ആവേശം, ആഹ്ലാദം: അറിവിന്റെ ഉത്സവം അവിസ്മരണീയ വേദി

സ്വന്തം ലേഖകൻ
Published on Oct 25, 2026, 06:04 PM | 2 min read
തിരുവനന്തപുരം: അറിവ് ആവേശവും മത്സരത്തിന്റെ തീപാറുന്ന നിമിഷങ്ങളുമായപ്പോൾ കുരുന്നു പ്രതിഭകൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരുമൊക്കെ ആവേശത്തിലാണ്ടു. പുറത്ത് മഴ തകർക്കുന്പോൾ ക്ലാസ് മുറികളിൽ നടന്നത് കുട്ടിപ്പോരാളികളുടെ ഇഞ്ചോടിഞ്ച് മത്സരം. കലയും ശാസ്ത്രവും കായികവും സമരചരിത്രവും ഉൾപ്പെടെ ഏതുചോദ്യത്തിനും ശരവേഗത്തിൽ ഉത്തരം. വിജയിയെ കണ്ടെത്താൻ എൽപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ടൈ ബ്രേക്കർ. അഞ്ചുചോദ്യങ്ങൾക്കുശേഷം വിജയിയെ കണ്ടെത്തി. ഹയർ സെക്കൻഡറിയിൽ 20ൽ 19ഉം ശരിയാക്കി നേടിയ വിജയം. യുപിയിൽ വിജയിക്ക് 18 മാർക്ക്. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 15–ാം സീസൺ ജില്ലാ മത്സരം അറിവുത്സവത്തിന്റെ അവിസ്മരണീയ വേദിയായി.
വഴുതക്കാട് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തിരുവനന്തപുരം ജില്ലാ മത്സരം വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന് ശാസ്ത്ര പാർലമെന്റ് നടന്നു. ശാസ്ത്രബോധം കുട്ടികളിൽ എന്ന വിഷയത്തിൽ ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ എൻആർസി നായരും നിർമിത ബുദ്ധി എന്ന വിഷയത്തിൽ അധ്യാപകൻ എ പോൾട്ടണും പ്രഭാഷണം നടത്തി.
മത്സരം കൊല്ലത്തേക്കെത്തുമ്പോൾ ആദ്യ അവസരത്തിൽ തന്നെ ജില്ലാതലം വരെ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൊല്ലം സബ്ജില്ലാ മത്സരത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ നിവേദ്യ ബിനു , യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയ നിരഞ്ജൻ ബിനു എന്നിവർ പറഞ്ഞു. ഇരുവരും പട്ടത്താനം ഗവ യു പി സ്കൂളിലെ വിദ്യാർത്ഥികളാണ്. നിരവധി സ്കൂളുകളണ് മത്സരത്തിൽ പങ്കെടുത്തത്. കുട്ടികളുടെ ഭാവിയിലേക്കുള്ള ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടേയുമൊക്കെ മാറ്റ്കൂട്ടുന്നതിന് കൂടിയാണ് ഓരോ അക്ഷര മുറ്റം മത്സരങ്ങളും വേദിയാകുന്നത്. കുട്ടികളുടെ പ്രകടനത്തിൽ മാതാപിതാക്കളും തൃപ്തരാണ്.
കൊച്ചിയിൽ നടന്ന മത്സരത്തിൽ എൽപി വിഭാഗം സാകേത് സജീഷ് (സെന്റ് തെരേസാസ് സിജിഎൽപിഎസ്, എറണാകുളം ) ഒന്നാംസ്ഥാനവും സൗരവ് സ്വാൻ പാങ്ങോല (ഗവ. എൽപിഎസ്, കൂവപ്പടി ) രണ്ടാംസ്ഥാനവും നേടി.
സമൂഹത്തിൽ നിലനിൽക്കുന്ന വിശ്വാസവും ശാസ്ത്രാവബോധവും തമ്മിലുള്ള സംഘർഷം തിരിച്ചറിഞ്ഞ്, യുക്തിചിന്തയിലൂടെ അതിനെ മറികടക്കണമെന്ന് നടി ഗായത്രി വർഷ . തൃശൂരിൽ അക്ഷരമുറ്റം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പുരോഗമന ചിന്താഗതിയുള്ള കുടുംബത്തിലെ യുവതലമുറപോലും ഇത്തരം ആശയസംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട്. മനുഷ്യനെ മാനവികതയിലേക്ക് ഉയർത്താനാകുന്ന അനുഭവമായിരിക്കണം ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ള മതസ്ഥാപനങ്ങൾ നൽകേണ്ടത്. എന്നാൽ, അവയെല്ലാം മതപരമായ സ്വത്വത്തിലേക്ക് ചുരുങ്ങുകയാണ്.
