ad
Deshabhimani

'നഷ്ടമായത് സഹോദരനെ'; രാഗേഷ് കായലൂരിൻ്റെ വിയോഗത്തിൽ അനുശോചിച്ച് ഇ പി ജയരാജൻ

e p jayarajan ragesh kayalur
വെബ് ഡെസ്ക്

Published on Jun 25, 2025, 11:10 AM | 2 min read

കണ്ണൂർ: ദേശാഭിമാനി കണ്ണൂർ റിപ്പോർട്ടർ രാഗേഷ് കായലൂരിൻ്റെ വിയോഗത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അം​ഗം ഇ പി ജയരാജൻ അനുശോചിച്ചു. രാഗേഷ് സഹോദര തുല്യനായിരുന്നെന്നും അദ്ദേഹത്തിന്റെ അകാലാത്തിലുള്ള മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായും ഇ പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. ഇ പി ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോൾ രാ​ഗേഷ് പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു.


ഇ പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


ദേശാഭിമാനി കണ്ണൂർ റിപ്പോർട്ടർ രാഗേഷ് കായലൂരിൻ്റെ അകാലത്തിലുള്ള വിയോഗം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നതിലും ഉപരിയായ വേദനയാണ് സൃഷ്ടിച്ചത്. വ്യക്തിപരമായി മാത്രമല്ല, കുടുംബപരമായും ദീർഘകാലത്തെ ആത്മ ബന്ധമാണുണ്ടായിരുന്നത്. ഞാൻ വ്യവസായ മന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫ് അംഗമെന്ന നിലയിൽ മട്ടന്നൂരിലെ സമഗ്ര വികസന പ്രവർത്തനങ്ങളിലും ഊർജസ്വലനായി കൂടെ നിന്നു.

ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകനായിരിക്കെയാണ് വ്യക്തിപരമായി അടുത്തിടപഴകാൻ തുടങ്ങിയത്. തുടർന്നിങ്ങോട്ട് അവസാന നാൾ വരെ ആ ബന്ധം ദൃഢമായി തുടർന്നു.

ഏറ്റവും ഒടുവിലായി കഴിഞ്ഞ 21നാണ് രാഗേഷ് വീട്ടിൽ വന്നത്. അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട അഭിമുഖം തയ്യാറാക്കാനായിരുന്നു അത്. അഭിമുഖത്തിനുമപ്പുറം ദീർഘനേരം സംസാരിച്ചു.

ഒടുവിൽ ആ അഭിമുഖം പ്രസിദ്ധികരിച്ച ദിവസംതന്നെ പ്രിയ അനുജൻ്റെ വേർപാടിൻ്റെ വാർത്തയും വായിക്കേണ്ടി വന്നിരിക്കുന്നു.

നിഷ്കളങ്കനും സൗമ്യ സ്വഭാവക്കാരനുമായിരുന്നു രാഗേഷ്. ആരോടും വെറുപ്പോ വിദ്വേഷമൊ പുലർത്താറില്ല. ഏറ്റെടുക്കുന്ന ജോലി 100 ശതമാനം ആത്മാർഥതയോടെ കൃത്യനിഷ്ഠതയോടെ ചെയ്ത് തീർക്കും. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ തൻ്റെ ചുറ്റുപാടുകളെ സസൂക്ഷ്മം വീക്ഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

ഇനിയും കർമ്മപഥത്തിൽ ഒരുപാട് മുന്നേറാനിരിക്കെയാണ് അപകടത്തിൻ്റെ രൂപത്തിൽ ആ ജീവനെടുത്തത്.

ദേശാഭിമാനിക്കും പൊതു സമൂഹത്തിനും ആ വേർപാട് വലിയ നഷ്ടമാണ്.

രാഗേഷിൻ്റെ ഭാര്യയുടെയും പറക്കമുറ്റാത്ത കുട്ടികളുടെയും അമ്മയുടെയും കുടുംബത്തിൻ്റെ ആകെയും തോരാത്ത കണ്ണീരിന് മുന്നിൽ എന്തു ആശ്വാസ വാക്കുകളാണ് പറയേണ്ടതെന്ന് അറിയുന്നില്ല.

പ്രിയ അനുജന്, സഖാവിന് ആദരാഞ്ജലികൾ





വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മട്ടന്നൂർ ചാവശേരി ശ്രീനിലയത്തിൽ രാഗേഷ്‌ കായലൂർ (51) ചൊവ്വാഴ്ചയാണ് അന്തരിച്ചത്. വൈകിട്ട്‌ ഏഴരയോടെയാണ്‌ അന്ത്യം. ബുധനാഴ്ച പകൽ 11ന്‌ കണ്ണൂർ ദേശാഭിമാനിയിലും 12ന്‌ മട്ടന്നൂരിലും പൊതുദർശനം നടക്കും. ഒരു മണിക്ക്‌ വീട്ടിലെത്തിച്ചശേഷം നാലിന്‌ മട്ടന്നൂർ നഗരസഭയുടെ പൊറോറയിലെ നിദ്രാലയത്തിൽ സംസ്‌കാരം.


ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനിടെ മട്ടന്നൂർ - ഇരിട്ടി റോഡിൽ കോടതിക്ക്‌ സമീപത്തായിരുന്നു അപകടം. റോഡ്‌ മുറിച്ചുകടക്കുമ്പോൾ ടോറസ്‌ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ കണ്ണൂർ എ കെ ജി ആശുപത്രിയിലും തുടർന്ന്‌ ചാല മിംസ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ അടിയന്തര ശസ്‌ത്രക്രിയ നടത്തി.


ദീർഘകാലം ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകനായിരുന്നു. 2008ൽ കണ്ണൂർ ദേശാഭിമാനിയിൽ പ്രൂഫ്‌ റീഡറായി. കാസർകോട്‌ ബ്യൂറോയിലും ലേഖകനായി പ്രവർത്തിച്ചു. സിപിഐ എം കണ്ണൂർ ദേശാഭിമാനി എഡിറ്റോറിയൽ ബ്രാഞ്ചംഗമാണ്‌. പരേതനായ എ സി രാഘവൻനമ്പ്യാരുടെയും ഓമനയുടെയും മകനാണ്‌. ഭാര്യ: ജിഷ (കിൻഫ്ര, ചോനാടം). മക്കൾ: ശ്രീനന്ദ രാഗേഷ്‌, സൂര്യതേജ്‌.


മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ, ജനറൽ മാനേജർ കെ ജെ തോമസ്‌ എന്നിവർ അനുശോചിച്ചു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home