ബാധ ഒഴിപ്പിക്കലിന്റെ മറവിൽ പീഡനം: പൂജാരി കുറ്റക്കാരൻ, വിധി 28ന്

തിരുവനന്തപുരം: ബാധയൊഴിപ്പിക്കലിന്റെ മറവിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ കണ്ണമ്മൂല ബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര പൂജാരി എറണാകുളം പറവൂർ കണ്ടാംതറ സ്വദേശിയും ചെല്ലമംഗലം ജനത റോഡ് ഭഗവതി മന്ദിരത്തിൽ താമസക്കാരനുമായ ബിനീഷ് (45) കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ശനിയാഴ്ച വിധിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്‌ജി എം പി ഷിബുവാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2019-നാണ് കേസിനാസ്പദമായ സംഭവം.
പരീക്ഷാപ്പേടി മാറാനാണ് മാതാവ് കുട്ടിയെ പൂജാരിയുടെ അടുത്തെത്തിച്ചത്. ബാധ ഉപദ്രവം ഉള്ളതിനാലാണ് പരീക്ഷയെ പേടിയെന്ന് പ്രതി കുട്ടിയുടെ അമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജ വേണമെന്നും പറഞ്ഞു. കുട്ടിയെ പൂജാമുറിയിൽ കയറ്റിയ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പൂജയ്ക്കായി ഉപയോഗിച്ച മരപ്പാവകൊണ്ടും കുട്ടിയെ ഇയാൾ ഉപദ്രവിച്ചു. എന്നാൽ, പെൺകുട്ടിയുടെ പേടി മാറാത്തതോടെ അമ്മ ഡോക്ടറെ കാണിച്ചു. ഇതോടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസിനെയും അറിയിച്ചു.
പൂജാമുറി പരിശോധിച്ച തിരുവല്ലം എസ്ഐ കെ എൽ സമ്പത്ത് 51 മരപ്പാവകൾ പിടിച്ചെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഈ പാവകളിൽനിന്ന് തന്നെ ഉപദ്രവിക്കാൻ പ്രതി ഉപയോഗിച്ച തടിപ്പാവ പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ്, അഭിഭാഷകയായ വി സി ബിന്ദു എന്നിവർ ഹാജരായി.










0 comments