ആറു മാസം കൊണ്ട് കീഴ്മേൽ മറിഞ്ഞ പ്രവാസി ക്ഷേമം

പ്രവാസികളെ ചേർത്തുപിടിച്ച ഭരണത്തിൽനിന്ന് അവരെ കൈവിടുന്ന ഭരണത്തിലേക്ക് കേരളം മാറി. പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകി അധികാരത്തിലെത്തിയ സർക്കാർ ഇന്ന് അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഒന്നൊന്നായി അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്ന കാഴ്ചയാണ് കാണുന്നത്.
കഴിഞ്ഞ പത്തുവർഷംകൊണ്ട് പ്രവാസി സമൂഹത്തിനായി രൂപപ്പെടുത്തിയ ക്ഷേമ സംവിധാനങ്ങൾ കേവലം രാഷ്ട്രീയ നേട്ടങ്ങൾക്കായി സൃഷ്ടിച്ച പദ്ധതികളായിരുന്നില്ല. പ്രവാസികളുടെ ആരോഗ്യസുരക്ഷ, വാർധക്യകാല സംരക്ഷണം, നിക്ഷേപ സുരക്ഷ, കുടുംബങ്ങളുടെ ക്ഷേമം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങി ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ അവർക്ക് താങ്ങാകുന്ന സംവിധാനങ്ങളായിരുന്നു അവ. എന്നാൽ ഇന്ന് പെൻഷൻ മുടങ്ങുന്നു. ധനസഹായ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. സാന്ത്വനം പദ്ധതി നിലച്ചിരിക്കുന്നു. വായ്പാ സബ്സിഡി ലഭിക്കുന്നില്ല. ഇൻഷുറൻസ് പ്രീമിയം വർധിക്കുന്നു. ഡിവിഡന്റ് പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. നോർക്കയിലും ക്ഷേമനിധി ബോർഡിലും ഭരണപരമായ പ്രതിസന്ധി നിലനിൽക്കുന്നു.
മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ആദ്യ ബജറ്റിൽ തന്നെ പ്രവാസി ക്ഷേമത്തിനായി വ്യക്തമായ സാമ്പത്തിക വിഹിതം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു. തുടർന്നിങ്ങോട്ട് പ്രവാസികൾക്കായുള്ള സേവനങ്ങളും ക്ഷേമ പദ്ധതികളും ഇല്ലാതാവുന്നതാണ് കാണുന്നത്.
നോർക്ക കെയർ പദ്ധതി പ്രതിസന്ധിയിൽ
പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്സ് മുഖേന എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പ്രധാന പദ്ധതിയാണ് നോർക്ക കെയർ ഇൻഷുറൻസ്. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങൾക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ യുഡിഎഫ് സർക്കാർ പ്രീമിയം തുക ഭീമമായി വർധിപ്പിച്ചു.സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന ഈ സമീപനം പദ്ധതിയുടെ യഥാർഥ ലക്ഷ്യത്തെത്തന്നെ ചോദ്യം ചെയ്യുന്നു.
ലോക കേരള സഭ പിരിച്ചുവിട്ടു
മലയാളി പ്രവാസികളുടെ ആശയങ്ങളും അനുഭവങ്ങളും നിർദേശങ്ങളും കേരളത്തിന്റെ വികസന ചർച്ചകളിൽ ഉൾപ്പെടുത്തുന്നതിനായി രൂപീകരിച്ച ലോക കേരള സഭ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ ജനാധിപത്യ വേദിയാണ്. ഈ സംവിധാനം ആവിഷ്കരിച്ച് യാഥാർഥ്യമാക്കിയത് എൽഡിഎഫ് സർക്കാരാണ്. പ്രവാസികളെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരങ്ങൾ കണ്ടെത്താനും രൂപപ്പെടുത്തിയ ഈ വേദി പ്രവാസി സമൂഹത്തിന് നൽകിയത് വലിയ അംഗീകാരമായിരുന്നു. എന്നാൽ ഈ സംവിധാനത്തെ പിരിച്ചു വിടുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്.
