നെല്ലിനുള്ള അധിക ബോണസ് കേരളം നിർത്തലാക്കണമെന്ന് മോദിസർക്കാർ; ഉൽപാദനം 'ബാധ്യത'യെന്ന് വാദം

തിരുവനന്തപുരം: കേരളത്തിലെ നെൽകർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് നിർത്തലാക്കമെന്ന് കേന്ദ്രസർക്കാർ. അധിക ബോണസ് നൽകുന്നത് മൂലം നെല്ല് ആവശ്യത്തിലധികം രാജ്യത്ത് സംഭരിക്കപ്പെടുകയും ഇത് പൊതുഖജനാവിന് ബാധ്യതയാണെന്നും വാദിച്ച് കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ ചെലവ് വകുപ്പ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയ്ക്ക് പുറമെയാണ് കേരളം അധിക ബോണസ് നൽകുന്നത്. ധാന്യങ്ങൾ കൂടുതൽ കൃഷിചെയ്യാനും ഉൽപാദനം വർധിപ്പിക്കാനും ഈ ബോണസ് കാരണമാകുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. സമീപവർഷങ്ങളിൽ ഗോതമ്പിന്റെയും നെല്ലിന്റെയും വൻതോതിലുള്ള ഉൽപാദനം മൂലം, ആവശ്യത്തിലേറെ ശേഖരിക്കപ്പെടുന്നുണ്ട്. ഈ അധികശേഖരം വർഷം തോറും വർധിക്കുന്നത് ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയാണെന്ന് കേന്ദ്രം കത്തിൽ പറയുന്നു.
ഗോതമ്പും നെല്ലും താരതമ്യേന വെള്ളവും വളവും കൂടുതൽ ആവശ്യമുള്ള വിളകളാണ്. ഇവയുടെ അമിതമായ കൃഷി ഭൂഗർഭജലത്തിന്റെ കുറവ്, മണ്ണൊലിപ്പ്, ജൈവവൈവിധ്യ നഷ്ടം, വൈക്കോൽ കത്തിക്കൽ എന്നിവയ്ക്ക് ആക്കം കൂട്ടുന്നു. ഇത് സുസ്ഥിരതയെയും കാലാവസ്ഥാ പ്രതിരോധത്തെയും പൊതുജനാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്നും, സംസ്ഥാന സർക്കാരിന്റെ നിലവിലുള്ള ബോണസ് നയം പുനഃപരിശോധിച്ച് നെല്ലിന് പകരം മറ്റ് ധാന്യങ്ങൾക്ക് ബോണസ് നൽകുന്നത് പരിഗണിക്കണമെന്നും കേന്ദ്രസർക്കാർ കത്തിൽ ആവശ്യപ്പെട്ടു.
കേരളം ചേർത്തുപിടിച്ചിട്ടും തുക നൽകാതെ കേന്ദ്രം
നെല്ല് സംഭരണം സുഗമമാക്കി കർഷകരുടെ കണ്ണീരൊപ്പാൻ സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ പകപോക്കൽ. ഒക്ടോബർ 20 മുതൽ നെല്ല് നൽകിയ മുഴുവൻ കർഷകർക്കും കിലോയ്‌ക്ക് 30 രൂപ വീതം കൊടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. നവംബർ ഒന്നുമുതലാണ് സംഭരണ വില 28.20 രൂപയിൽനിന്ന് 30 ആക്കി ഉയർത്തിയത്. ഒരുസീസണിൽ രണ്ടുവില വന്നതോടെ സർക്കാർ നിരക്ക് ഏകീകരിക്കുകയായിരുന്നു.
സീസണിൽ 36311 കർഷകരിൽനിന്നായി 91280 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായ 274.9 കോടി രൂപയിൽ 160 കോടി രൂപയും വിതരണം ചെയ്‌തു. ശേഷിച്ച തുക ബാങ്കുകൾ വഴി പിആർഎസ് വായ്‌പയായി വിതരണം ചെയ്യാൻ നടപടി പുരോഗമിക്കുന്നു. കേന്ദ്രസർക്കാർ നൽകാനുള്ള തുക കുടിശ്ശികയാണ്. 2024, 2025 വർഷങ്ങളിലായി 500 കോടിയോളം രൂപ ലഭിക്കാനുണ്ട്. 2017 മുതൽ 1344 കോടി രൂപയാണ് കുടിശ്ശിക.
സഹകരണ സംഘങ്ങൾ വഴി പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിൽ രണ്ടാംവിള സീസണിൽ നെല്ല് സംഭരിക്കും. മറ്റ് ജില്ലകളിൽ സ്വകാര്യ മില്ലുടമകളുമായിചേർന്ന് സംഭരണം പൂർത്തിയാക്കാനുമാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളത്.










0 comments