print edition ‘കടക്കഥ’യും പൊളിഞ്ഞു; ആ രൊക്കത്തിൽ കടമില്ല


സ്വന്തം ലേഖകൻ
Published on May 27, 2026, 02:57 AM | 1 min read
തിരുവനന്തപുരം: ഖജനാവിൽ ‘നയാപൈസയില്ല’ എന്ന വാർത്ത എട്ടുനിലയിൽ പൊട്ടിയപ്പോൾ ‘കടമെടുപ്പ്’ കഥയിറക്കി യുഡിഎഫ് പത്രം. ഇൗ സാമ്പത്തികവർഷത്തിലെ ആദ്യ കടമെടുപ്പ് മെയ് 12നായിരിക്കെ ഏപ്രിലിൽ 11,503 കോടി രൂപ കടമെടുത്തെന്നാണ് വെളിപാട്. കെപിസിസി ഡിജിറ്റൽ മീഡിയ ഇറക്കിയ ക്യാപ്‌സ്യൂൾ മനോരമ ലേഖകൻ അതേപടി വിഴുങ്ങിയതാണ് സംഭവം. ഖജനാവിലുള്ള ഏപ്രിൽ മാസത്തെ നീക്കിയിരിപ്പായ 5429 കോടിയിൽ ഇൗ വർഷം കടമെടുത്ത പണം വരില്ലെന്ന് മെയ് 22ന് ഇതേ പത്രംതന്നെ വാർത്ത കൊടുത്തിട്ടുണ്ട്.
ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പാക്കാതിരിക്കാൻ വളഞ്ഞ് മൂക്കിൽ പിടിച്ച എ കെ ആന്റണിയാണ് ‘നയാപൈസയില്ലാ’ കഥ ആദ്യം ഇറക്കിയത്. ഇത് തെറ്റാണെന്നും സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് 31ന് ഖജനാവിൽ ആറായിരം കോടി രൂപയുണ്ടെന്നും മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ അന്നുതന്നെ മറുപടിനൽകി. എന്നിട്ടും കരച്ചിൽ യുഡിഎഫ് പത്രം ആവർത്തിച്ചു. ഖജനാവിൽ മെയ് ഒന്നിന് 5429 കോടി ബാക്കിയുണ്ടെന്ന വിവരാവകാശരേഖ പുറത്തുവന്നതോടെ അത് പൊളിഞ്ഞു.
ആ ക്ഷീണം മാറ്റാൻ കൊണ്ടുവന്നതും നെഞ്ചത്തിരുന്ന് പൊട്ടുന്ന സ്ഥിതിയാണ്. ഏപ്രിലിൽ 11,503 കോടി കടമെടുത്തെന്ന് സിഎജി റിപ്പോർട്ടുണ്ടെന്നാണ് പത്രം പറയുന്നത്. ഇതറിഞ്ഞ് സിഎജിവരെ ഞെട്ടിയെന്നാണ് നാട്ടുസംസാരം. ഇൗ വർഷം ഡിസംബർവരെ 23,000 കോടിമാത്രമേ കടമെടുക്കാനാകൂ. അതും ഘട്ടംഘട്ടമായി മാത്രം.
ഭരണംമാറിയശേഷം മെയ് 12നാണ് ആദ്യഘട്ടം 2800 കോടി രൂപ കടമെടുത്തത്. മെയ് 26ന് 1800 കോടി കടമെടുക്കാനുള്ള ലേലം റിസർവ് ബാങ്കിന്റെ മുംബൈ ഓഫീസിൽ നടക്കുകയും ചെയ്യും. എന്നാലും,11,503 കോടി എവിടെയാണോ ആവോ.









0 comments