കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികൻ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

വടകര: കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികൻ പെട്രോളൊഴിച്ച് തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് തിരുവള്ളൂർ സ്വദേശിയായ ചിരിയ കണ്ടോത്ത് ഇബ്രാഹീം കുട്ടി ഹാജി (71) ആണ് ആത്മഹത്യാശ്രമം നടത്തിയത്. ഡിസിസി സെക്രട്ടറി പഴങ്കാവിലെ തൈവളപ്പിൽ സുധീർ കുമാറിൻ്റെ വീട്ടിലാണ് ഇയാൾ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. സുധീറിൻ്റെ വീട്ടിലെത്തിയ ഇബ്രാഹീം ഹാജി കൈയ്യിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ വടകര ഫയർഫോഴ്സ് തീപ്പൊള്ളലേറ്റ ഇബ്രാഹീമിനെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. പരുക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇബ്രാഹീം എന്തിനാണ് ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. സാമ്പത്തിക ഇടപാടുകളോ വ്യക്തിപരമായ മറ്റെന്തെങ്കിലും കാരണങ്ങളോ ഇതിന് പിന്നിലുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് സൂചന. സുധീറിൻ്റ സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ട് ഇയാൾ നിരവധി തവണ സുധീറിനെ സമീപിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പെട്രോളുമായി ഇയാൾ വീണ്ടും സുധീറിൻ്റ വീട്ടിലെത്തുകയായിരുന്നു.










0 comments