print edition മുഖപേജുകൾ ഇഷ്ടംപോലെ ; എല്ലാത്തിലും കള്ളവാർത്ത

തിരുവനന്തപുരം
എല്ലാ കാലത്തും യുഡിഎഫ് പത്രം ആണെങ്കിലും തെരഞ്ഞെടുപ്പ് അടുത്താൽ മലയാള മനോരമ ശരിക്കും ഘടകകക്ഷിയെപ്പോലെയാണ്. കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്റെയും മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയുടെയും ഉത്തരവാദിത്വം ഒരേസമയം നിർവഹിക്കും. തിങ്കളാഴ്‌ചത്തെ പത്രത്തിൽ മൂന്ന് മുഖപേജുണ്ട്. മൂന്നിലും സർക്കാരിനെതിരെ നിറയെ നുണവാർത്തകൾ.
ഒന്നാമത്തെ മുഖപേജിൽ 2022–23ലെ ഐടി ഇടനാഴികൾ കടലാസ് ഇടനാഴികളായി എന്നാണ് വാർത്ത. ഇതിന്റെ പുരോഗതി ഐടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡിന്റെ വെബ്‌സൈറ്റിലുണ്ട്. പ്രഖ്യാപിച്ചാലുടൻ ഒന്നോ രണ്ടോ മാസംകൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതല്ല, ദീർഘകാല പദ്ധതിയാണത്. ദേശീയപാത 66-ന് സമാന്തരമായുള്ള ഇടനാഴികൾക്കായി സ്ഥലം കണ്ടെത്തൽ പുരോഗമിക്കുന്നു. 76 ലൊക്കേഷനുകളിലായി 5000 ഏക്കർ കണ്ടെത്തി. തിരുവനന്തപുരം–കൊല്ലം ഇടനാഴിയിൽ 15 സ്ഥലങ്ങൾ ഷോർട്ട്‌ലിസ്‌റ്റ് ചെയ്തു. കൊല്ലം കോർപറേഷൻ ഏഴ് ഏക്കർ സ്ഥലം വിട്ടുകൊടുത്തു. എസ്‌പിവി സ്ഥാനത്തുനിന്ന് കെഎസ്‌ഐടിഎല്ലിനെ ഒഴിവാക്കിയെന്ന കള്ളവും പത്രം നിരത്തിയിട്ടുണ്ട്.
വികസനം കടംകഥ എന്നാണ് രണ്ടാമത്തെ മുഖപേജിലെ പ്രധാനവാർത്ത. ഭരണച്ചെലവ് വെട്ടിക്കുറയ്‌ക്കണമെന്ന് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്‌റ്റഡീസ് നിർദേശിച്ചുവെന്നും കടമെടുത്തിട്ടും വികസനത്തിന് പണമില്ലെന്നുമാണ് കണ്ടെത്തൽ. സിഡിഎസിനോട് സർക്കാർ നിർദേശം തേടിയിട്ടില്ല. ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരിപ്പിച്ചപ്പോൾത്തന്നെ നടപ്പാക്കാവുന്നതേ പറയൂ എന്ന് മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. കടമെടുക്കുന്നത് വികസനത്തിന് മാത്രമല്ലെന്ന് മനോരമയ്‌ക്ക് അറിയാതെയല്ല. സംസ്ഥാനത്തിനുള്ള വിഹിതം കേന്ദ്രം കുറയ്‌ക്കുമ്പോഴും തനത് വരുമാനം വർധിപ്പിച്ചും സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയും കേരളം നടത്തുന്ന ധനമാനേജ്‌മെന്റിനെ സിഎജിയും റിസർവ് ബാങ്കും പ്രശംസിച്ചിട്ടുമുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ ആഹ്ലാദചിത്തരായ യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നതാണ് അടുത്തിടെയുള്ള സംഭവവികാസങ്ങൾ. ഇത്തവണയും പ്രതിപക്ഷത്തുതന്നെ എന്ന സർവേ റിപ്പോർട്ടുകൾ ഉറക്കം കെടുത്തുമ്പോഴാണ് നുണക്കഥയുണ്ടാക്കി യുഡിഎഫിന് ജാഥയിൽ പ്രസംഗിക്കാൻ മനോരമ കാപ്‌സ്യൂൾ നൽകുന്നത്.
വികസനത്തിന്റെ നട്ടെല്ലാകും ഐടി ഇടനാഴികൾ
മുമ്പൊരിക്കലുമില്ലാത്ത വളർച്ചയും നിക്ഷേപവുമാണ് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ കേരളത്തിലുണ്ടായത്. 2022–23 ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച ഐടി ഇടനാഴി പദ്ധതി സംസ്ഥാനത്തിന്റെ ഐടി വികസനത്തിന്റെ നട്ടെല്ലാവുകയാണ്.
