ad
Deshabhimani

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്ററിന് തകരാർ; രണ്ട് പേർക്ക് പരിക്ക്

tvm escalator issue
വെബ് ഡെസ്ക്

Published on May 06, 2026, 10:48 AM | 1 min read

തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ (യന്ത്ര​ഗോവണി) തകരാറിലായുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. റെയിൽവേ സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ്ഫോമിൽ നിന്ന് മുകളിലേക്ക് കയറാനായുള്ള യന്ത്ര​ഗോവണിയാണ് പെട്ടെന്ന് തകരാറിലായത്. യാത്രക്കാർ മുകളിലേക്ക് കയറുന്നതിനിടെ എസ്‌കലേറ്റർ പെട്ടെന്ന് നിൽക്കുകയും വലിയ ശബ്ദത്തോടെ തിരികെ താഴേക്ക് ചലിക്കുകയുമായിരുന്നു. നിരവധി യാത്രക്കാർ ഉണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായത്.


എസ്കലേറ്റർ പെട്ടെന്ന് താഴേക്ക് ചലിച്ചതോടെ നിയന്ത്രണം തെറ്റി യാത്രക്കാർ താഴേക്ക് വീണാണ് രണ്ട് പേർക്ക് സാരമായ പരിക്കേറ്റത്. രാവിലെ എറണാകുളത്തുനിന്നും എത്തിയ വഞ്ചിനാട് എക്സ്പ്രസിലെ യാത്രക്കാരായ ധന്യ, അമ്പിളി എന്നിവർക്കാണ് പരിക്കേറ്റത്. റെയിൽവേ എയ്ഡ് പോസ്റ്റിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിക്കേറ്റ യുവതികളെ വി​ദ​ഗ്ധ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. വീഴ്ചയിൽ മറ്റ് യാത്രക്കാർക്കും പരിക്കേറ്റതായാണ് വിവരം.


കഴിഞ്ഞ ദിവസങ്ങളിലും സമാനമായി എസ്കലേറ്ററിന് തകരാറുണ്ടായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ഇന്ന് അപകടമുണ്ടായി ജനങ്ങൾക്ക് പരിക്കേറ്റതോടെ എസ്കലേറ്റർ അടച്ചിടാൻ തീരുമാനിച്ചതായി റെയിൽവേ അറിയിച്ചു. സംഭവത്തിൽ പരാതി നൽകുമെന്ന് പരിക്കേറ്റ യാത്രക്കാർ പറഞ്ഞു. ദിവസേന ആയിരങ്ങൾ യാത്ര ചെയ്യുന്ന റെയിൽവേ സ്റ്റേഷനാണ് തിരുവനന്തപുരം സെൻട്രൽ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home