാമസംകൂടാതെ നൽകി. മുൻസർക്കാരിനെ കുറ്റംപറഞ്ഞവർക്ക് മൂന്ന് മരണം ഒരാഴ്‌ചക്കിടെയുണ്ടായിട്ടും ഒന്നുംചെയ്യാൻ കഴിഞ്ഞിട്ടില്ല.










0 comments