ad
Deshabhimani

അതിദാരിദ്രരില്ലാത്ത കേരളം

അർഹരെ കണ്ടെത്തിയത് സമൂഹത്തിന്റെ കണ്ണിലൂടെ

sarada muraleedharan
വെബ് ഡെസ്ക്

Published on Nov 01, 2025, 07:27 AM | 2 min read

തിരുവനന്തപുരം: 64,006 കുടുംബങ്ങളെ തിരിച്ചറിയാനുള്ള ബൃഹദ്പദ്ധതിയിൽ പങ്കാളികളായത് 13.74 ലക്ഷത്തോളം പേരെന്ന് മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. കൃത്യമായ മാസ്റ്റർ പ്ലാനോടെയാണ് ഇത് സാധ്യമാക്കിയതെന്നും പദ്ധതിയുടെ ആദ്യഘട്ടം മുതൽ പങ്കാളിയായ ശാരദ മുരളീധരൻ പറഞ്ഞു.


​അതിദരിദ്രരെ കണ്ടെത്താനും ആവശ്യങ്ങൾ നിറവേറ്റാനും മുമ്പും ശ്രമം നടന്നിട്ടുണ്ട്‌. ഈ ശ്രമങ്ങൾ നടന്നപ്പോഴൊക്കെ എല്ലാ സർവേകളുടെയും പരിധിക്കുപുറത്ത് അതിദരിദ്രരുണ്ടായിരുന്നു. തെറ്റായ ഉൾപ്പെടുത്തലും ഒഴിവാക്കലും അശാസ്ത്രീയമായ മാനനദണ്ഡങ്ങളും ‌ആ സർവേകളിൽ മുഴച്ചുനിന്നു. എന്നാൽ, ഈ സർക്കാർ അതിദരിദ്രരെ കണ്ടെത്തിയത് ഔപചാരിക സർവേയിലൂടെയല്ല. കുടുംബത്തിന്റെ വരുമാനവും ആസ്തിയും നിർണയിക്കുന്ന ചോദ്യാവലിയിലൂടെയുമല്ല. സമൂഹത്തിന്റെ എല്ലാത്തട്ടിലുമുള്ള ആളുകളുമായി അടുത്ത ബന്ധം പുലർത്തുന്ന സമൂഹത്തിന്റെ കണ്ണിലൂടെയാണ്.


ആരോഗ്യം, ഭക്ഷണം, വരുമാന മാർഗം, ജീവിത സാഹചര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിന്നു വിവരശേഖരണം. ആദിവാസികൾ, പട്ടികജാതിക്കാർ, തീരദേശ ജനത, നഗത്തിൽ ദുരിതം അനുഭവിക്കുന്ന ജനത, എച്ച്ഐവി/എയ്ഡ്‌സ് ബാധിതർ, കേരളത്തിൽതുടരുന്ന അവിദഗ്ധ തൊഴിലാളി കുടിയേറ്റ കുടുംബങ്ങൾ, അനാഥരായ കുട്ടികൾ, എൽജിബിടിക്യൂ ഐഐ വിഭാഗങ്ങൾക്ക്‌ മുൻഗണന നൽകി. കുടുംബശ്രീ, ആശ, അങ്കണവാടി ജീവനക്കാർ, അയൽപക്ക കൂട്ടായ്മകൾ എന്നിവരുടെ സഹായത്തോടെയാണ്‌ സഹായം വേണ്ടവരെ കണ്ടെത്തിയത്‌.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, പാലിയേറ്റീവ് കെയറുകൾ, സാമൂഹിക പ്രവർത്തകർ, തൊഴിലാളികൾ, -എസ്‌സി, എസ്ടി പ്രൊമോട്ടർമാർ എന്നിങ്ങനെ എല്ലാവരെയും ഇ‍ൗ പ്രവർത്തനത്തിൽ ഉൾപ്പെടുത്തി. ഒരു പക്ഷപാതവും ഇല്ലാതെ വിവരങ്ങളെ ശാസ്ത്രീയമായി സംസ്കരിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. വിവിധ തലങ്ങളിലുള്ള ചർച്ചകൾക്കും പരിശോധനകൾക്കും ശേഷമാണ് അവ പരിഷ്കരിച്ച് അന്തിമമാക്കിയതെന്നും ശാരദ മുരളീധരൻ പറഞ്ഞു.


അതിദരിദ്രർ 
ആരൊക്കെ


അതിജീവനത്തിനുള്ള അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കാനാകാതെ പ്രതിസന്ധിയിലായ വിഭാഗമാണ് അതിദരിദ്രർ. ലോകബാങ്ക്‌ നിർവചനമനുസരിച്ച് പ്രതിദിനം 180 രൂപയിൽതാഴെ വരുമാനമുള്ളവരാണ് ഇതിൽ. ഇന്ത്യയുടെ ബഹുമുഖദാരിദ്ര്യ സൂചിക (എംപിഐ) പോഷകാഹാരം, ഭവനം, ശുചിത്വം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയാണ്‌ പരിഗണിക്കുക.


2021 ജൂലൈ 16ന്‌ സംസ്ഥാന സർക്കാർ അതിദരിദ്രരെ കണ്ടെത്തുന്നതിന്‌ മാർഗരേഖ ഇറക്കി. ബാഹ്യസഹായം ഇല്ലാതെ ജീവിക്കാനാകാത്ത, അശരണരും നിരാലംബരും അഗതികളുമായവരെയാണ് അതിദരിദ്രരായി കണക്കാക്കേണ്ടത്. തെരുവിൽ കഴിയുന്നവർ, മറ്റ്‌ വരുമാന സാധ്യതകളോ ആസ്തികളോ ഇല്ലാതെ അതിജീവനം പ്രതിസന്ധിയിലായ ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ മാത്രമുള്ള കുടുംബങ്ങൾ, മറ്റ്‌ വരുമാന സാധ്യതകളോ ആസ്തിയോ തൊഴിൽശേഷിയോ ഇല്ലാത്ത കുടുംബങ്ങൾ തുടങ്ങിയവർ അതിദരിദ്രരാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home