print edition പവർകട്ടിൽ പ്രാണവായു കിട്ടാതെ വയോധികയ്‌ക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: യുഡിഎഫ് സർക്കാർ വന്നതിനുശേഷമുണ്ടായ പവർകട്ടിന്റെ രക്തസാക്ഷിയായി വയോധിക. ഓക്സിജൻ സിലിൻഡറിൽനിന്ന് പ്രാണവായു സ്വീകരിച്ച് ജീവൻ നിലനിർത്തിവന്ന വെള്ളിക്കോത്ത് അടോട്ട് കൂലോത്തുവളപ്പിൽ പണിക്കർവീട് തറവാട്ടിലെ ചീരുവമ്മ (98)യാണ് വൈദ്യുതിനിലച്ചതിനെത്തുടർന്ന് പിടഞ്ഞുമരിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് മരണം. മൂന്നു മാസമായി വീട്ടിൽതന്നെ ചികിത്സയിൽ കഴിയുകയായിരുന്ന ചീരുവമ്മ ഓക്സിജൻ സിലിൻഡറിൽനിന്ന് മൂക്കിലേക്ക് ഘടിപ്പിച്ച ട്യൂബിലൂടെയാണ് ശ്വാസമെടുത്തിരുന്നത്. ഓക്സിജൻ സിലിൻഡർ പ്രവർത്തിക്കണമെങ്കിൽ വൈദ്യുതി വേണം. പകലും രാത്രിയും അടിക്കടി വൈദ്യുതി നിലയ്‌ക്കുമ്പോൾ ഓക്സിജൻ കിട്ടാതെ ചീരുവമ്മ പ്രാണവായുവിനായി പിടയുന്ന ദയനീയതയെക്കുറിച്ച് ദേശാഭിമാനി ശനിയാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ദിവസങ്ങളായി പലനേരത്തും ഓക്സിജൻ ലഭിക്കാതെ അവശത അനുഭവിച്ചിരുന്നു.
ഭർത്താവ്: പരേതനായ അമ്പു. മകൻ: കെ വി ഭാസ്കരൻ. മരുമകൾ: വെള്ളച്ചി. സഹോദരങ്ങൾ: പരേതരായ കണ്ണൻ കാരണവർ, ചിരുതക്കുഞ്ഞി, കെ വി കുഞ്ഞമ്പു, കുഞ്ഞിരാമൻ.









0 comments