print edition സ്‌കൂളുകളുടെ ഫിറ്റ്‌നസ് : പരിശോധനയ്‌ക്ക് തിരക്കിട്ട നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്


ബിജോ ടോമി
Published on Jun 03, 2026, 12:00 AM | 1 min read
തിരുവനന്തപുരം: സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ വീഴ്‌ചയുണ്ടായതായി ശക്തമായ പരാതി ഉയർന്നതോടെ പൊതുവിദ്യാഭ്യാസ വകുപ്പ് അങ്കലാപ്പിൽ. ഇതോടെ സ്‌കൂളുകളുടെ ഫിറ്റ്‌നസ് റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ വകുപ്പ് നിർദേശം നൽകി.
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഡിഇഒമാരും എഇഒമാരും പൊതുവിദ്യാലയങ്ങളിൽ നേരിട്ടെത്തി കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണോ ഫിറ്റ്‌നസ് ലഭിച്ചതെന്ന് ഉറപ്പുവരുത്താനാണ് നിർദേശം. സ്‌കൂൾ തുറക്കുന്നതിന്റെ തലേദിവസംമാത്രം പലരും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഒപ്പിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് തിടുക്കത്തിലുള്ള നടപടികൾ.
സംസ്ഥാനത്ത് ആകെയുള്ള 12,948ൽ 11,920 സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആസിഫ് കെ യൂസഫ് പറഞ്ഞു. അറ്റകുറ്റപ്പണികളും പരിസരങ്ങളുടെ വൃത്തിയാക്കലും പൂർത്തിയാക്കുന്നതോടെ ബാക്കിയുള്ള സ്‌കൂളുകൾക്കും ഫിറ്റ്‌നസ് അനുവദിക്കും. 26 സ്‌കൂൾ കെട്ടിടങ്ങൾ ക്ലാസുകൾ നടത്താനാകാത്ത സ്ഥിതിയിലാണ്.
മുൻവർഷങ്ങളിൽ സ്‌കൂൾ വളപ്പിൽ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ ഉണ്ടോ എന്നതടക്കം പരിശോധിച്ചാണ് ഫിറ്റ്‌നസ് നൽകിയിരുന്നത്. നിർമാണം നടക്കുന്ന കെട്ടിടങ്ങളടക്കം മറയ്‌ക്കണമെന്നും ഇവിടേക്ക് കുട്ടികൾ പ്രവേശിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും മുമ്പ് നിർദേശമുണ്ടായിരുന്നു.










0 comments