print edition ആമയിഴഞ്ചാൻ തോടിന്റെ ഭിത്തി പുനർനിർമിക്കാത്തത് തിരിച്ചടി

ആമയിഴഞ്ചാൻ തോടിന്റെ തകർന്ന സംരക്ഷണ ഭിത്തിയിലൂടെ ഒഴുകിയ മാലിന്യം. പഴവങ്ങാടിയിൽ നിന്നുള്ള ദൃശ്യം
ചാല: കോർപറേഷന്റെ മഴക്കാലപൂർവ ശുചീകരണം പാളിയതോടെ ചെറിയ മഴയിലും വെള്ളത്തിൽ മുങ്ങി നഗരം.
മഴക്കാലപൂർവ ശുചീകരണത്തിന്റെ പേരിൽ പഴവങ്ങാടി ക്ഷേത്രത്തിനുസമീപം ആമയിഴഞ്ചാൻ തോടിന്റെ കരിങ്കൽഭിത്തി പൊളിച്ച് ജെസിബികൊണ്ട് ചെളി കോരിയിരുന്നു. പലതവണ പരാതിപ്പെട്ടെങ്കിലും പൊളിച്ച ഭിത്തി ഒരുമാസത്തിലധികമായിട്ടും പുനർനിർമിച്ചില്ല. ശനിയാഴ്ചയിലെ മഴയിൽ, പൊളിഞ്ഞ ഭിത്തിവഴി മലിനജലം കരയിലേക്ക് ഒഴുകുകയായിരുന്നു.
ആദ്യമായാണ് പഴവങ്ങാടി ഭാഗത്ത് ഇത്തരത്തിൽ മലിനജലം കരയിലേക്ക് ഒഴുകിയെത്തുന്നത്. വെള്ളത്തിൽ കരയിലേക്കെത്തിയ മാലിന്യം പരിസരമാകെ വ്യാപിച്ചു. ഓടയിൽനിന്ന് കോരിയിട്ടിരുന്ന ചെളിയും മാലിന്യവും പരിസരത്താകെ ഒഴുകിപ്പടർന്നു.
പഴവങ്ങാടി ക്ഷേത്രപരിസരം, തകരപ്പറമ്പ്, രാമചന്ദ്ര ലെയ്ൻ, കിഴക്കേകോട്ട ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മലിനജലം കയറി. വഴിയോരക്കച്ചവടക്കാരും യാത്രക്കാരും ദുരിതത്തിലായി. വീടുകളിലേക്കും കച്ചവടസ്ഥാപനങ്ങളിലേക്കും മലിനജലം കയറി. കഴിഞ്ഞമാസം കോർപറേഷൻ ഇളക്കിമാറ്റിയ സ്ലാബുകൾ പുനർനിർമിക്കാത്തതും അപകടഭീഷണിയിലാണ്. വെള്ളം പൊങ്ങിയതോടെ സ്ലാബ് മാറ്റിയ ഭാഗങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല.
നഗരത്തിലെ ദുരവസ്ഥയ്‌ക്കെതിരെ നാട്ടുകാരും വ്യാപാരികളും പ്രതിഷേധിച്ചു. കോർപറേഷൻ അനാസ്ഥ അവസാനിപ്പിക്കണമെന്നും ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നും സിപിഐ എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.









0 comments