print edition സൈനിക കേന്ദ്രത്തിലെ ആനക്കൊമ്പ് മോഷണം: ക്യാമ്പിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം

തിരുവനന്തപുരം: 24 മണിക്കൂറും അതീവസുരക്ഷയിലുള്ള പാങ്ങോട് സൈനിക കേന്ദ്രത്തിൽനിന്ന് രണ്ടുകോടി വിലയുള്ള രണ്ട് ആനക്കൊമ്പുകൾ കൊള്ളയടിച്ചതിൽ ക്യാമ്പിലുള്ളവർ തന്നെയാകാനാണ് സാധ്യതയെന്ന് പൊലീസ്. ക്യാമ്പിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കവർച്ചയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ ചോദ്യംചെയ്തു. വിരലടയാളം ഉൾപ്പെടെ നിർണായകമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സൈനികർക്ക് പുറമേ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയും ഓഫീസ്, മെസ് ജീവനക്കാരെയുമെല്ലാം ചോദ്യം ചെയ്തു.
സൈനിക കേന്ദ്രത്തിലെ മദ്രാസ് റെജിമെന്റിന്റെ ഓഫീസേഴ്സ് മെസിൽ ഡിജെ പാർട്ടിക്കിടെയായിരുന്നു മോഷണം. നൂറ് കിലോയോളം ഭാരമുള്ള ആനക്കൊമ്പ് അകത്തുനിന്നുള്ളവരുടെ സഹായമില്ലാതെ ആർക്കും കൊണ്ടുപോകാനാകില്ലെന്ന് പൊലീസ് പറയുന്നു. രണ്ടോ അതിലധികമോ പേർ ചേർന്ന് വാഹനത്തിലാകും കൊമ്പുകൾ കടത്തിക്കൊണ്ടുപോയിട്ടുണ്ടാകുക. സൈനിക കേന്ദ്രത്തിന്റെ പ്രവേശനകവാടത്തിൽമാത്രമാണ് സിസിടിവി കാമറയുള്ളത്.
എന്നാൽ, പ്രധാനകവാടത്തിലൂടെ പോകുന്നവരെയും വരുന്നവരെയും സൈനികർ കൃത്യമായി പരിശോധിക്കാറുണ്ട്. റോഡിലെ പ്രവേശനകവാടത്തിൽനിന്ന് ഒന്നരകിലോമീറ്റർ ദൂരത്താണ് ഓഫീസേഴ്സ് മെസ്. ആനക്കൊമ്പുകൾ ക്യാമ്പിനുള്ളിൽ തന്നെ ഒളിപ്പിച്ചിട്ടുണ്ടോയെന്ന സംശയത്തിൽ പൊലീസും സൈന്യവും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
-മദ്രാസ് റെജിമെന്റിന് കരസേനാ മേധാവിയുടെ കമൻഡേഷൻ ലഭിച്ചത് ആഘോഷിക്കാൻ ബുധൻ രാത്രി നടത്തിയ ഡിജെ പാർട്ടിക്കിടെയായിരുന്നു മോഷണം. വ്യാഴം പുലർച്ചെ മൂന്നുവരെയായിരുന്നു ഡിജെ പാർട്ടി. രാവിലെ പരിശോധിച്ചപ്പോഴാണ് മെസ് ഹാളിലെ ഭിത്തിയിൽ ഘടിപ്പിച്ച ആനക്കൊമ്പുകൾ കാണാനില്ലെന്ന് മനസ്സിലായത്. സിറ്റി പൊലീസ് കമീഷണർ കെ കാർത്തിക്കിന്റെ മേൽനോട്ടത്തിൽ ഡിസിപി തപോഷ് ബസുമതാരിയാണ് കേസന്വേഷിക്കുന്നത്.
ക്യാമ്പിന്റെ പരിസരത്തെ സ്വകാര്യ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ശാസ്ത്രീയ, പരിശോധനകളും പുരോഗമിക്കുകയാണ്. ഡിജെ പാർട്ടിക്കെത്തിയ ഇവന്റ് മാനേജ്മെന്റുകാരുടെ സാധനങ്ങൾ പുറത്തേക്ക് കൊണ്ടുപോയ കൂട്ടത്തിൽ ആനക്കൊമ്പ് കടത്തിയോയെന്നും അന്വേഷിക്കുന്നുണ്ട്.










0 comments