റോഡ് പണിയുടെ ബില്ല് മാറാൻ കൈക്കൂലി വാങ്ങി: എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് 5 വർഷം കഠിനതടവും പിഴയും

Representative Image
തിരുവനന്തപുരം: റോഡ് നിർമ്മാണത്തിന്റെ അവസാന ഗഡു ബില്ല് പാസാക്കി നൽകുന്നതിനായി കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ പ്രത്യേക വിജിലൻസ് കോടതി ശിക്ഷിച്ചു.
പാറ്റൂർ അലാസ് പാർക്ക് ഡെയിലിൽ താമസക്കാരനും നിലവിൽ കമലേശ്വരം ചീഫ് ഇഞ്ചിനീയർ ഓഫീസിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ ദിനേശ് ശങ്കറിനെയാണ് കോടതി അഞ്ച് വർഷം കഠിന തടവിനും 40,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം.
പ്രതി ദിനേശ് ശങ്കർ മുൻപ് വിഴിഞ്ഞം ഹാർബർ എഞ്ചിനീയറിംഗ് ഓഫീസിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആയിരുന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചിറയിൻകീഴ് മടപുരം സ്വദേശിയായ കരാറുകാരൻ മണിക്കുട്ടനിൽ നിന്നാണ് ഇയാൾ 20,000 രൂപ കൈക്കൂലി വാങ്ങിയത്.
മണിക്കുട്ടൻ കരാറെടുത്ത് പൂർത്തിയാക്കിയ 8,10,000 രൂപ നിർമ്മാണ ചെലവ് വരുന്ന കുന്നുവിള - പുതിയപാലം റോഡ് നിർമ്മാണത്തിന്റെ ബില്ല് മാറാനാണ് എഞ്ചിനീയർ പണം ആവശ്യപ്പെട്ടത്. ഈ പ്രവൃത്തിയുടെ അവസാന ഗഡുവായ 2,50,000 രൂപയുടെ ബില്ല് പാസാക്കി നൽകുന്നതിനാണ് ദിനേശ് ശങ്കർ 20,000 രൂപ കൈക്കൂലി ചോദിച്ചത്.
അഴിമതിക്ക് വഴങ്ങാൻ തയ്യാറാകാതിരുന്ന മണിക്കുട്ടൻ വിവരം വിജിലൻസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം ഫിനോഫ്തലിൻ പുരട്ടി നൽകിയ കറൻസി നോട്ടുകളുമായി മണിക്കുട്ടൻ ദിനേശ് ശങ്കറിനെ സമീപിച്ചു. വാഴമുട്ടം സ്‌കൂളിന് മുന്നിൽ വെച്ച് മണിക്കുട്ടൻ ഈ കൈക്കൂലിപ്പണം പ്രതിക്ക് കൈമാറി.
തുക കൈപ്പറ്റിയ ഉടൻ തന്നെ സമീപത്ത് ഒളിച്ചിരുന്ന വിജിലൻസ് സംഘം ദിനേശ് ശങ്കറിനെ കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ രാസപരിശോധനയിൽ ഇയാളുടെ കൈകളിൽ ഫിനോഫ്തലിന്റെ സാന്നിധ്യം കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
വിശദമായ സാക്ഷിവിസ്താരത്തിനും തെളിവെടുപ്പുകൾക്കും ശേഷമാണ് വിജിലൻസ് പ്രത്യേക കോടതി പ്രതിക്ക് കഠിനതടവ് വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ കോടതിയിൽ ഹാജരായി.










0 comments