വൈദ്യുതി കണക്ഷന് ഫീസ് കുത്തനെ കൂട്ടി; മൂന്നിരട്ടിവരെ വർധന

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ എടുക്കാനുള്ള ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമീഷൻ. ചിലയിനങ്ങളിൽ മൂന്നിരട്ടിവരെയാണ് വർധന. ഒക്ടോബർ 12 മുതൽ പുതിയ നിരക്ക് നിലവിൽവരും. പോസ്റ്റ്, അധിക വയർ, ട്രാൻസ്‌ഫോർമർ തുടങ്ങിയവ ആവശ്യമുള്ളവർക്ക് ലാഭകരവും അല്ലാത്തവർക്ക് നഷ്ടവും ആകുംവിധമാണ് നിരക്ക്. ലൈനിൽനിന്ന് 200 മീറ്ററിനുള്ളിൽ പോസ്റ്റും മറ്റുസാധനങ്ങളും വേണ്ട കണക്ഷനും വേണ്ടാത്തതിനും ഒരേ നിരക്കാണ്. മുൻപ് വ്യത്യസ്ത നിരക്കുകളായിരുന്നു. കിലോവാട്ട് അടിസ്ഥാനത്തിൽ നിരക്കുകൾ ഏകീകരിച്ചതോടെ, അപേക്ഷയ്ക്കൊപ്പം ഫീസ് അടയ്ക്കാം. നിലവിൽ കെഎസ്ഇബി ഫീസ് കണക്കാക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നു.
200 മീറ്ററിനപ്പുറം കൂടുതൽ ഉപകരണങ്ങളും പോസ്റ്റും വേണ്ടയിടത്ത് നിലവിലെ നിരക്ക് തുടരും. ഇതും രണ്ടുമാസത്തിനകം പരിഷ്കരിച്ച് ശുപാർശ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് കിലോവാട്ടുവരെ സിംഗിൾ ഫെയ്‌സ് ഗാർഹിക കണക്‌ഷന് ഇനി രണ്ടായിരം രൂപ നൽകണം. ഇതുവരെ അഞ്ചുകിലോവാട്ടുവരെ 1740 രൂപയായിരുന്നു. അഞ്ച് കിലോവാട്ടുവരെയുള്ളത് 1740 രൂപയിൽനിന്ന് 5000 രൂപയാക്കി. ഗാർഹികേതര കണക്‌ഷന് ഒരു കിലോവാട്ടുവരെ 2500 രൂപയും രണ്ട് കിലോവാട്ടുവരെ മൂവായിരം രൂപയും നൽകണം.
ത്രീഫെയ്‌സിൽ അഞ്ചുമുതൽ 10 കിലോവാട്ടുവരെ 4220 രൂപയായിരുന്നു. ഇത് അഞ്ചുമുതൽ ഏഴുവരെ 8000 രൂപയും ഏഴുമുതൽ 10 വരെ 10,000 രൂപയുമായി വർധിപ്പിച്ചു. ത്രീഫെയ്‌സിൽ കിലോവാട്ട് കൂടുന്തോറും ഫീസ് വർധനതോതും ഉയരും. എൽ.ടി. ത്രീഫെയ്‌സിൽ നിലവിൽ 10 മുതൽ 25 കിലോവാട്ടുവരെ 14,420 രൂപയായിരുന്നു. പുതിയ നിരക്കിൽ 10 മുതൽ 30 കിലോവാട്ടുവരെ ഒരു കിലോവാട്ടിന് 1560 രൂപവീതം നൽകണം. 25 കിലോവാട്ടിന് 39,000 രൂപ നൽകണം.








0 comments