print edition ഡിഗ്രി കൂടി പ്രചാരണച്ചൂട്

തിരുവനന്തപുരം: പരസ്യപ്രചാരണത്തിന് പത്തുനാൾമാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് ചൂടിന്റെ ഉച്ചസ്ഥായിയിലേക്ക് കേരളം. നൂറ്റി നാൽപ്പതു മണ്ഡലങ്ങളിലും പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ എൽഡിഎഫിന് തുടക്കം മുതൽ ലഭിച്ച മേൽക്കൈ നിലനിർത്താനായി. ബിജെപിയിലും മറ്റു വർഗീയ കക്ഷികളിലും പ്രതീക്ഷയർപ്പിച്ചാണ് യുഡിഎഫിന്റെ നീക്കങ്ങൾ. ശക്തമായ മത്സരം നടക്കുന്ന ചില മണ്ഡലങ്ങളിലൊഴിച്ചാൽ മറ്റിടങ്ങളിൽ ബിജെപി കാര്യമായി പ്രചാരണരംഗത്തില്ല.
ഭൂരിഭാഗം മണ്ഡലങ്ങളിലും എൽഡിഎഫ് ബൂത്ത് കൺവൻഷനുകളടക്കം പൂർത്തിയാക്കി. സ്ഥാനാർഥികൾ ഇതിനകം മൂന്നു തവണവരെ മണ്ഡലം പൂർണമായും ചുറ്റി. പൊതു പര്യടനങ്ങൾക്കും തുടക്കമായി. അഖിലേന്ത്യാ നേതാക്കളടക്കം പ്രചാരണത്തിനെത്തിയതോടെ എൽഡിഎഫ് ക്യാമ്പുകൾ ആവേശത്തിലാണ്. പൊതുയോഗങ്ങളിലും സ്ഥാനാർഥികളുടെ സ്വീകരണയോഗങ്ങളിലും വൻ ജനക്കൂട്ടമാണ് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, മുതിർന്ന നേതാക്കളായ എസ് രാമചന്ദ്രൻ പിള്ള, ബൃന്ദ കാരാട്ട് എന്നിവർ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നു.
മറ്റ് അഖിലേന്ത്യ നേതാക്കൾ അടുത്ത ദിവസങ്ങളിലായി എത്തും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ 30 മുതൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും. ആനി രാജ, ബിനോയ് വിശ്വം എന്നിവരുടെ പര്യടനം ആരംഭിച്ചു. യുഡിഎഫിനായി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും പ്രചാരണത്തിനെത്തും.
10 നാൾകൂടി പരസ്യ പ്രചാരണം
പോരാട്ടചിത്രം തെളിഞ്ഞതോടെ തെരഞ്ഞെടുപ്പ് ചൂടിന്റെ മൂർധന്യത്തിൽ കേരളം. അടുത്ത പന്ത്രണ്ടാംനാൾ കേരള ജനത വിധിയെഴുതും. പരസ്യപ്രചാരണത്തിന് പത്തുനാൾകൂടി മാത്രമാണ് ശേഷിക്കുന്നത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിനം പിന്നിട്ടതോടെ 140 മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ബാലറ്റുകളുടെ പ്രിന്റിങ് ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി ഇആർഒ തലത്തിൽ വിതരണം ചെയ്യും.
പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നടക്കുന്നു. തപാൽ വോട്ട് 3,4,5 തീയതികളിൽ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും. ഹോം വോട്ടിങ്ങിന്റെ ഫോം വിതരണവും പുരോഗമിക്കുകയാണ്. വോട്ടർപട്ടികയുടെ തീവ്ര പുനപരിശോധനയ്‌ക്കു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ.










0 comments