പ്രായം വെറും അക്കം മാത്രം; വിന്റേജ് ഫോമിൽ സിന്ധുവിന്റെ തിരിച്ചുവരവ്

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പഴയ 'വിന്റേജ് ഫോമിൽ' തിരിച്ചെത്തിയിരിക്കുകയാണ് പി വി സിന്ധു. തികഞ്ഞ ഊർജത്തോടെ പ്രായത്തിന്റെ തളർച്ചയോ കരിയറിലെ മാനസിക സമ്മർദങ്ങളോ തന്നെ ബാധിച്ചിട്ടില്ലെന്ന് പറയാതെ പറഞ്ഞ് കളം നിറഞ്ഞ് കളിക്കുകയാണ് സിന്ധു.
ഒളിമ്പിക് മെഡലും, ലോക ചാമ്പ്യൻഷിപ്പും നേടിയ ഒരു താരത്തെ സംബന്ധിച്ച് 31 വയസ്, കരിയർ അവസാനിപ്പിച്ച് വിശ്രമത്തിലേക്ക് കടക്കാനുള്ള സമയമാണ്. എന്നാൽ സിന്ധുവിന് 31 വയസ് വെറുമൊരു സംഖ്യ മാത്രമാണ്. ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയെങ്കിലും, ഫ്രഞ്ച് ഓപ്പണിൽ തന്റെ പഴയ ശൈലിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ഏഷ്യൻ ഗെയിംസ് ക്വാർട്ടറിലെ തോൽവിയിൽ സിന്ധുവിന് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. 24 മണിക്കൂറിനുള്ളിൽ മൂന്ന് മത്സരങ്ങൾ കളിക്കേണ്ടി വന്നതായിരുന്ന അന്ന് സിന്ധുവിനെ തളർത്തിയെ പ്രധാന കാരണം.
എല്ലാക്കാലവും സിന്ധുവിന്റെ ഏറ്റവും വലിയ കരുത്ത് ഫിറ്റ്നസ് തന്നെയാണ്. അധികം പരിക്കുകളൊന്നുമില്ലാതെ കരിയറിലുടനീളം കോർട്ടിൽ തുടരാൻ കഴിഞ്ഞ താരമാണ് സിന്ധു. സ്വന്തം ശരീരത്തെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളതാണ് തന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യമെന്ന് സിന്ധു തന്നെ പലതവണ പറഞ്ഞിട്ടുണ്ട്.
ലോക റാങ്കിങ്ങിൽ പത്താം സ്ഥാനത്താണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മികച്ച ബാഡ്മിന്റൺ താരം പി വി സിന്ധു തന്നെയാണ്. 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് വരാനിരിക്കെ സിന്ധുവിന്റെ തിരിച്ചുവരവ് വലിയ പ്രതീക്ഷയാണ് കായിക പ്രേമികൾക്ക് നൽകുന്നത്. എതിരാളി ആരായിരുന്നാലും തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെയാണ് സിന്ധു ഓരോ മത്സരത്തിനും കോർട്ടിലിറങ്ങുന്നത്.








0 comments