ad
Deshabhimani

ദുരൂഹതയാരോപിച്ച് കുടുബം ഫോൺ വിവരങ്ങൾ തേടി പൊലീസ്

emigration
വെബ് ഡെസ്ക്

Published on Mar 26, 2025, 01:01 AM | 1 min read

തിരുവനന്തപുരം/ പത്തനംതിട്ട : തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഐബി ഉദ്യോഗസ്ഥയായ മേഘ (25) ട്രെയിൻതട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുബം. മേഘയ്‌ക്ക്‌ ആത്മഹത്യചെയ്യേണ്ട സാഹചര്യമുള്ളതായി അറിയില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്‌ പൊലീസിനും ഐബിക്കും പരാതി നൽകുമെന്ന്‌ കുടുംബാംഗങ്ങൾ പറഞ്ഞു. വരും ദിവസങ്ങളിൽ വീട്ടുകാരുടെയും സഹപ്രവർത്തകരുടെയും മൊഴിയെടുത്തശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പേട്ട പൊലീസ് അറിയിച്ചു. ആത്മഹത്യതന്നെയാണെന്ന നി​ഗമനത്തിലാണ് അന്വേഷണം. മേഘയുടെ ഫോൺ തകർന്നതിനാൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല.


സംഭവത്തിനു തൊട്ടുമുമ്പുള്ള മേഘയുടെ കാൾ ലിസ്റ്റുകൾ ശേഖരിച്ചു. കൂടുതൽ അന്വേഷണത്തിന് സൈബർ പൊലീസിന്റെ സഹായവും തേടും. കൊച്ചിയിൽ ജോലിചെയ്യുന്ന ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി മേഘയ്‌ക്ക് സൗഹൃദമുണ്ടായിരുന്നെന്നു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പഞ്ചാബിൽ പരിശീലനത്തിനിടെയാണ് ഇരുവരും സൗഹൃദത്തിലായത്. പത്തനംതിട്ട കൂടൽ അതിരുങ്കൽ കാരയ്ക്കാക്കുഴി വിശാഖം (പൂഴിക്കാട്ട്) വീട്ടിൽ മേഘ മധു പേട്ടയിൽ തിങ്കളാഴ്‌ചയാണ്‌ ട്രെയിൻ തട്ടി മരിച്ചത്‌. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തിൽനിന്ന്‌ ഇറങ്ങിയതായിരുന്നു.


ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നതുകണ്ട് പെട്ടെന്ന് ട്രാക്കിനു കുറുകെ തലവച്ച് കിടക്കുകയായിരുന്നുവെന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം. സംഭവദിവസം രാവിലെ ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയാണെന്നു പറഞ്ഞ്‌ മകൾ വിളിച്ചിരുന്നതായി അച്ഛൻ മധുസൂദനൻ പറഞ്ഞു. ഓഫീസിനു സമീപം ചാക്കയിലെ ഹോസ്റ്റലിലാണ്‌ അവൾ താമസിച്ചിരുന്നത്‌. അവിടേക്ക്‌ റെയിൽവേ പാതയില്ല. റെയിൽവേ ട്രാക്ക്‌ ഉള്ളിടത്തേക്ക്‌ പോകണമെങ്കിൽ എന്തോ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘ജോലിസ്ഥലത്ത് അവൾക്ക്‌ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമുള്ളതായി വീട്ടിൽ പറഞ്ഞിട്ടില്ല. സമ്മർദമുള്ളതായും പറഞ്ഞിട്ടില്ല. മരണത്തിൽ ബാഹ്യ സമ്മർദങ്ങളോ വ്യക്തികളുടെ ഇടപെടലുകളോ ഉണ്ടായിട്ടുണ്ടോ എന്നത്‌ അന്വേഷിച്ച്‌ കണ്ടെത്തണം’’–- അദ്ദേഹം ആവശ്യപ്പെട്ടു. മേഘയുടെ മൃതദേഹം ചൊവ്വ പകൽ 11.30ന്‌ പത്തനംതിട്ട കൂടലിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home