ഈ സാഹചര്യത്തിൽ ശാസ്ത്രാവബോധവും യുക്തിചിന്തയും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഓരോ കാര്യത്തിന്റെയും കാരണം യുക്തിഭദ്രമായി കണ്ടെത്താനും ചോദ്യങ്ങൾ ഉന്നയിക്കാനും യുക്തിസഹമായ ഉത്തരങ്ങൾ തേടാനും കഴിയണമെന്നും അവർ പറഞ്ഞു.
മത്സരം രക്ഷിതാക്കൾക്ക് വേണ്ടിയായിരുന്നു, എന്നാൽ കണ്ണുകാതും സമ്മാനവും കവർന്ന് കൊച്ചുമിടുക്കനായ ഗൗതംവിവേക്. ഫറോക്ക് ജിയുപിയിലെ രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരത്തിലാണ് എട്ടുവയസുകാരൻ പൊതുവിജ്ഞാനമികവിനാൽ ഏവരുടെയും കൈയടി നേടിയത്. ഏഷ്യൻ ഗെയിംസിലെ ഇരട്ടമെഡലും സമാധാനനോബലുമെല്ലാം ചോദ്യം തീരുംമുന്നെ ഉത്തരവുമായെത്തി രക്ഷിതാക്കളെ ഞെട്ടിച്ചു ഇൗ കൊച്ചുപ്രതിഭ. ഒടുന്പ്രയിലെ കച്ചേരിക്കുന്ന് ജിഎൽപി സ്കൂൾ നാലാംക്ലാസ് വിദ്യാർഥിയാണ് ഗൗതം.
കുട്ടികളിലെ പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവും സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള ധാരണയും ഓർമശക്തിയും ചിന്താശേഷിയും പരീക്ഷിക്കാനുള്ള മത്സരവേദിയായി കണ്ണൂരില് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് . ക്വിസ് മാസ്റ്ററിൽനിന്നും ചോദ്യങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി എത്തുമ്പോഴും ഉത്തരങ്ങൾക്കായി നീണ്ട ആലോചനയോ പരിഭ്രമമോയില്ലാതെ അറിയുന്ന ചോദ്യങ്ങൾക്ക് അനായാസം മറുപടി നൽകി കുട്ടികൾ. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 15ാം സീസണിന്റെ ജില്ലാ മത്സരവേദിയിൽ കാണാനായത് ആത്മവിശ്വാസത്തോടെ അറിവിന്റെ അക്ഷരമുറ്റത്ത് മാറ്റുരയ്ക്കുന്ന വിദ്യാർഥികളെയാണ്. ഉപജില്ലാതല മത്സരത്തിലെ വിജയത്തിനുശേഷം ജില്ലാതലത്തിൽ മികവ് തെളിയിക്കാനെത്തിയ മത്സരാർഥികളുടെ മുഖങ്ങളിൽ മത്സരത്തിന്റെ സമ്മർദമോ വിജയത്തെക്കുറിച്ചുള്ള അമിത ആശങ്കയോ പ്രകടമായിരുന്നില്ല.
കുട്ടികളുടെ അറിവിന്റെ പോരാട്ടത്തിന് പ്രോത്സാഹനവുമായി കുടുംബാംഗങ്ങളും എത്തിയിരുന്നു. കൊച്ചുസഹോദരങ്ങളടക്കം കുട്ടികൾക്കൊപ്പം മത്സരവേദിയിലെത്തിയപ്പോൾ അത് അവർക്ക് പിന്തുണയുടെ അന്തരീക്ഷം നൽകി. ജില്ലാ ടാലന്റ് ഫെസ്റ്റിൽ 15 ഉപജില്ലകളിൽനിന്നുള്ളവരും മാഹി മേഖലയിലെ വിജയികളും പങ്കാളികളായി. നവംബർ 15നാണ് മെഗാ ഫൈനൽ.








0 comments