ദേശീയപാത 66ന് സമാന്തരമായുള്ള ഐടി ഇടനാഴി പദ്ധതിയുടെ ഭാഗമായ കൊല്ലം ഐടി പാർക്ക് നഗരഹൃദയത്തിലാണ് സ്ഥാപിക്കുക. പദ്ധതിയുടെ എസ്‌പിവിയാകുന്നത് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കിറ്റ്ഫ്ര) ആണ്. ഐടി കെട്ടിടത്തിന്റെ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഐടി ഇടനാഴിയുടെ ഭാഗമായി കണ്ടെത്തിയയിടങ്ങളിൽ പിപിപി മാതൃകയിൽ പദ്ധതികൾ ആസൂത്രണം ചെയ്യാൻ സ്വകാര്യ നിക്ഷേപകരുമായി ചർച്ച പുരോഗമിക്കുന്നു. തിരുവനന്തപുരം പള്ളിപ്പുറത്ത് 187 കോടി ചെലവിൽ സ്പേസ് പാർക്ക് പദ്ധതിയും ഡിജിറ്റൽ യൂണിവേഴ്സിറ്റി വികസനത്തിന്റെ ഭാഗമായി 237 കോടി ചെലവിൽ ഡിജിറ്റൽ സയൻസ് പാർക്കും നടപ്പാകുന്നു.
കിറ്റ്ഫ്ര നടപ്പാക്കുന്ന കണ്ണൂർ ഐടി പാർക്കിന്റെ ടെൻഡർ നടപടി അന്തിമഘട്ടത്തിലാണ്. 317 കോടി രൂപ ചെലവിൽ അഞ്ചുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് കിഫ്ബി ധനസഹായത്തോടെ യാഥാർഥ്യമാകുന്നത്.
മലബാറിന്റെ ഐടി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകി സൈബർ പാർക്കിന്റെ രണ്ടാംഭാഗം 200 കോടി മുതൽമുടക്കിൽ നബാർഡ് സഹായത്തോടെ നടപ്പാക്കാനുള്ള പ്രവർത്തനം അന്തിമഘട്ടത്തിലാണ്. സൈബർ പാർക്കിലെ കിറ്റ്ഫ്രയുടെ ഭൂമി കമ്പനികൾക്ക് പാട്ടത്തിനു നൽകുന്നതിനും നടപടിയാകുന്നു. കാലിനോവ, ആഷ്ടെൽ, ഹൈലൈറ്റ്, സാൻഡ് ബോക്സ്, ഗുഡ് എർത്ത്, കെഎംസിടി തുടങ്ങിയ കമ്പനികൾ 1500 കോടിയോളം രൂപയുടെ നിക്ഷേപത്തിന് തയ്യാറായിട്ടുണ്ട്. ഇതിലൂടെ 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ; നിയമനം നടത്താതെ റാങ്ക്പട്ടിക റദ്ദാക്കില്ല
സംസ്ഥാനത്തെ കോളേജുകളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന്റെ പിഎസ്-സി റാങ്ക് പട്ടിക, നിയമനം നടക്കാതെ റദ്ദാകില്ലെന്നിരിക്കേ പിഎസ്-സിയെയും സര്‍ക്കാരിനെയും താറടിക്കാനുള്ള ശ്രമത്തിൽ യുഡിഎഫ് പത്രം. അഞ്ച് വര്‍ഷത്തിനിടെ 182 അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന വസ്തുത മറച്ചുവച്ചാണ് കള്ളപ്രചാരണം.
കന്നട, ബയോടെക്നോളജി, മ്യൂസിക്, ഫ്രഞ്ച്, തമിഴ് വിഷയങ്ങളിലാണ് നിയമനം നടന്നത്. റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാര്‍ക്ക് നിയമനം നല്‍കിയില്ലെന്ന് പറയുന്ന ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി വിഷയങ്ങളില്‍ ഓരോ നിയമനങ്ങള്‍ നടന്നിട്ടുമുണ്ട്. പിഎസ്-സി റൊട്ടേഷന്‍ പ്രകാരം പെന്‍ഡിങ്ങായിരുന്ന ഭിന്നശേഷിക്കാരെയാണ് നിയമിച്ചത്. പിന്നീട് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ഒന്നാംറാങ്കുകാരനെ പരിഗണിക്കാന്‍ കഴിഞ്ഞില്ല. ഉറുദു, സോഷ്യോളജി എന്നിവയില്‍ ഒഴിവ് വരുന്നമുറയ്ക്ക് നിയമനനടപടി ആരംഭിക്കും.
റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാലും ഇവരുടെ അവസരം നഷ്ടമാകില്ല. ഇതിന് പിഎസ്‌സിയുടെ പ്രത്യേക മാര്‍ഗനിര്‍ദേശമുണ്ട്. പട്ടികയുടെ കാലാവധി ഒരുവര്‍ഷമാണെങ്കില്‍ പരമാവധി മൂന്നുവര്‍ഷംവരെ നീട്ടാമെന്ന് പിഎസ്-സി കമീഷന്റെ ചട്ടങ്ങളില്‍ പറയുന്നു. മൂന്ന് വര്‍ഷമായിട്ടും നിയമനം നടന്നില്ലെങ്കില്‍ വീണ്ടും ഒരു വര്‍ഷത്തേക്കുകൂടി നീട്ടും. തുടര്‍ന്നും ആദ്യ നിയമനം നടന്നില്ലെങ്കില്‍ അത് നടക്കുംവരെ റാങ്ക് പട്ടിക പ്രാബല്യത്തിലുണ്ടാകുമെന്ന് പിഎസ്‌സി കമീഷന്‍ ചട്ടം 13ല്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം റാങ്ക് പട്ടികയില്‍നിന്നുതന്നെ പിഎസ്-സി അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്. മാത്രമല്ല 115 ഒഴിവുകള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് പിഎസ്--സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍സിപ്പല്‍ നിയമനം നടക്കുമ്പോള്‍ വീണ്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുമാകും.









0 comments