ad
Deshabhimani

പെൻഷൻകാരോട്‌ വഞ്ചന ; ഇപിഎഫ്‌ഒ പെൻഷൻ വെട്ടിക്കുറയ്‌ക്കുന്നു

Epf Pension cutoff
വെബ് ഡെസ്ക്

Published on Jul 30, 2025, 12:32 AM | 1 min read


കൊച്ചി

പെൻഷൻ പേമെന്റ്‌ ഉത്തരവിൽ മുൻകാല ശമ്പളം കുറച്ചുകാണിച്ച്‌ എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ഓർഗനൈസേഷൻ (ഇപിഎഫ്‌ഒ) പെൻഷൻകാരുടെ ആനുകൂല്യം വെട്ടിക്കുറയ്‌ക്കുന്നതായി ആക്ഷേപം. 1995നുശേഷം 2500 രൂപയിൽ താഴെയാണ്‌ ശമ്പളമെങ്കിൽ കുറഞ്ഞ പെൻഷനേ നൽകേണ്ടതുള്ളൂ എന്നതാണ്‌ ഇപിഎഫ്‌ഒ മാനദണ്ഡം. ഇതിന്റെ ചുവടുപിടിച്ചാണ്‌ തട്ടിപ്പ്‌. പെൻഷൻ പേമെന്റ്‌ ഉത്തരവ്‌ തിരുത്തിയാണ്‌, 1995നുമുമ്പ്‌ 2500 രൂപയ്‌ക്കുമുകളിൽ ശമ്പളം ലഭിച്ചിരുന്നവരുടെ ആനുകൂല്യം അധികൃതർ വെട്ടിക്കുറയ്‌ക്കുന്നത്‌.


1995നുമുമ്പ്‌ 2500 രൂപയ്‌ക്കുമുകളിൽ ശമ്പളം ലഭിച്ചിരുന്നവർക്ക്‌, അതിൽ താഴെയാണ്‌ ലഭിച്ചിരുന്നതെന്ന്‌ പിപിഒയിൽ എഴുതിച്ചേർത്താണ്‌ വഞ്ചന. തട്ടിപ്പ്‌ മനസ്സിലാക്കിയ ചിലർ ഇപിഎഫ്‌ഒ ഓഫീസിൽ നേരിട്ട്‌ ബന്ധപ്പെട്ട്‌ നഷ്ടപ്പെട്ട തുക മുൻകാലപ്രാബല്യത്തോടെ വാങ്ങിയെടുക്കുന്നുണ്ട്‌. പലരും ഈ തട്ടിപ്പ്‌ തിരിച്ചറിഞ്ഞിരുന്നില്ല.


കളമശേരി ഏലൂർ ഹിൻഡാൽകോയിലെ എല്ലാ ജീവനക്കാർക്കും 1995ൽ 2500 രൂപയിലേറെ ശമ്പളം ലഭിച്ചിരുന്നു. എന്നാൽ, 3400 രൂപ ശമ്പളം ലഭിച്ചിരുന്നവർക്ക്‌ 1830 രൂപയേ കിട്ടിയിരുന്നുള്ളൂവെന്ന്‌ പെൻഷൻ പേമെന്റ്‌ ഉത്തരവിൽ എഴുതിച്ചേർത്ത്‌ പെൻഷൻ ആനുകൂല്യം കുറച്ചു. ഇതേസ്ഥാപനത്തിലെ നൂറോളംപേരുടെ പെൻഷൻ പേമെന്റ്‌ ഉത്തരവ്‌ പരിശോധിച്ചപ്പോൾ അമ്പതിലേറെപ്പേരുടെയും 1995ലെ ശമ്പളം വെട്ടിക്കുറച്ച്‌ പിപിഒയിൽ എഴുതിച്ചേർത്തത്‌ കണ്ടെത്തി. രേഖകളുമായി ഇപിഎഫ്‌ഒ ഓഫീസിൽ എത്തിയ കുറച്ചുപേർ നഷ്ടപ്പെട്ട തുക മുൻകാലപ്രാബല്യത്തോടെ വാങ്ങിയെടുത്തു.


ഓരോ മാസവും നിശ്ചിത തുക കുറയുമ്പോൾ ആശ്രിത പെൻഷനും കുറയും. ഇതേക്കുറിച്ച്‌ സാധാരണ പെൻഷൻകാർക്ക് ധാരണയില്ലാത്തതാണ്‌ ഇപിഎഫ്‌ഒ അധികൃതർ ചൂഷണം ചെയ്യുന്നത്‌. കേരളത്തിലെ മറ്റ്‌ സ്ഥാപനങ്ങളിൽനിന്ന്‌ വിരമിച്ചവരുടെയും ആനുകൂല്യം ഇപ്രകാരം വെട്ടിക്കുറയ്‌ക്കുന്നുണ്ടെന്ന്‌ ആരോപണമുണ്ട്‌. അതുസംബന്ധിച്ച കണക്കുകൾ പുറത്തുവന്നിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home