ad
Deshabhimani

ഇലന്തൂർ ആഭിചാരക്കൊല : 
കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു

elanthoor murder
വെബ് ഡെസ്ക്

Published on Apr 09, 2025, 01:25 AM | 1 min read


കൊച്ചി : പത്തനംതിട്ട ഇലന്തൂർ ആഭിചാരക്കൊലക്കേസിൽ പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. തമിഴ്നാട് സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം ജില്ലാ സെഷൻസ്‌ കോടതിയിൽ വായിച്ചത്.

പ്രതികളായ പെരുമ്പാവൂർ സ്വദേശി മുഹമ്മദ്‌ ഷാഫി, ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ്‌, ഭാര്യ ലൈല എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു. കുറ്റപത്രത്തിൽ ഐപിസി 302 (കൊലപാതകത്തിനുള്ള ശിക്ഷ), 397 (മരണമോ ഗുരുതരമായ പരിക്കോ ഉണ്ടാക്കാൻ ശ്രമിക്കുന്ന കവർച്ച, കൊള്ള) എന്നീ വകുപ്പുകൾകൂടി ചേർത്തു. 166 സാക്ഷികളും 147 തെളിവുകളും 307 തെളിവുരേഖകളുമടങ്ങിയ 1600 പേജുള്ള കുറ്റപത്രം 2023 ജനുവരിയിലാണ്‌ സമർപ്പിച്ചത്‌. അതേസമയം, പ്രതികളുടെ വിടുതൽ ഹർജി പരിഗണിച്ചശേഷമേ കുറ്റം ചുമത്തൽ നടപടികൾ ആരംഭിക്കാവൂവെന്ന പ്രതിഭാഗം ഹർജി പരിഗണിച്ചില്ല. കേസ് 30ന് വീണ്ടും പരി​ഗണിക്കും.


2022 സെപ്‌തംബർ 16നാണ്‌ പത്മയെ ഇലന്തൂരിൽ എത്തിച്ച്‌ കൊലപ്പെടുത്തിയത്‌. അതിക്രൂരമായി കൊന്നശേഷം 56 കഷണങ്ങളാക്കി ഭഗവൽസിങ്ങിന്റെ ഇലന്തൂരിലെ പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു. ഒക്ടോബർ 11ന്‌ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്‌തു. കാലടിയിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശി റോസിലിയെ കൊലപ്പെടുത്തിയ കേസിലെ വിചാരണ ഉടൻ ആരംഭിക്കും. റോസിലിയുടെ അസ്ഥികൂടമാണ്‌ കണ്ടെത്തിയിരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home