തമിഴ് രുചികളെ ജനപ്രിയമാക്കിയ ഷെഫ് ദാമു അന്തരിച്ചു

Image Credit : The Hindu
ചെന്നൈ : പാചകലോകത്തെ പ്രമുഖ വ്യക്തിത്വവും ടെലിവിഷൻ താരവുമായ ഷെഫ് ദാമു (72) അന്തരിച്ചു. കെ ദാമോദരൻ എന്നാണ് യഥാർഥ പേര്. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പാചകവിദഗ്ധൻ, അധ്യാപകൻ, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം ‘കുക്ക് വിത്ത് കോമാളി’ എന്ന ജനപ്രിയ തമിഴ് റിയാലിറ്റി ഷോയിലെ വിധികർത്താവായിരുന്നു. ഈ ഷോയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. പാചകമേഖലയിലെ സംഭാവനകൾ പരിഗണിച്ച് 2025ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
പാചകകലയിലെ അസാധാരണ നേട്ടങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് ദാമു. 2010ൽ 24 മണിക്കൂർ 30 മിനിറ്റിലേറെ നീണ്ട പാചകമാരത്തണിൽ പങ്കെടുത്ത് 617 വിഭവങ്ങൾ തയ്യാറാക്കി ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടിയിട്ടുണ്ട്. ഏകദേശം 190 കിലോഗ്രാം ഭാരമുള്ള വിഭവങ്ങളാണ് 24 മണിക്കൂറിനുള്ളിൽ അദ്ദേഹം തയ്യാറാക്കിയത്.
സ്റ്റാർ വിജയ് ചാനലിലെ ‘കുക്ക് വിത്ത് കോമാളി’ പരിപാടിയിലൂടെയാണ് ദാമു കൂടുതൽ ജനപ്രിയനായത്. മത്സരാർഥികളോടുള്ള സൗഹൃദപരമായ ഇടപെടലും ലളിതമായ പെരുമാറ്റവും അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട വിധികർത്താവാക്കി. ‘ദാമു അപ്പ’ എന്ന വിളിപ്പേരിലും അദ്ദേഹം അറിയപ്പെട്ടു.
മദ്രാസ് സർവകലാശാലയിൽനിന്ന് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തമിഴ്‌നാടിന്റെ പരമ്പരാഗത പാചകരീതികളും ചെട്ടിനാട് വിഭവങ്ങളും ജനകീയമാക്കിയതും അദ്ദേഹമാണ്. ഇരുപതിലേറെ പാചകപുസ്തകങ്ങളും രചിച്ചിട്ടുണ്ട്.







0 comments