പ്രവാസി ക്ഷേമനിധി പെൻഷൻ
പ്രവാസി ക്ഷേമനിധിയുടെ കാര്യത്തിൽ കഴിഞ്ഞ സർക്കാർ നടത്തിയ ഇടപെടലുകൾ പ്രത്യേകം എടുത്തുപറയേണ്ടതാണ്. വെറും 500 രൂപയായിരുന്ന പ്രവാസി പെൻഷൻ 3000 വും 3500 രൂപയായും ഉയർത്തി. പെൻഷൻ വിതരണം മുടങ്ങാതിരിക്കാനും കുടിശ്ശിക വരാതിരിക്കാനും പ്രവാസി ക്ഷേമനിധി ബോർഡിന് പ്രത്യേക പരിഗണനയും സാമ്പത്തിക പിന്തുണയും നൽകി.
എന്നാൽ ഇന്ന് പ്രവാസി ക്ഷേമനിധി പെൻഷൻ നാല് മാസമായി മുടങ്ങി. പെൻഷൻ പ്രതീക്ഷിച്ച് കഴിയുന്ന പതിനായിരക്കണക്കിന് പ്രവാസികൾ ആശങ്കയിലാണ്. ചികിത്സാ സഹായം ഉൾപ്പെടെയുള്ള വിവിധ ധനസഹായ പദ്ധതികളുടെ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. അർഹരായവർക്ക് സമയബന്ധിതമായി സഹായം ലഭിക്കുന്നില്ല. വർഷങ്ങളോളം പ്രവാസജീവിതം നയിച്ച് മടങ്ങിയെത്തിയവരുടെ വാർധക്യകാല സുരക്ഷ ഉറപ്പാക്കേണ്ട ക്ഷേമനിധി തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.
നോർക്കയിലും പ്രവാസി ക്ഷേമനിധി ബോർഡിലും ഭരണസംവിധാനം എവിടെ?
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറ് മാസത്തിന്ശേഷവും നോർക്ക റൂട്ട്സിലും പ്രവാസി ക്ഷേമനിധി ബോർഡിലും ആവശ്യമായ ഭരണസംവിധാനവും നേതൃത്വപരമായ തീരുമാനമെടുക്കൽ സംവിധാനവും ഇല്ല. ഭരണപരമായ ഈ അനിശ്ചിതത്വം പല നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനും ക്ഷേമപദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും തടസമാകുന്നു.
സ്ഥാപനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ട സമയത്ത് ഭരണപരമായ തീരുമാനങ്ങൾ വൈകുന്നതും ഉത്തരവാദിത്തപ്പെട്ട സംവിധാനങ്ങളുടെ അഭാവവും പ്രവാസി സമൂഹത്തെ നേരിട്ട് ബാധിക്കുകയാണ്. ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന കാലതാമസം അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്നു.
നോർക്ക സാന്ത്വനം ധനസഹായവും ക്ഷേമനിധി ധനസഹായങ്ങളും നിലച്ചു
പ്രവാസികൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്രയമായിരുന്ന നോർക്ക സാന്ത്വനം പദ്ധതിയിലൂടെയുള്ള ധനസഹായങ്ങൾ നിലച്ചു. രോഗം, അപകടം, മരണം, സാമ്പത്തിക പ്രയാസങ്ങൾ തുടങ്ങിയ ദുരിതസാഹചര്യങ്ങളിൽ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം നൽകേണ്ട പദ്ധതികൾ പ്രവർത്തനരഹിതമാകുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നു.
പ്രവാസി ക്ഷേമനിധി ബോർഡിന്റെ ചികിത്സാ സഹായം ഉൾപ്പെടെയുള്ള വിവിധ ധനസഹായ പദ്ധതികൾക്കായി അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സഹായം ലഭിക്കേണ്ട ഏറ്റവും നിർണായകമായ സമയത്ത് അത് ലഭിക്കാതെ പോകുന്നത് പദ്ധതികളുടെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നു.
