print edition ഏലപ്പാറ ചെമ്മണ്ണിൽ 33 കുടുംബങ്ങൾക്ക് കുടിയിറക്ക് ഭീഷണി

ഏലപ്പാറ ചെമ്മണ്ണ് മൊട്ടലയം പുതുവലിൽ കുടുംബങ്ങളെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥസംഘം
ഏലപ്പാറ: ഏലപ്പാറ ചെമ്മണ്ണ് മൊട്ടലയം പുതുവലിൽ 33 കുടുംബങ്ങൾക്ക് കുടിയിറക്ക് ഭീഷണി. കുടിയിറക്കാൻ ഉദ്യോഗസ്ഥരെത്തിയപ്പോൾ ഗൃഹനാഥന്റെ ആത്മഹത്യാശ്രമം.
ആത്മഹത്യാഭീഷണിയെ തുടർന്ന് കുടിയിറക്ക് നിർത്തിവച്ച് ഉദ്യോഗസ്ഥർ പിൻവാങ്ങി. പുതുവലിൽ പരുത്തിവിള സജിയും(55) കുടുംബാഗങ്ങളുമാണ് കതകടച്ച് വീട്ടിൽ ഒരു മണിക്കൂറോളം ആത്മഹത്യ ഭീഷണി മുഴക്കിയത്.
ഹെലിബറിയ ടീ കമ്പനി നൽകിയ കേസിലുള്ള വിധിയെ തുടർന്നാണ് ബുധൻ പകൽ 12 ഓടെ പീരുമേട് കോടതിയിൽനിന്ന് ആമീനെത്തിയത്. സജി, ഭാര്യ ഗീതാകുമാരി, സമീപവാസി ജോൺസൺ എന്നിവർ ഒഴിയണമെന്നാവശ്യപ്പെട്ടു.
അപ്പോഴാണ് കതകടച്ച് സജി ആത്മഹത്യ ഭീഷണി മുഴക്കിയത്. പീരുമേട് പൊലീസിന്റെ അനുനയ ശ്രമവും വിഫലമായി. ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ ആമീൻ തിരികെ പോയി.
ഹെലിബറിയ ടീ കമ്പനി ഉടമ 1997 മുതൽ പ്രദേശത്തെ താമസക്കാരെ കുടിയൊഴിപ്പിക്കാനുള്ള നീക്കം നടത്തുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഏലപ്പാറ വില്ലേജ് സർവേ നമ്പർ 10/22 ഉൾപ്പെടുന്ന ഭൂമിയിൽ തലമുറകളായി താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയമുണ്ട്. ചില റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കാനുള്ള നീക്കമാണ് തോട്ടം ഉടമ നടത്തുന്നതെന്നും പരാതിയുണ്ട്.
33 കുടുംബങ്ങളിൽ പലരും വിവിധ ഭവന ധനസഹായത്തോടെയാണ് വീടുകൾ നിർമിച്ച് താമസിക്കുന്നത്. ഏഴ് പതിറ്റാണ്ട് മുമ്പ് താമസമാക്കിയ കാളിപ്പെണ്ണമ്മ എന്ന വീട്ടമ്മയ്ക്ക് 1971 ലാണ് പട്ടയം ലഭിച്ചത്.
ഇൗ ഭൂമിക്ക് തോട്ടം ഉടമയുടെ കൈയിലും പട്ടയം ഉണ്ടെന്ന് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ കേസുകളുമുണ്ട്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന മേഖലയാണിത്. ശുഭാനന്ദാശ്രമവും അങ്കണവാടിയും ഇവിടെ പ്രവർത്തിക്കുന്നു.










0 comments