കരുതലിന്റെ സ്‌നേഹക്കൂടൊരുക്കി ദമ്പതികൾ
print edition ‘അത് അർഹരുടെ കൈകളിൽ എത്തുമെന്ന് ഞങ്ങൾക്കുറപ്പുണ്ട് ’

സിപിഐ എം അയിരൂർ സൗത്ത് ലോക്കൽ കമ്മിറ്റിക്ക് കൈമാറിയ സ്ഥലത്തേക്ക് നിർമിച്ച റോഡിൽ വിജയകുമാരിയും ഭർത്താവ് മുരളീധരൻ നായരും
അനിൽ കുറിച്ചിമുട്ടം
Published on Apr 23, 2026, 12:36 AM | 1 min read
കോഴഞ്ചേരി : ‘ഞങ്ങളുടെ ഭൂമി എങ്ങനെ വിനിയോഗിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവോ അത് യാഥാർഥ്യമാകുകയാണ്. പാവങ്ങൾക്ക് കിടപ്പാടമൊരുക്കുക എന്നതായിരുന്നു കുടുംബത്തിന്റെ ദീർഘനാളത്തെ സ്വപ്‌നം. ഭൂമി അർഹരുടെ കൈകളിൽ തന്നെ എത്തിക്കുന്നതിൽ സുതാര്യത ഉറപ്പാക്കണമെന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. ആ വിശ്വാസമാണ് അവരെ ഭൂമി ഏൽപ്പിക്കാൻ കാരണം’– ഒരുകോടിയിലധികം രൂപ മൂല്യമുള്ള 50 സെന്റ് സിപിഐ എമ്മിന് കൈമാറിയ അയിരൂർ എടപ്പാവൂർ പുളിയാനിക്കോയിൽ വിജയകുമാരിയുടെയും ഭർത്താവ് മുരളീധരൻനായരുടെയും വാക്കുകളിൽ കരുതലിന്റെ സ്നേഹസ്‌പർശം കൂടിയുണ്ട്.
അയിരൂർ പഞ്ചായത്തിലെ ഭൂരഹിതരായ പത്ത് കുടുംബത്തിന് വീടുവയ്‌ക്കാനാണ് എടപ്പാവൂരിലെ ഇവരുടെ ഭൂമി പാർടി അയിരൂർ സൗത്ത് ലോക്കൽ കമ്മിറ്റിയെ ഏൽപ്പിച്ചത്. ഇവിടേക്ക് വഴിയൊരുക്കാനും ഭൂമി സൗജന്യമായി വിട്ടുനൽകി നാടിനാകെ മാതൃകയാകുകയാണ് ഇവർ.
വീടില്ലാത്തവർക്കായി ഭൂമി സൗജന്യമായി നൽകണമെന്നത് അച്ഛൻ കരുണാകരൻനായരുടെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണശേഷമാണെങ്കിലും നിറവേറ്റാനായതിൽ തികഞ്ഞ സന്തോഷമുണ്ടെന്ന് വിജയകുമാരി പറഞ്ഞു. ഭൂമിയിലേക്കുള്ള റോഡിന് പൂക്കാമണ്ണിൽ കരുണാകരൻനായർ റോഡെന്ന് നാമകരണം ചെയ്യുമെന്ന് വിജയകുമാരിയുടെ സഹോദരൻ സനൽകുമാർ അറിയിച്ചു. 10 കുടുംബത്തിന് അഞ്ചുസെന്റ് വീതമാണ് നൽകുക. അർഹരായവരെ സിപിഐ എം കണ്ടെത്തും. ഭൂമി അർഹരുടെ കൈകളിൽ എത്തിക്കുകയെന്നത് പാർടിയുടെ ഉത്തരവാദിത്വമാണെന്നും അത് സത്യസന്ധമായും സുതാര്യമായും നിർവഹിക്കുമെന്നും ലോക്കൽ സെക്രട്ടറി സിബി തോമസ് പറഞ്ഞു.










0 comments