പ്രവാസി സംരംഭകരും ആശങ്കയിൽ
മടങ്ങിയെത്തിയ പ്രവാസി സംരംഭകരെ സഹായിക്കാൻ നടപ്പിലാക്കിയ പ്രവാസി വായ്പാ പദ്ധതിയുടെ സബ്സിഡി ലഭ്യമല്ലാത്ത സാഹചര്യം നിലനിൽക്കുന്നു. നാട്ടിൽ സംരംഭങ്ങൾ ആരംഭിച്ച് സ്വയംതൊഴിൽ കണ്ടെത്താൻ ആഗ്രഹിച്ചവർക്ക് ഈ സഹായം വലിയ ആശ്വാസമായിരുന്നു. വായ്പയെടുത്ത് സംരംഭങ്ങൾ ആരംഭിച്ചവർക്കും പുതിയ സംരംഭങ്ങൾ ആസൂത്രണം ചെയ്യുന്നവർക്കും സബ്സിഡി ലഭിക്കാത്തത് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു.
പ്രവാസി ഡിവിഡന്റ് പദ്ധതി അനിശ്ചിതത്വത്തിൽ
പ്രവാസികളുടെ ദീർഘകാല സമ്പാദ്യത്തിന് സുരക്ഷയും വരുമാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ശ്രദ്ധേയമായ പദ്ധതിയാണ് പ്രവാസി ഡിവിഡന്റ്. പ്രവാസികൾക്കും അവരുടെ മൂന്നു തലമുറകൾക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ദീർഘകാല നിക്ഷേപ മാതൃകയായിരുന്നു ഇത്. ഈ പദ്ധതിയിലൂടെ ഏകദേശം 400 കോടി രൂപ കിഫ്ബിയിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. പ്രവാസികളുടെ സമ്പാദ്യം നാടിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുന്നതിനൊപ്പം നിക്ഷേപകർക്ക് ദീർഘകാല സാമ്പത്തിക നേട്ടം ഉറപ്പാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
എന്നാൽ കിഫ്ബിയുടെ ഘടനയിൽ മാറ്റം വരുത്താനും പുനഃസംഘടിപ്പിക്കാനുമുള്ള സർക്കാർ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഭാവിയെക്കുറിച്ചും നിക്ഷേപകർക്ക് ആശങ്കയുണ്ട്. പ്രവാസികളുടെ അധ്വാനഫലമായി സമ്പാദിച്ച പണമാണ് ഈ പദ്ധതിയിൽ നിക്ഷേപിച്ചിരിക്കുന്നത്. അതിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്.
പ്രവാസി ക്ഷേമത്തിന് സർക്കാർ നൽകുന്ന മുൻഗണനയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്ന സാഹചര്യങ്ങളാണിവ. മുടങ്ങിക്കിടക്കുന്ന പ്രവാസി ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം. ചികിത്സാ സഹായം ഉൾപ്പെടെയുള്ള എല്ലാ ധനസഹായ അപേക്ഷകളിലും സമയബന്ധിതമായി തീരുമാനമെടുക്കണം. നോർക്ക സാന്ത്വനം പദ്ധതി പുനരാരംഭിക്കണം. പ്രവാസി വായ്പാ സബ്സിഡി പുനഃസ്ഥാപിക്കണം. നോർക്ക റൂട്ട്സിലും ക്ഷേമനിധി ബോർഡിലും ആവശ്യമായ ഭരണസംവിധാനം ഉറപ്പാക്കണം. നോർക്ക കെയർ ഇൻഷുറൻസ് സാധാരണ പ്രവാസികൾക്ക് താങ്ങാനാകുന്ന പ്രീമിയത്തിൽ തുടരാൻ നടപടി സ്വീകരിക്കണം. പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ നിക്ഷേപങ്ങളുടെ സുരക്ഷയും തുടർച്ചയും ഉറപ്പാക്കണം. പ്രവാസികളെ ചേർത്തുപിടിച്ച ക്ഷേമനയങ്ങൾ തകർക്കാനുള്ള ഏത് നീക്കത്തിനെതിരെയും ശക്തമായ ജനകീയ പ്രതിഷേധം ഉയരേണ്ടതുണ്ട്.
കെ സി സജീവ് തൈക്കാട്
കേരള പ്രവാസി സംഘം സംസ്ഥാന ട്രഷററാണ് ലേഖകൻ








0 comments