വയോധികനെ വെട്ടി കൊലപ്പെടുത്തി ചാക്കിൽകെട്ടി ഉപേക്ഷിച്ച പ്രതികൾക്ക് ജീവപര്യന്തം തടവ്

ഇടുക്കി: മറയൂരിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്തിയ പ്രതികൾക്ക് ജീവപര്യന്തം തടവ്. മറയൂർ സ്വദേശിയും ജ്യോത്സ്യനുമായ മാരിയപ്പനെ (70) കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച കേസിലാണ് എരുമേലി സ്വദേശി മിഥുൻ (26), മറയൂർ സ്വദേശി അൻപഴകൻ (56) എന്നീ പ്രതികളെ തൊടുപുഴ ജില്ലാ കോടതി ജഡ്ജി പി എസ് ശശികുമാർ ശിക്ഷിച്ചത്. 20,000 രൂപ പിഴയും വിധിച്ചു.
2020 ഫെബ്രുവരി 24 നാണ് കേസിനാസ്പദമായ സംഭവം. മൂവരും ചേർന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും തുടർന്ന് മിഥുനും അൻപഴകന്നും ചേർന്ന് മാരിയപ്പനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിൽകെട്ടി കനാലിന് സമീപം ഉപേക്ഷിച്ചു. സംശയം തോന്നിയ നാട്ടുകാർ ചാക്കുകെട്ട് തുറന്ന് പരിശോധിക്കുമ്പോൾ മൃതദേഹം കണ്ടെത്തിയതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് മാരിയപ്പന്റെ അയൽവാസിയായ അൻപഴകന്റെ വീട് പരിശോധിച്ചപ്പോൾ മുറിയിലും സ്ഥലത്ത് നിന്ന് ലഭിച്ച വസ്ത്രങ്ങളിലും രക്തക്കറ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. മാരിയപ്പന്റെ ദേഹത്ത് 47 ഓളം മുറിവുകളുണ്ടായിരുന്നതായാണ് റിപ്പോർട്ട്. കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കി ഇന്ന് തൊടുപുഴ ജില്ലാ കോടതി വിധി പറയുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പ്രോസിക്യൂട്ടർമാരായ എസ് എസ് സനീഷ്, പി എസ് രാജേഷ് എന്നിവർ ഹാജരായി.










0 comments