നഷ്ടപ്പെട്ടത് വലതുകൈ: മനോധൈര്യം കൈമുതലാക്കിയ പാർവതി ഇനി അസിസ്റ്റന്റ് കലക്ടര്‍

കാക്കനാട് : അപകടത്തിൽ വലതുകൈ നഷ്ടമായിട്ടും തളരാതെ മനോധൈര്യം കൈമുതലാക്കിയ പാർവതി ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടര്‍. ഇടംകൈകൊണ്ട് സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഐഎഎസ് നേടിയ അമ്പലപ്പുഴക്കാരി പാർവതി ഗോപകുമാർ എറണാകുളം അസിസ്റ്റന്റ് കലക്‌ടറായി ചുമതലയേറ്റു. 2024ലെ സിവിൽ സർവീസ് പരീക്ഷയിൽ 282-ാംറാങ്കോടെയാണ് പാർവതി ഐഎഎസ് സ്വന്തമാക്കിയത്.
2010ൽ ഏഴാംക്ലാസ് വിദ്യാർഥിയായിരിക്കെ അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിലാണ് പാർവതിയുടെ വലതു കൈ നഷ്ടമാകുന്നത്. അപകടത്തിൽ മുട്ടിന് താഴെവച്ച് കൈ മുറിച്ചുമാറ്റേണ്ടിവന്നു. കൃത്രിമക്കൈയുടെ സഹായത്തോടെയാണ് പിന്നീട് പഠനം തുടര്‍ന്നത്.

മുഴുവൻ മാർക്കും വാങ്ങി പ്ലസ്‌ടു ജയിച്ച പാർവതി, ബംഗളൂരു നാഷണൽ ലോ സ്‌കൂളിൽനിന്നാണ് 2021ൽ നിയമബിരുദം നേടിയത്. ഇതിനു ശേഷമാണ് സിവില്‍ സര്‍വീസ് പഠനത്തിലേക്ക് തിരിഞ്ഞത്. ആനുകാലികങ്ങളിൽ ചില ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസില്‍ദാർ അമ്പലപ്പുഴ കോമന അമ്പാടിയില്‍ കെ എസ് ഗോപകുമാറിന്റെയും കാക്കാഴം ഹൈസ്‌കൂള്‍ അധ്യാപിക ശ്രീകല എസ് നായരുടെയും മകളാണ് പാർവതി. സഹോദരി- രേവതി.











0 comments