പറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കർഷകൻ മരിച്ചു

പാലക്കാട് : പറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കർഷകൻ മരിച്ചു. കൊടുമ്പ് ഓലശ്ശേരി പാളയം മാരിമുത്തു(75)വാണ് മരിച്ചത്. ഞായർ പുലർച്ചെ ആറോടെയാണ് സംഭവം. രാവിലെ സ്വന്തം പറമ്പിലേക്ക് പോയ മാരിമുത്തു തേങ്ങ പെറുക്കി ചാക്കിലാക്കുന്നതിനിടെയാണ് കൃഷിയിടത്തിലെ മോട്ടോർ പുരയിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈൻ പൊട്ടി വീണു കിടക്കുന്നത് ശ്രദ്ധിക്കാതെ ചവിട്ടിയത്.
കൃഷി സ്ഥലത്തേക്ക് പോയ മാരിമുത്തുവിനെ ഏറെ നേരമായിട്ടും കാണാത്തതിനാൽ അന്വേഷിച്ചിറങ്ങിയ സഹോദരിയും നാട്ടുകാരുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രാൻസ്‌ഫോർമർ ഓഫ് ചെയ്ത ശേഷം ഉടൻ തന്നെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. മന്ത്രി കെ കൃഷ്ണൻ കുട്ടി, സിപിഐ എം ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി എന്നിവർ ആശുപത്രിയിലെത്തി ബന്ധുക്കളെ കണ്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ മന്ത്രി ഉത്തരവിട്ടു. സരസ്വതിയാണ് മാരിമുത്തുവിന്റെ ഭാര്യ.
സഹോദരങ്ങൾ: രത്നസ്വാമി, നല്ലിയമ്മ, മുരുകേശൻ, പരേതനായ രാമനാഥൻ.








0 comments