ad
Deshabhimani

അക്കാദമിക് നിലവാരം ഉയർത്തുന്നതിന് മാസ്റ്റർ പ്ലാൻ ജൂൺ 15നകം: മുഖ്യമന്ത്രി

 PINARAYI VIJAYAN
വെബ് ഡെസ്ക്

Published on Jun 02, 2025, 11:23 AM | 3 min read

ആലപ്പുഴ: അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പുതുവർഷം ഏറ്റവും ശ്രദ്ധിക്കുന്നത് സ്‌കൂളുകളിലെ അക്കാദമിക് നിലവാരത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായിരിക്കുമെന്നും ഇതിനായി ജൂൺ 15 നു മുമ്പ് എല്ലാ സ്‌കൂളുകളും അക്കാദമിക് മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂല്യനിർണയ രീതിയിലും വലിയ മാറ്റം ഉണ്ടാകും.സ്‌കൂൾ സംവിധാനത്തെ ആകെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അറിവിന്റെ തലം വർദ്ധിപ്പിച്ച് അധ്യാപകർ പുതിയ മനോഭാവത്തിലേക്ക് എത്തിച്ചേരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠനനിലവാരം വർദ്ധിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ മാനസികമായ ഉന്നമനവും വിദ്യാഭ്യാസത്തിന്റ ഭാഗമാക്കുമെന്നും എല്ലാ കാര്യങ്ങളിലും സർക്കാർ വിദ്യാർഥികൾക്കൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


2016 ൽ 5 ലക്ഷം കുട്ടികൾ പൊതുമേഖല സ്‌കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയി. ആയിരം സ്‌കൂളുകൾ അനാദായം എന്നുപറഞ്ഞ് പൂട്ടി. അവിടെ നിന്നാണ് 9 വർഷം കൊണ്ട് 5000 കോടി രൂപ ചെലവഴിച്ച് സ്മാർട്ട് സ്‌കൂളുകൾ, സ്മാർട്ട് ക്ലാസ് റൂം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിദ്യാഭ്യാസ ചരിത്രത്തിൽ പുത്തൻ അധ്യായങ്ങൾ എഴുതി ചേർത്തത്. അക്കാദമിക മേഖലയുടെ ഉന്നമനം ലക്ഷ്യം വെച്ച് ഈ വർഷം സമഗ്ര ഗുണമേന്മ വർഷമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങൾ പൂർണമായും അച്ചടിച്ച് കഴിഞ്ഞ അധ്യയന വർഷം പൂർത്തിയാകുമ്പോൾ തന്നെ സ്‌കൂളുകളിൽ എത്തിക്കാനായി എന്നത് ചരിത്രമാണ്.


അറിവ് കുട്ടികളിൽ ആത്മവിശ്വാസം പകരുകയും അതുവഴി ആനന്ദം അനുഭവിക്കാൻ അവസരം ഒരുക്കുകയും ചെയ്യണം. അതാണ് പുതിയ വിദ്യാഭ്യാസ രീതി. വിവേകം, വിമർശനാത്മകത, വിവേചനബുദ്ധി, സ്‌നേഹം, കരുതൽ എന്നിവയെല്ലാം അറിവിന്റെ ഭാഗമാണ്. ഔചിത്യ ബോധത്തോടെ അറിവ് മറ്റുള്ളവർക്ക് കൂടി പകർന്ന് നൽകാൻ കഴിയുന്ന പാഠ്യപദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരുന്ന രണ്ടാഴ്ചക്കാലം ഇത്തരത്തിൽ കുട്ടികളുടെ അഭിരുചികൾ വർദ്ധിപ്പിക്കുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പഴയ അറിവ് പുതുക്കൽ, ലഹരിക്കെതിരെയുള്ള ബോധവൽക്കരണം, ഗതാഗത നിയമങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ, വ്യക്തി ശുചിത്വം, ആരോഗ്യ ശീലം, മൊബൈൽ ഫോൺ ഉപയോഗത്തിലെ വിവേചന ബുദ്ധി, പൊതുമുതൽ സംരക്ഷണം, നിയമങ്ങളെ കുറിച്ചുള്ള അറിവ്, പരസ്പര സഹകരണം തുടങ്ങിയവയാണ് ഈ കാലയളവിൽ പകർന്നു നൽകുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


പൊതുവിദ്യാഭ്യാസം തൊഴിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ മൂന്നു കോടി പാഠപുസ്തകങ്ങൾ അച്ചടിച്ച് സ്‌കൂളുകളിൽ എത്തിച്ചതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുട്ടികളുടെ രചനകൾക്കും പാഠപുസ്തകത്തിൽ ഇടം നൽകി. അധ്യാപകരുടെ സ്ഥലംമാറ്റം കാര്യമായ പരാതികൾ ഇല്ലാതെ ഓൺലൈനായി നടപ്പാക്കാൻ കഴിഞ്ഞതും നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. കൃഷി മന്ത്രി പി പ്രസാദ്, മത്സ്യബന്ധന, സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.


പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർഥിനിയുടെ കവിതയാണ് പ്രവേശനോത്സവ ഗാനമായി തെരഞ്ഞെടുത്തിരുന്നത്. കൊട്ടാരക്കര താമരക്കുടി എസ് വി വി എച്ച്എ സ്.എസിലെ വിദ്യാർഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് ഈ അധ്യയനവർഷത്തെ പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തത്. സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ഭദ്ര ഹരി പ്രവേശനോത്സവത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. മുഖ്യമന്ത്രി പ്രത്യേക ഉപഹാരം ഭദ്രയ്ക്ക് കൈമാറുകയും അൽഫോൺസ് ജോസഫിനെ വേദിയിൽ ആദരിക്കുകയും ചെയ്തു. ചടങ്ങിൽ നവാഗതരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സ്വീകരിച്ചു. ഇവർക്ക് മുഖ്യമന്ത്രി സ്‌കൂൾ ബാഗുകൾ വിതരണം ചെയ്തു.


പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങൾ സംബന്ധിച്ച പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി സജി ചെറിയാന് നൽകി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി പി ചിത്തരഞ്ജൻ എംഎൽഎ, എംഎൽഎമാരായ എച്ച് സലാം, ദലീമ, എം എസ് അരുൺകുമാർ, അഡ്വ. യു പ്രതിഭ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കലക്ടർ അലക്‌സ് വർഗീസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി സംഗീത, റ്റി വി അജിത് കുമാർ, മണ്ണഞ്ചേരി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം എസ് സന്തോഷ്, ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം തിലകമ്മ വാസുദേവ്, ജില്ല ഉപവിദ്യാഭ്യാസ ഡയറക്ടർ ഇ എസ് ശ്രീലത, ഡി പി സി സമഗ്രശിക്ഷ കേരളം എം എസ് വിനോദ്, പിടിഎ പ്രസിഡന്റ് വി വി മോഹൻദാസ്, പ്രിൻസിപ്പൽ എൻ മഞ്ജു, ഹെഡ്മിസ്ട്രസ് എം സൈനബ,വൈസ് പ്രിൻസിപ്പൽ മേരി അഗ്നസ്, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home